മകനെ അമ്മയുടെ സംരക്ഷണയില്‍ വളര്‍ത്താനേല്‍പ്പിച്ച് വയനാട്ടിലെത്തുന്ന വിധവയായ ഒരു അന്തര്‍ജനത്തിന്റെ കഥയാണിത്. ആദ്യമാദ്യം വെള്ളവും ചായയും വിറ്റ് ജീവിതമാരംഭിക്കുന്നു. ഭൂമിവാങ്ങി ഭൂവുടമയാകുന്നു. മകന്‍ വിദ്യാഭ്യാസം കഴിഞ്ഞ് വയനാട്ടിലെത്തുന്നു. എന്നാല്‍ അവന്‍ ഒരു തീവ്രവാദി സംഘത്തിന്റെ ഉപകരണമാകുന്നു. താന്‍ അതുവരെനേടിയ ഭൂമിയും അധ്വാനവും മകന്‍ തിരസ്‌ക്കരിക്കുന്നു. സ്ഥലത്തെ പ്രധാനവ്യാപാരിയെ വധിക്കുന്ന മകന്‍ ജയിലിലാകുന്നു. മകനു ജാമ്യത്തിനുവേണ്ടി നടക്കുന്ന അമ്മ ഭഗ്‌നാശയാകുന്നു. ഒടുവില്‍ അനുജനുമൊത്ത് ആ അന്തര്‍ജനം നാട്ടിലേക്ക് മടങ്ങുന്നു. വത്‌സലയുടെ തന്നെ 'നെല്ല'് എന്ന നോവലിന്റെ തുടര്‍ച്ചയാണിത്. വിപ്‌ളവത്തിന്റെ വ്യത്യസ്തമുഖങ്ങളാണ് ഈ നോവലുകളിലെ കഥാപാത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്.