നോവല്‍
പാറപ്പുറം, കെ.സുരേന്ദ്രന്‍

മലയാള സാഹിത്യകാരന്മാരായ പാറപ്പുറത്ത്, കെ. സുരേന്ദ്രന്‍ എന്നിവര്‍ എഴുതി പൂര്‍ത്തികരിച്ച ഒരു നോവലാണ് കാണാപ്പൊന്ന്. 1982 ഡിസംബറില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. ഇരട്ട എഴുത്തുകാര്‍ രചിച്ച നോവല്‍ എന്ന ഒരു പ്രത്യേകതയും ഇതിനുണ്ട്. ഈ നോവല്‍ രചിക്കാന്‍ തുടങ്ങിയത് പാറപ്പുറമാണ്. അദ്ദേഹത്തിന്റെ മരണാന്തരം സുഹൃത്തും എഴുത്തുകാരനുമായ കെ. സുരേന്ദ്രനാണ് ഈ നോവല്‍ പൂര്‍ത്തീകരിച്ചത്.
സുന്ദരിയും ധനികകുടുംബാംഗവുമായ റീബ എന്ന പെണ്‍കുട്ടിക്ക്, ചില പ്രത്യേക പരിതഃസ്ഥിതിയില്‍ വിരൂപനായ തോമസ്‌കുട്ടി എന്ന എന്‍ജിനീയറായ യുവാവിനെ, വൈമനസ്യത്തോടെ വിവാഹം കഴിക്കേണ്ടിവരുന്നു. റീബയ്ക്ക് തോമസ്‌കുട്ടിയോടുള്ള വൈമുഖ്യം അവരുടെ വിവാഹജീവിതത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. പിന്നീട്, തോമസ്‌കുട്ടിയുടെ സുന്ദരനായ സൂര്യനാരായണറാവു എന്ന മേലുദ്യോഗസ്ഥനെ പരിചയപ്പെട്ട റീബയ്ക്ക് അയാളിലെ കൗടില്യങ്ങള്‍ ബോധ്യപ്പെടുമ്പോള്‍ തോമസ്‌കുട്ടിയുടെ മനസ്സിന്റെ സൗന്ദര്യം തിരിച്ചറിയാന്‍ സാധിക്കുന്നു.
ദീപിക ആഴ്ചപ്പതിപ്പിന് വേണ്ടി പാറപ്പുറത്ത് എഴുതിത്തുടങ്ങിയ ഈ തുടര്‍നോവലില്‍, റീബ സൂര്യനാരായണറാവുവിനെ പരിചയപ്പെടുന്നതോടെയാണ് പാറപ്പുറത്തിന്റെ മരണം. അതിനകം പതിന്നാല് അധ്യായങ്ങള്‍ പിന്നിട്ടിരുന്നു. പാറപ്പുറത്തിന്റെ മകള്‍ സംഗീതയുടെ സഹായത്തോടെയാണ് കെ. സുരേന്ദ്രന്‍ നോവല്‍ പൂര്‍ത്തീകരിച്ചത്.