(നോവല്‍)
പാറപ്പുറം

പാറപ്പുറം എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന കെ.ഇ.മത്തായിയുടെ പ്രശസ്തനോവലാണ് പണിതീരാത്ത വീട്. 1964ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. നൈനിത്താളിന്റെ പശ്ചാത്തലത്തില്‍
രചിച്ച നോവലില്‍ ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവുംകൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കുകീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കല്‍ത്തറയില്‍ കബറടക്കപ്പെടുന്ന മനുഷ്യജീവിതമാണ് ആവിഷ്‌കരിക്കുന്നത്. തന്റെ സൈനികജീവിതത്തിന്റെ വലിയൊരു പങ്ക് നൈനിത്താളില്‍ ചെലവഴിച്ച പാറപ്പുറത്ത് അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വ്യത്യസ്തമായ പട്ടാളക്കഥ എഴുതുന്നത്.
ആര്‍മി ആഫീസ് ക്ലര്‍ക്കായി സ്വര്‍ഗ്ഗീയസുന്ദരമായ, കുമയൂണ്‍ കുന്നുകളാല്‍ ചുറ്റപ്പെട്ട, നൈനിത്താളിലെത്തുന്ന ജോസ് ജേക്കബിന്റെ അനുഭവങ്ങളിലൂടെയാണ് നോവലിന്റെ ആഖ്യാനം. മെയ്ജൂണ്‍ സീസണില്‍ ആരംഭിച്ച് 1962 ഒക്ള്‍ടോബറിലെ ചൈനീസ് ആക്രമണകാലത്ത് അവസാനിക്കുന്ന ആറുമാസത്തിലാണ് കഥ നടക്കുന്നത്. മാവേലിക്കരനിന്ന് നിലമ്പൂരില്‍ കുടിയേറിയതാണ് ജോസിന്റെ കുടുംബം. അദ്ധ്വാനിക്കാന്‍ തയ്യാറല്ലാത്ത അപ്പന്റെ സ്വഭാവം കാരണം ദാരിദ്ര്യത്തിലാകുന്ന കുടുംബത്തെയും സഹോദരിയെയും കരുതിയാണ് ജോസ് സൈനികസേവനത്തിന് ഇറങ്ങിത്തിരിക്കുന്നത്. സീസണില്‍ സഞ്ചാരികളെത്തുമ്പോള്‍ ശബ്ദായമാനമാകുന്ന നൈനിത്താള്‍ സീസണ്‍ തീരുമ്പോള്‍ അശാന്തമായ നിദ്രയിലാകുന്നു. നൈനിത്താളിലെ ജീവിതങ്ങളുടെ ദുഃഖങ്ങളാണ് അതിന്റെ അശാന്തി.
എങ്ങനെയെങ്കിലും നൈനിത്താള്‍ വിടാന്‍ ആഗ്രഹിക്കുന്ന ജോസ് ഡല്‍ഹിയിലേക്ക് മാറ്റം സ്വീകരിക്കുന്നു. 1962ലെ ചൈനീസ് ആക്രമണാരംഭത്തോടെ യൂണിഫോം ധരിച്ച് യുദ്ധരംഗത്തേക്ക് ജോസ് തീവണ്ടികയറുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്.
1972 ല്‍ പണിതീരാത്ത വീട് കെ.എസ്. സേതുമാധവന്‍ ചലച്ചിത്രമാക്കി. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പാറപ്പുറത്ത് തന്നെയായിരുന്നു. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഗോയേഴ്‌സ് അവാര്‍ഡും ലഭിച്ചു.