ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം തിരുവിതാംകൂര്‍ സര്‍ക്കാര്‍ അച്ചുകൂടത്തില്‍ നിന്നും പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ പരമ്പരയായിരുന്നു അനന്തശയന ഗ്രന്ഥാവലി. തിരുവിതാംകൂര്‍ സംസ്‌കൃതഗ്രന്ഥ സീരീസ് എന്ന പേരില്‍ പില്‍ക്കാലത്തു് ഇവ ഭാഷാശാസ്ത്രജ്ഞര്‍ക്കും സംസ്‌കൃതഭാഷാപണ്ഡിതര്‍ക്കും പ്രത്യേക താല്‍പ്പര്യമുള്ള പഠനവസ്തുക്കളായി മാറി. രാജകൊട്ടാരം വക താളിയോല ഗ്രന്ഥശേഖരത്തിന്റെ സൂക്ഷിപ്പുകാരനായിരുന്ന ടി. ഗണപതി ശാസ്ത്രി എന്ന സംസ്‌കൃതപണ്ഡിതനായിരുന്നു ‘അനന്തശയനഗ്രന്ഥാവലി’യുടെ മുഖ്യചുമതലക്കാരന്‍. 1910ല്‍ ഗണപതി ശാസ്ത്രിക്ക് പത്മനാഭപുരത്തിനടുത്തുള്ള മണലിക്കര മഠത്തില്‍ നിന്നും കൂടിയാട്ടത്തില്‍ ഉപയോഗിച്ചിരുന്ന പത്തു സംസ്‌കൃത രൂപകങ്ങളുടെ താളിയോലഗ്രന്ഥങ്ങള്‍ ഒരുമിച്ച് കണ്ടുകിട്ടി. 20 അക്ഷരങ്ങളുടെ പതിപ്പത്തു വരികളുള്ള 105 ഓലകളിലായാണ് ഈ അപൂര്‍വ്വശേഖരം ലഭിച്ചത്. പഴയ മലയാളം ഗ്രന്ഥലിപിയില്‍ എഴുതിയിരുന്ന സംസ്‌കൃതകൃതികളായിരുന്നു ഇവ. 300ലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്നെങ്കിലും ആദ്യത്തെ പന്ത്രണ്ടു താളുകളിലെ ഏതാനും ഭാഗങ്ങള്‍ ഒഴിച്ച് മറ്റെല്ലാ ഓലകളിലേയും എഴുത്തുകള്‍ക്കൊന്നും നാശം സംഭവിച്ചിരുന്നില്ല. സ്വപ്നനാടകം, പ്രതിജ്ഞായൗഗന്ധരായണം, പഞ്ചരാത്രം, ചാരുദത്തന്‍, ദൂതഘടോല്‍ക്കചം, അവിമാരകം, ബാലചരിതം, മദ്ധ്യമവ്യായോഗം, കര്‍ണഭാരം, ഊരുഭംഗം എന്നീ സംസ്‌കൃതനാടകങ്ങളാണ് കണ്ടുകിട്ടിയത്. കടുത്തുരുത്തിക്കടുത്ത് കൈലാസപുരത്തുള്ള ജ്യോത്സനായിരുന്ന ഗോവിന്ദ പിഷാരോടിയില്‍ നിന്നും അഭിഷേകനാടകം, പ്രതിമാനാടകം എന്നീ രണ്ടു നാടകങ്ങള്‍ കൂടി കണ്ടെടുക്കപ്പെട്ടു. മേല്‍പ്പറഞ്ഞവയുടെ അതേ ശൈലിയിലാണ് ഇതും എഴുതപ്പെട്ടത്. ഇങ്ങനെ മൊത്തം പന്ത്രണ്ടു പൂര്‍ണ്ണകൃതികളും ഒരപൂര്‍ണ്ണകൃതിയും ആ ശേഖരത്തില്‍ ഉണ്ടായിരുന്നു. താമസിയാതെത്തന്നെ, സ്വപ്നവാസവദത്തം എന്നു പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ള സ്വപ്നനാടകത്തിന്റെ ഒരു പ്രതിയും പ്രതിജ്ഞായൗഗന്ധരായണത്തിന്റെ ഒരു പ്രതിയും മൈസൂര്‍ എ. അനന്താചാര്യ എന്ന പണ്ഡിതനില്‍ നിന്നും അവിമാരകത്തിന്റെ ഒരു പ്രതിയും, ഹരിപ്പാട് സുബ്രഹ്മണ്യ മൂസ്സതിന്റെ പക്കല്‍ നിന്നും സ്വപ്നവാസവദത്തം, പ്രതിജ്ഞായൗഗന്ധരായണം, അഭിഷേകനാടകം എന്നിവയുടെ കൂടുതല്‍ കയ്യെഴുത്തുകളും കിട്ടി ചെങ്ങന്നൂര്‍ താഴമണ്‍ മഠം കൃഷ്ണന്‍ തന്ത്രിയില്‍ നിന്നും ഗണപതി ശാസ്ത്രിക്ക് ലഭിച്ചു. അദ്ദേഹം ഇവയെല്ലാം പരസ്പരം ഒത്തുനോക്കി പരിശോധിച്ച് ക്രമത്തിലാക്കി ടിപ്പണി സഹിതം തിരുവിതാംകൂര്‍ സര്‍ക്കാര്‍ അച്ചുകൂടത്തില്‍നിന്നും 1912 ഏപ്രില്‍ 11 ന് അനന്തശയനഗ്രന്ഥാവലിയുടെ പതിനഞ്ചാം ഭാഗമായി പ്രകാശനം ചെയ്തു. ‘മഹാമഹിമശ്രീമൂലകരാമവര്‍മ്മകുലശേഖരമഹാരാജന്റെ’ കല്‍പ്പനപോലെ തയ്യാറാക്കി പ്രസിദ്ധീകരിച്ച ഈ ‘ഭാസ’കൃതികള്‍ പിന്നീടു് ട്രിവാന്‍ഡ്രം സംസ്‌കൃത സീരീസ് (പതിനഞ്ചാം ശേഖരം) എന്ന പേരില്‍ ഭാരതത്തിലും പുറത്തുമുള്ള സംസ്‌കൃത, ഭാഷാ പണ്ഡിതന്മാര്‍ക്കിടയില്‍ പ്രസിദ്ധമായി. ഭാസന്‍ എന്ന പൂര്‍വ്വപ്രസിദ്ധനായ നാടകകാരനെക്കുറിച്ച് പുരാതനകാലം മുതലേ പല ഭാരതീയരും പരാമര്‍ശിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റേ കൃതികളൊന്നും ലഭ്യമായിരുന്നില്ല. എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്നു കരുതിവന്ന ഭാസസാഹിത്യസര്‍വ്വസ്വമാണ് മിക്കവാറും പൂര്‍ണ്ണമായി ഒരിടത്തുനിന്നും തികച്ചും ആകസ്മികമായി കണ്ടെടുത്തത്. 13 നാടകങ്ങളില്‍ ആദ്യത്തേത് ഭാസന്റേതെന്ന് സര്‍വസമ്മതമായ സ്വപ്നവാസവദത്തമായിരുന്നു.