(നോവല്‍)
എം.ടി. വാസുദേവന്‍ നായര്‍

എം.ടി. വാസുദേവന്‍ നായര്‍ ഹാഭാരത കഥ ആസ്പദമാക്കി രചിച്ച പ്രശസ്ത നോവലാണ് രണ്ടാമൂഴം. നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇതാണ്. അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമന്‍ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന സംഭവങ്ങളും ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു. പലപ്പോഴും സഹോദരന്മാരുടെ
ചിന്തകള്‍ ഭീമന് മനസ്സിലാവുന്നില്ല. കാനന കന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതല്‍ പ്രണയം എന്ന് വായനക്കാരന് സംശയം ഉണ്ടാകുന്നു.
ഭീമന്റെ പിതൃത്വം കഥാന്ത്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. ശക്തനായ ഒരു മകനെ കിട്ടാന്‍വേണ്ടി കാട്ടില്‍ നിന്നും ചങ്ങലയഴിഞ്ഞുവന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന്‍ ഒടുവില്‍ അവിടെയും തോല്‍പ്പിക്കപ്പെടുന്നു. ഒടുവില്‍ ഭാരതയുദ്ധത്തിനു ശേഷം ഹിമാലയം കയറവേ ഓരോ സഹോദരങ്ങളായി വീണുപോവുന്നു. അവരവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്ന യുധിഷ്ഠിരന്റെ വാക്കുവിശ്വസിച്ച് മുന്നോട്ടുനടക്കവേ
ദ്രൗപദിയും വീഴുന്നു. ഇതുകണ്ട് ദ്രൗപദിയെ താങ്ങാന്‍ ഭീമന്‍ തിരിഞ്ഞുനടക്കുന്നു.
1977 നവംബറില്‍ മരണം വളരെ സമീപത്തെത്തി പിന്മാറിയസമയത്ത്, അവശേഷിച്ച കാലം കൊണ്ട് എങ്ങനെയെങ്കിലും എഴുതിതീര്‍ക്കണമെന്ന് ആഗ്രഹിച്ച് എഴുതിയ നോവലാണ് രണ്ടാമൂഴം എന്ന് എം.ടി പറയുന്നു.

പുരസ്‌കാരം

1985 ലെ വയലാര്‍ പുരസ്‌കാരം