മണിപ്രവാളകൃതി
പതിനാലാം നൂറ്റാണ്ടിലെ (കൊല്ലവര്‍ഷം അഞ്ചും ആറും നൂറ്റാണ്ടുകള്‍ക്കിടയ്ക്ക്) തിരുവനന്തപുരം നഗരത്തെ വര്‍ണ്ണിക്കുന്ന ഒരു മണിപ്രവാളകൃതിയാണ് അനന്തപുരവര്‍ണ്ണനം. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് കാവ്യമെന്ന് അനന്തപുരവര്‍ണ്ണനത്തെ വിശേഷിപ്പിക്കാം.അനുഷ്ടുപ്പ് വൃത്തത്തിലാണ് എഴുതിയിട്ടുള്ളത്. 190 പദ്യങ്ങളാണുള്ളത്.തിരുവനന്തപുരത്തെ ക്ഷേത്രങ്ങള്‍, തീര്‍ത്ഥങ്ങള്‍, അങ്ങാടി തുടങ്ങിയവയുടെ വര്‍ണ്ണനമാണ് ഉള്ളടക്കം. വിഷ്ണുവിന്റെ ദശാവതാരവും കവി വര്‍ണ്ണിക്കുന്നു. അങ്ങാടികളെക്കുറിച്ചുളള സുന്ദരമായ വര്‍ണ്ണന അന്നത്തെ സാമൂഹികചുറ്റുപാടുകളെക്കുറിച്ച് മനസ്സിലാക്കാന്‍ ഉതകുന്നു. തുലിംഗര്‍, മാണ്ഡകര്‍, കലിംഗര്‍, ചോനകര്‍ (അറബികളും അവരുടെ സന്തതികളായ മലബാര്‍ മാപ്പിളമാരും), ഗൌഡര്‍, കുടയാരിയര്‍ (തുളുമലയാള ബ്രാഹ്മണര്‍), ചോഴിയര്‍ (ചോളനാട്ടിലുള്ളവര്‍) എന്നിങ്ങനെയുള്ള കച്ചവടസമൂഹങ്ങളെ വിവരിക്കുന്നു. അവര്‍ ക്രയവിക്രയംനടത്തുന്ന നാനാവിധ സാധനങ്ങളെയും കാശ്, തിരമം, പണം എന്നീ നാണയങ്ങളെയും പരാമര്‍ശിക്കുന്നു. ‘മരക്കല’ത്തില്‍ (കപ്പലില്‍) പലമാതിരി ചരക്കുകള്‍ ഇറക്കുമതി ചെയ്യപ്പെട്ടിരുന്നു.
ശ്രീപദ്മനാഭക്ഷേത്രം, ശ്രീകണ്‌ഠേശ്വരക്ഷേത്രം, കാന്തളൂര്‍ ശാല തുടങ്ങിയവയെക്കുറിച്ചുള്ള വര്‍ണ്ണനകളാണ് പിന്നീട്. അഗ്രശാലയിലെ കാഴ്ചകള്‍ ഫലിതരസത്തോടെയാണ് കവി അവതരിപ്പിക്കുന്നത്.
സാഹിത്യഭംഗിയുള്ള ഒരു സ്ഥലവര്‍ണന എന്ന നിലയ്ക്കു മാത്രമല്ല, അക്കാലത്തെ ഭാഷയുടെയും സാഹിത്യത്തിന്റെയും സ്വഭാവം അറിയാന്‍ സഹായിക്കുന്നതുമാണ് ഈ കൃതി. കൂടല്ലൂര്‍ മനയ്ക്കല്‍നിന്നു ലഭിച്ച ഒരേയൊരു ഹസ്തലിഖിത ഗ്രന്ഥത്തെ അവലംബമാക്കി തിരുവനന്തപുരം ഹസ്ത ലിഖിത ഗ്രന്ഥാലയത്തില്‍ നിന്ന് ആദ്യം ഭാഷാ ത്രൈമാസികം മൂന്നും നാലും ലക്കങ്ങളിലൂടെയും പിന്നീട് പ്രത്യേക ഗ്രന്ഥമായും ഇതു പ്രസിദ്ധീകരിച്ചു.

