ഓര്‍മ്മപ്പക്ഷിയുടെ സഞ്ചാരപഥങ്ങള്‍
(കഥകള്‍)
ജയറാണി റ്റി.
നീമ ബുക്ക്
നിറമുള്ള സ്വപ്നങ്ങളുടെ, നിറവുള്ള ഓര്‍മ്മകളുടെ ചിറകുള്ള സഞ്ചാരപഥത്തിലേക്ക് കാലികപ്രസക്തിയോടെ പറന്നുകയറുന്ന കഥാകാരിയെ ഈ സമാഹാരത്തിലെവിടെയും കാണാം. സ്വാനുഭവാഖ്യാനമായി ഓരോ കഥയും ഉയര്‍ന്നും താഴ്ന്നും പറക്കുമ്പോള്‍ ദേശകാലാതീതമായൊരനുഭൂതിയിലേയ്ക്ക് അനുവാചകരും പറന്നുകയറും. നഷ്ടബോധത്തിന്റെ സീമകളിലൂടെ കഥാകാരിപ്പക്ഷി കണ്ണീരും കിനാവുമായി ചിറകനക്കാനാവാതെ തേങ്ങുന്നതും സ്വയം മുക്തയാകുന്നതും ശ്രദ്ധേയമാണെന്ന് തലയല്‍ മനോഹരന്‍ നായര്‍ സാക്ഷ്യപ്പെടുത്തുന്നു.
അവതാരിക
എം. വിജയകുമാര്‍
മനുഷ്യനെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന ഒട്ടുപശയാണ് സ്‌നേഹമെന്ന തിരിച്ചറിവാണ് ജയറാണിയുടെ കഥകളുടെ ഉറവിടം. വായിക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ആഴങ്ങളിലേക്ക് വായനക്കാരനെ കുട്ടിക്കൊണ്ടുപോകുന്ന തരത്തില്‍ ഒരു കൗതുകം കഥകളിലൊക്കെ ഒളിപ്പിച്ചുവച്ചിട്ടുണ്ടന്ന് നിസ്സംശയം പറയാം. നമ്മളൊക്കെയും നിരന്തരം കാണുന്ന സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്ചകളാണ് ഇതിലെ ഓരോ കഥകളും. ഏറ്റവും ലളിതമായ വാക്കുകള്‍ കൊണ്ട് വലിയ ചിന്തകളിലേക്ക് വായനക്കാരനെ നയിക്കുക എന്ന കാഴ്ചപ്പാട് ജയറാണിയുടെ കഥകളിലൊക്കെയും പ്രതിഫലിക്കുന്നുണ്ട്. മിക്ക സാഹിത്യസൃഷ്ടികളിലും പ്രതിപാദ്യവിഷയമാകുന്ന പ്രധാന വികാരം സ്‌നേഹമാണ്. സ്‌നേഹത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കുന്നതില്‍ കഥാകാരി വിജയിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ തമ്മിലുള്ള സ്‌നേഹവും കുടുംബ ബന്ധങ്ങളിലെ സസ്‌നേഹവും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
സ്‌നേഹത്തിന് പല രൂപാന്തരങ്ങളുണ്ടല്ലൊ. അതിലൊന്നാണ് പ്രണയം. പ്രണയം എപ്പോഴെങ്കിലും മനസ്സില്‍ ആഗ്ര ഹിക്കാത്തവരുണ്ടാകില്ല. ഇന്നത്തെക്കാലത്ത് പ്രണയം കൗമാരക്കരിലെ സ്വാഭാവികമായ പ്രക്രിയയായേ യുവതയ്ക്കു തോന്നൂ. പഴയ തലമുറ അങ്ങനെയായിരുന്നില്ല. പ്രണയത്തില്‍ നിന്നുടലെടുക്കുന്ന ബന്ധങ്ങളും നൊമ്പരങ്ങളും വേര്‍പാടിന്റെ ദുഃഖവുമെല്ലാം രേഖപ്പെടുത്താന്‍ കഥാകാരി ശ്രമിക്കുന്നുണ്ട്. കൊറോണയെന്ന രോഗം ഇന്ന് അത്ര ഭീകരമായി തോന്നുകയില്ലെങ്കിലും ആ രോഗം ഒരു വര്‍ഷക്കാലം നമ്മുടെ നാട്ടില്‍ മാത്രമല്ല ലോകമാകെ ഭീതി പരത്തിയിരുന്നു. ആ കാലഘട്ടത്തില്‍ കൊറോണ രോഗം പിടിപെട്ടയാളുടെ ഭയപ്പെടുത്തുന്ന മാനസികാവസ്ഥ വരച്ചുകാട്ടാന്‍ കഥാകാരിക്കു കഴിഞ്ഞിട്ടുണ്ട്.
പുരോഗമനപരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ എഴുത്തുകാര്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. അതില്‍ത്തന്നെ സ്ത്രീജീവിതങ്ങളെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നത് പുതിയ ലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കാര്യമാണ്. സ്ത്രീ എന്നത് പുരുഷകേന്ദ്രീകൃത ലോകത്തിന്റെ ഉത്പന്നമല്ലെന്ന് ‘എന്തിനോ വേണ്ടിയുള്ള പക’ എന്ന കഥയിലൂടെ ജയറാണി ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. അവഗണനകള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന് പുതിയൊരു ജീവിതത്തിന്റെ ആകാശത്ത് വിശാലമായി പറക്കുന്ന സ്ത്രീയെ ഈ കഥയില്‍ കാണാം. പുതിയൊരു സ്ത്രീപക്ഷ സമൂഹത്തിന്റെ നിര്‍മിതിക്ക് പ്രചോദനമാകുന്ന പുസ്തകമാണിത്. പൊതുവില്‍ സമൂഹത്തിലെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ ഓര്‍ത്തെടുത്ത് പ്രതിഫലിപ്പിക്കുന്നു. കൂടുതല്‍ എഴുതുവാനും വായനക്കാരെ ആകര്‍ഷിക്കാനും ജയറാണിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
ആശംസകളോടെ
എം. വിജയകുമാര്‍

Leave a Reply