സമൂഹത്തിന്റെ ബാഹ്യതലങ്ങള്‍ ചിത്രീകരിക്കുമ്പോള്‍തന്നെ വ്യക്തിയുടെ ആന്തരികക്ഷോഭങ്ങളും വ്യക്തിമനസിന്റെ വൈചിത്ര്യങ്ങളും കെ. സുരേന്ദ്രന്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. കേരളത്തിന്റെ തെക്കന്‍ പ്രദേശത്തെ ഒരു ഘട്ടത്തിലെ സാമൂഹികചരിത്രമാണ് 'ജ്വാല' അവതരിപ്പിക്കുന്നത്. ദിവാന്‍ഭരണകാലത്ത് തിരുവനന്തപുരത്ത് താമസിച്ചുകൊണ്ട് കൊട്ടാരത്തിലെ അനീതികളെ സുധീരം എതിര്‍ക്കുകയും സ്വാതന്ത്ര്യത്തിനായി പടവെട്ടുകയും ചെയ്ത കരുണാകരന്‍ നായര്‍ സ്വാതന്ത്ര്യാഭിലാഷത്തില്‍ കത്തിയെരിഞ്ഞ് ജ്വാലയായി മാറുന്ന ആവേശകരമായ കഥയാണ് ഈ നോവലിലുള്ളത്. കരുണന്റെ മാനസികാവസ്ഥ ഈ നോവലിന് സവിശേഷചാരുത പകരുന്നു. ഒരുകാലത്ത് കേരളരാഷ്ട്രീയത്തിലെ സവിശേഷശക്തിയായിരുന്ന പത്രപ്രവര്‍ത്തക സാഹിത്യകാരന്റെ ജീവിതമാണ് ജ്വാലയില്‍ ചിത്രീകരിക്കുന്നത്.