(നോവല്‍)
പി. വത്സല

പ്രശസ്തമായ നോവലാണ് ആഗ്‌നേയം. 1974 ല്‍ രചിക്കപ്പെട്ട ഇ നോവല്‍ എഴുപതുകളിലെ കേരള രാഷ്ട്രീയപ്രതിസന്ധികളെ ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍നിന്ന് ആഖ്യാനം ചെയ്യുന്നു. പ്രതിസന്ധികളെ ശക്തയായി നേരിടുന്ന നങ്ങേമ എന്ന അന്തര്‍ജനമാണ് കേന്ദ്ര കഥാപാത്രം.
നങ്ങേമ എന്ന വിധവയായ യുവതി സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി സഹോദരിയോടൊപ്പം വയനാട്ടിലേക്ക് പോകുന്നു. പാരമ്പര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബ്രാഹ്മണ സമുദായത്തിന്റെ ഒരു ഭാഗമായിട്ടും അതില്‍നിന്നുള്ള എതിര്‍പ്പുകളെ അതിജീവിച്ച് ചെറുതും വലുതുമായ പല ജോലികളും ചെയ്തും മണ്ണിനോട് പടവെട്ടിയും നങ്ങേമ കുടുംബത്തെ സംരക്ഷിക്കുന്നു. കാട്ടാനകളും വന്യമൃഗങ്ങളും പ്രതികൂല കാലാവസ്ഥയും തടസം സൃഷ്ടിക്കുന്നുവെങ്കിലും അവള്‍ അവ മറികടന്നു മുന്നോട്ടു പോകുന്നു . ഉണ്ണി എന്ന മകനെ കോളേജ് വരെ പഠിപ്പിക്കുന്നു. കാലാന്തരത്തില്‍ അവന്‍ നക്‌സല്‍ ആശയങ്ങളില്‍ ആകൃഷ്ടനാകുന്നു. ഉണ്ണി പോലീസ് പിടിയിലാവുകയും ശിക്ഷിക്കപെടുകയും ചെയ്യുന്നത് നങ്ങേമയെ തളര്‍ത്തുന്നുവെങ്കിലും ജീവിതസമരത്തില്‍ തോറ്റുകൊടുക്കാത്ത സ്ത്രീശക്തിയായി അവള്‍ നിലകൊള്ളുന്നു. നക്‌സല്‍ രാഷ്ട്രീയ പരിസരങ്ങളെ നോവല്‍ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. ഡോ. എം.ലീലാവതി ആഗ്‌നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു:’ഇന്നുവരേയ്ക്കും സാഹിത്യത്തില്‍ സ്ത്രീകളെക്കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാന്‍ നങ്ങേമയിലെ അഗ്‌നി ധാരാളം മതിയാകും. മതയുദ്ധങ്ങളുടെ തീയില്‍ പിറക്കുകയും പിന്നീട് നക്‌സലിസത്തിന്റെ അഗ്‌നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്‌നേയം ഒരു നവ ദുരന്തേതിഹാസത്തിനു ജന്മം നല്കുന്നു’