വൈക്കം മുഹമ്മദ് ബഷീര്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ നോവലാണ് പാത്തുമ്മയുടെ ആട്. 1959ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നൊരു പേരും ഗ്രന്ഥകര്‍ത്താവ് നിര്‍ദ്ദേശിച്ചിരുന്നു. മാനസിക അസുഖത്തിന് ചികില്‍ത്സയുമായി തലയോലപ്പറമ്പിലുള്ള കുടുംബവീട്ടില്‍ കഴിയവേ 1954ല്‍ ആണ് ബഷീര്‍ ഇത് എഴുതിയത്. എന്നാല്‍ പ്രസിദ്ധീകരിക്കാന്‍ പിന്നെയും അഞ്ചുവര്‍ഷമെടുത്തു.
ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍. ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് ഈ നോവലിലെ പ്രധാന കഥാപാത്രമാണ്.
നോവലിലെ ആഖ്യാതാവ് ‘ഞാന്‍’ ആണ്. നോവലില്‍ പ്രണയമില്ല. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം. സ്ത്രീ സമൂഹം നേരിടുന്ന ദുരിതത്തിന്റെ ചിത്രങ്ങളുമുണ്ട്. ഇവിടെ കുടുംബകഥ സമൂഹത്തിന്റെ കൂടി കഥയാകുന്നു. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ.
ബഷീറിന്റെ രണ്ട് സഹോദരിമാരില്‍ മൂത്തത് പാത്തുമ്മ. പാത്തുമ്മയ്ക്കും ഭര്‍ത്താവ് കൊച്ചുണ്ണിക്കും ഖദീജ എന്നൊരു മകളുണ്ട്. ബഷീറിന്റെ സഹോദരങ്ങളില്‍ തറവാട്ടില്‍ നിന്ന് മാറിത്താമസിക്കുന്നത് പാത്തുമ്മ മാത്രമാണ്. എങ്കിലും എല്ലാ ദിവസവും രാവിലെത്തന്നെ മകളേയും കൂട്ടി അവര്‍ തറവാട്ടിലെത്തും. അവരുടെ വരവ് ഒരു ‘സ്‌റ്റൈലിലാണ്്. പാത്തുമ്മ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട് ‘എന്റെ ആട് പെറട്ടെ ,അപ്പൊ കാണാം’.
പറഞ്ഞിരുന്നതു പോലെ ഒരിക്കല്‍ പാത്തുമ്മയുടെ ആട് പെറ്റു. ആട്ടിന്‍ പാല്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് വീടിന്റെ വാതില്‍ നന്നാക്കുന്നതുള്‍പ്പെടെ പലതും ചെയ്യണമെന്നു പാത്തുമ്മ വിചാരിച്ചിരുന്നു. പക്ഷേ തന്റെ കുടുംബക്കാര്‍ക്കു വേണ്ടി ആടിന്റെ പാല്‍ കൈക്കൂലിയായി പാത്തുമ്മക്ക് ഉപയോഗിക്കേണ്ടി വന്നു. ഒരിക്കല്‍ ബഷീറിനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു. പത്തിരിയും കരള്‍ വരട്ടിയതും വച്ച് സല്‍ക്കരിക്കുന്നു. എന്നാല്‍ പാത്തുമ്മയുടെ മറ്റു സഹോദരങ്ങളായ അബ്ദുല്‍ ഖാദറിനും ഹനീഫക്കും ഇത് സഹിക്കാന്‍ പറ്റുന്നില്ല. പാത്തുമ്മായുടെ ഭര്‍ത്താവ് അവര്‍ക്കു കടപ്പെട്ടിരുന്ന പണത്തിന്റെ പേരില്‍ ഭര്‍ത്താവിനേയും പാത്തുമ്മായേയും മകള്‍ ഖദീജയേയും ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസുകൊടുക്കുമെന്നും ആടിനെ ജപ്തിചെയ്യിക്കുമെന്നും സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് പാത്തുമ്മക്ക് ആട്ടുംപാല്‍ കൈക്കൂലിയായി ഉപയോഗിക്കേണ്ടി വന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ശൈലി മനസ്സിലാക്കാന്‍ നോവലിന്റെ തുടക്കത്തിലെ ഒരു ചെറുഭാഗം ഇവിടെ ചേര്‍ക്കുന്നു:

ങ്ഹു! അങ്ങനെ ഞാന്‍ വീട്ടില്‍ താമസമാക്കി. നിശ്ശബ്ദത, ശാന്തത, പിന്നെ പരിപൂര്‍ണ വിശ്രമവുമാണ് എനിക്കാവശ്യം. ആരോഗ്യം വീണ്ടെടുക്കണം. മനസ്സിന് വിഷമമുണ്ടാക്കുന്ന ശല്യങ്ങളോ ഒച്ചകളോ ഒന്നും ഉണ്ടാവരുത്. പക്ഷേ, ഞാന്‍ ശല്യങ്ങളുടെയും ബഹളങ്ങളുടെയും ഒച്ചകളുടെയും നടുവിലായി! ഒത്ത നടുവില്‍!
