(നോവല്‍)
വിലാസിനി

‘വിലാസിനി’ എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന എം.കെ. മേനോന്‍ 1980ല്‍ പ്രസിദ്ധീകരിച്ച ബൃഹത് നോവലാണ് അവകാശികള്‍. മലയാള നോവല്‍ രംഗത്തെ ഒരു അപൂര്‍വസൃഷ്ടിയാണ് ഇത്. സിംഗപ്പൂരില്‍ ജോലി ചെയ്തിരുന്ന കാലത്ത് താന്‍ കാണുകയും കണ്ടെത്തുകയും ചെയ്ത ജീവിത
സത്യങ്ങള്‍ ആവിഷ്‌കരിക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. നാലുഭാഗങ്ങളിലായി ഏതാണ്ട് 4000 പുറങ്ങളുള്ളതാണ് ഈ നോവല്‍. നോവലില്‍ 40 കഥാപാത്രങ്ങള്‍ ഉണ്ട്. പത്തോളം കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലുടെയാണ് കഥയുടെ ചുരുളഴിയുന്നത്. നാല് തലമുറകളുടെ കഥയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. നാലഞ്ചുമാസംകൊണ്ടാണ് വിവരിക്കുന്ന സംഭവങ്ങള്‍ നടക്കുന്നത്.
നോവലിന്റെ പശ്ചാത്തലം മലേഷ്യയാണ്. തലസ്ഥാനമായ ക്വാലംപുര്‍ കൂടാതെ നോവലിസ്റ്റിന്റെ സാങ്കല്പിക സൃഷ്ടിയായ തന്‍ചാങ് ബസാര്‍ നഗരത്തിലുമാണ് പ്രധാന സംഭവങ്ങള്‍ നടക്കുന്നത്. ഇന്നത്തെക്കാലത്തെ കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും ലൈംഗിക അരാജകത്വം മൂലം ഉണ്ടാകുന്ന
പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് നോവലില്‍ തുറന്നുകാട്ടുന്നത്.
വേലുണ്ണിക്കുറുപ്പിന്റെ വമ്പിച്ച സമ്പത്തു ഭാഗിക്കുന്നതു സംബന്ധിച്ച അവകാശത്തര്‍ക്കമാണ് മുഖ്യകഥാതന്തു. പണക്കൊതിയും അവകാശസ്ഥാപനവ്യഗ്രതയും അതിനു കൈക്കൊള്ളുന്ന നയോപായകൗശലങ്ങളും അവ മനുഷ്യബന്ധങ്ങളില്‍ സൃഷ്ടിക്കുന്ന ഉരസലുകളുമാണ് മുഖ്യമായി പറയുന്നത്.
പുരസ്‌കാരങ്ങള്‍

കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് (1981)
ഓടക്കുഴല്‍ അവാര്‍ഡ് (1981)
വയലാര്‍ അവാര്‍ഡ് (1983)