‘തമിഴ് സംസ്‌കൃതമെന്റുള്ള
സുമനസ്സുകള്‍കൊണ്ടൊരു
ഇണ്ടമാല തൊടുക്കിന്റേന്‍
പുണ്ഡരീകാക്ഷപൂജയായ് ‘എന്ന ഇതിലെ എട്ടാമത്തെ പദ്യം ലീലാതിലകത്തില്‍ മണിപ്രവാളലക്ഷണം പരാമര്‍ശിക്കുന്നിടത്ത് ഉദ്ധരിച്ചിട്ടുണ്ട്. ഇന്ദ്രതീര്‍ഥം, ഭൃഗുതീര്‍ഥം, വരാഹതീര്‍ഥം, കണ്വതീര്‍ഥം, സോമതീര്‍ഥം, രാമതീര്‍ഥം, അനന്തതീര്‍ഥം എന്നിങ്ങനെ ഒട്ടേറെ തീര്‍ഥങ്ങളും ആപണശ്രേണിയും വാണിയര്‍ വാണിഭവും കൃതിയില്‍ പരാമര്‍ശീിക്കുന്നു. തീര്‍ഥങ്ങളെല്ലാം അന്നുണ്ടായിരുന്നവയോ കവികല്പിതമോ എന്നു നിശ്ചയമില്ല. അളിയും കിളിയും തമ്മില്‍ കളമായ് വളരിന്റെ നടക്കാവുകളാണ് വര്‍ണനാവിഷയമായിട്ടുള്ള മറ്റൊരു ദൃശ്യം.
ഇന്നു ലുപ്തപ്രചാരങ്ങളായിത്തീര്‍ന്ന നിരവധി പദങ്ങള്‍ ഈ കൃതിയില്‍ കാണാം. ഇണ്ടമാല, പത്തിരം, ചിക്ക്, ചിക്കിരം, നെരിപ്പട, ഇപ്പി, കണ്ടിക, കാര, താരി, മഞ്ച, മഞ്ചണ, കമ്പായു, ഉപയ്ക്കുക (സ്‌നേഹിക്കുക), ചരതിക്കുക (സൂക്ഷിക്കുക), എന്‍ക (എന്നു പറയുക), ഉഴയ്ക്കുക (ബുദ്ധിമുട്ടുക) മുതലായവ. ചൂടിനാ (നീ ചൂടി), കൊടേന്‍ (ഞാന്‍ കൊടുക്കയില്ല) ഇത്യാദി പുരുഷപ്രത്യയം ചേര്‍ത്തു പ്രയോഗിച്ചിട്ടുള്ള ക്രിയാപദങ്ങളും, അനന്തപുരമാളിന്റെ വനന്തനെ എന്നും മറ്റുമുള്ള സന്ധികളും കാണാം. ഭാഷയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ ഉണ്ണിച്ചിരുതേവീചരിതത്തിനും ഉണ്ണുനീലിസന്ദേശത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ഈ കൃതിയുടെ രചനയെന്ന് അനുമാനിക്കാം.
പതിനാലാം ശതകത്തിന്റെ ആരംഭത്തിലാണ് അനന്തപുരവര്‍ണ്ണനം രചിക്കുന്നതെന്ന് ഉള്ളൂര്‍ പറയുന്നു. ആ ശതകത്തിന്റെ ദ്വിതീയപാദത്തില്‍, ഉണ്ണിച്ചിരുതേവീചരിതത്തിനും ഉണ്ണുനീലിസന്ദേശത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ എഴുതിയതാണെന്ന് എന്‍. കൃഷ്ണപിള്ള വിശദീകരിക്കുന്നു. ഈ കൃതിയുടെ രചയിതാവിനെക്കുറിച്ച് അറിവില്ല. മയാശ്രുതം എന്നും മറ്റും മറയുന്നതില്‍നിന്ന് കവി തിരുവനന്തപുരത്തുകാരനല്ലെന്നും ദുസ്സ്, മുസ്രോളിപ്പ് (മൂത്രമൊഴിപ്പ്) മുതലായ വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നതില്‍നിന്ന് ഒരു നമ്പൂതിരിയാണെന്നും മനസ്സിലാക്കാം എന്നാണ് കേരള സാഹിത്യചരിത്രത്തില്‍ ഉള്ളൂര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അനന്തപുരവര്‍ണനം വ്യാഖ്യാനത്തോടുകൂടി ഡോ. കെ. രത്‌നമ്മ പ്രസിദ്ധീകരിച്ചിട്ടുണ്ട്.