ഓല മേഞ്ഞ ഒരു ചെറിയ, രണ്ടുമുറികളും ഒരടുക്കളയും രണ്ടു വരാന്തകളുമുള്ള കെട്ടിടമാണ് എന്റെ വീട്. അതില്‍ ആരെല്ലാമാണെന്നോ താമസക്കാര്‍!
എന്റെ ഉമ്മ, എന്റെ നേരെ ഇളയവനായ അബ്ദുള്‍ ഖാദര്‍, അവന്റെ കെട്ടിയോളായ കുഞ്ഞാനുമ്മ, അവരുടെ ഓമനസന്താനങ്ങളായ പാത്തുക്കുട്ടി, ആരിഫ, സുബൈദ, അബ്ദുള്‍ ഖാദറിന്റെ ഇളയവനായ മുഹമ്മദ് ഹനീഫാ, അവന്റെ കെട്ടിയോളായ ഐശോമ്മ, അവരുടെ ഓമന സന്താനങ്ങളായ ഹബീബ് മുഹമ്മദ്, ലൈലാ, മുഹമ്മദ് റഷീദ്, ഹനീഫായുടെ ഇളയതായ ആനുമ്മ, അവളുടെ കെട്ടിയോനായ സുലൈമാന്‍, അവരുടെ ഓമനസന്താനമായ സൈദുമുഹമ്മദ്, പിന്നെ എല്ലാറ്റിനും ഇളയ അനുജന്‍ അബുബക്കര്‍ എന്ന അബു.
ഇത്രയുമാണ് മനുഷ്യര്‍. ഇവരെക്കൂടാതെയുമുണ്ട് സംഭവങ്ങള്‍. എവിടുന്നോ വന്നു കുടിയേറി ഉമ്മായുടെ അഭയാര്‍ത്ഥികളായി പാര്‍ക്കുന്ന കുറെ പൂച്ചകള്‍; അവരെ പേടിച്ചു മച്ചും പുറത്ത് സദാ ഓടി നടക്കുന്ന കാക്കത്തൊള്ളായിരം എലികള്‍, പുരപ്പുറത്തിരുന്ന് കരഞ്ഞു ബഹളം കൂട്ടുന്ന എറെ കാക്കകള്‍. ഇതിനെല്ലാറ്റിനും പുറമെ എന്റെ ഉമ്മായുടെ സ്വന്തം വകയും വീട് ഭരിക്കുവരുമായ പത്തുനൂറുകോഴികള്‍. അവരുടെ എണ്ണമില്ലാത്ത കുഞ്ഞുങ്ങള്‍. ഇവരെ റാഞ്ചിക്കൊണ്ട് പോയി തിന്ന് ജീവിക്കുന്ന എറിയനും പരുന്തും വൃക്ഷങ്ങളില്‍.
വീട്ടില്‍ എപ്പോഴും നല്ല ഹരമാണ്. ചന്ത കൂടിയ ബഹളം. റഷീദും സുബൈദയും നീന്തിനടക്കാന്‍ തുടങ്ങിയിട്ടില്ല. മുല കുടിക്കാത്ത സമയങ്ങളില്‍ അവരങ്ങനെ നിറുത്താതെ കരയും. നടന്നു തുടങ്ങിയ ആരിഫയും ഒരു കരച്ചില്‍ യജ്ഞക്കാരിയാണ്. അവളെക്കാള്‍ ശകലം പ്രായം കൂടിയ ലൈലയും സൈദുമുഹമ്മദും നല്ല ഒന്നാന്തരം കരച്ചില്‍കാരു തന്നെ. അബിയും പാത്തുക്കുട്ടിയും (ങ്ഹാ, ഹബീബു മുഹമ്മദ് എന്നുള്ള പേര് സ്‌കൂളില്‍ മാത്രമേയുള്ളൂ. വീട്ടില്‍ വിളിക്കുന്നത് അബി. തന്നെത്താന്‍ അവന്‍ പറയുന്നത് ‘മ്പി’. അവനും പാത്തുക്കുട്ടിയും ഒന്നാം ക്ലാസില്‍ പഠിക്കുന്നു.