രോഗവും സാഹിത്യഭാവനയും
(നിരൂപണം)
കെ.പി. അപ്പന്
ഡി.സി.ബുക്സ് 2004
സാഹിത്യവിമര്‍ശകന്‍ കെ.പി. അപ്പന്റെ കൃതിയാണ് രോഗവും സാഹിത്യഭാവനയും. കുഷ്ഠം മുതന്‍ എയ്ഡ്സ് വരെയുള്ള വിവിധതരം രോഗാവസ്ഥകള്‍ കാലാകാലങ്ങളില്‍ സാഹിത്യലോകത്തിലെ പ്രതിഭകളേയും പ്രസ്ഥാനങ്ങളേയും പ്രചോദിപ്പിക്കുകയും സ്വാധീനിക്കുയും ചെയ്തതെങ്ങനെ എന്ന അന്വേഷണമാണ് ഈ കൃതി. ‘മനുഷ്യനില്‍ വേദനയായി നിറയുന്ന രോഗം’ സാഹിത്യഭാവനയെയും സര്‍ഗശേഷിയെയും ദീപ്തമാക്കുക കൂടി ചെയ്യുന്നെന്ന് ഗ്രന്ഥകാരന് പറയുന്നു. അര്‍ബുദരോഗം ബാധിച്ചുള്ള അപ്പന്റെ മരണത്തിനു നാലുവര്‍ഷം മുന്‍പ് 2004ലാണ് ഇതു പ്രസിദ്ധീകരിച്ചത്.
രോഗങ്ങള്‍ സാഹിത്യപ്രസ്ഥാനങ്ങളുടെ മേല്‍ ചെലുത്തിയ സ്വാധീനത്തിന്റെ പഠനത്തില്‍ തുടങ്ങി മരണത്തെക്കുറിച്ചുള്ള ആത്മകഥാംശം കലര്‍ന്ന പരിചിന്തനത്തില്‍ അവസാനിക്കുന്നു.
കുഷ്ഠം, ക്ഷയം, സിഫിലിസ്, ക്യാന്‍സര്‍, എയ്ഡ്സ് തുടങ്ങിയ രോഗങ്ങള്‍ക്ക് സാഹിത്യപ്രസ്ഥാനങ്ങളുമായുള്ള ബന്ധമാണ് വിഷയം. കുഷ്ഠവും ക്ഷയവും ക്ലാസിസിസവുമായി ബന്ധപ്പെട്ട രോഗങ്ങളായിരുന്നു എന്നു വാദിക്കുന്ന ഗ്രന്ഥകാരന്, ശീലാവതിയുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സിന്റേയും ബൈബിളിലെ അസര്യാരാജാവിന്റേയും കുഷ്ഠരോഗത്തേയും, മഹാഭാരതത്തിലെ വിചിത്രവീര്യന്റെ ക്ഷയരോഗത്തേയും പരാമര്‍ശിക്കുന്നു. തുടര്‍ന്ന് ക്ഷയരോഗത്തിനു തന്നെ കാല്പനികതയുമായും സിഫിലിസിനു റിയലിസവുമായും, ക്യാന്‍സറിന് ആധുനികതയുമായും ബന്ധമുണ്ടെന്നും, എയ്ഡ്സ് ‘ഉത്തരാധുനിക കാലഘട്ടത്തിന്റെ രോഗം’ ആണെന്നും അദ്ദേഹം പറയുന്നു.
ചങ്ങമ്പുഴയുടെ ക്ഷയരോഗം ‘കളിത്തോഴി’ പ്രവചിച്ചിരുന്നു എന്ന ലേഖനത്തില്‍ രോഗത്തിന്റെ സാഹിത്യബന്ധങ്ങള്‍ പരിഗണിക്കുന്നു. ക്ഷയം ബാധിച്ചു മരിച്ച എഴുത്തുകാരായ ചെഖോവ്, ഫ്രാന്‍സ് കാഫ്ക, ജോര്‍ജ് ഓര്‍വെല്‍, ഡി.എച്ച്. ലോറന്‍സ്, കാഥറീന്‍ മാന്‍സ്ഫീല്‍ഡ്, ആന്ദ്രേ ഴീദ്, ചങ്ങമ്പുഴ തുടങ്ങിയവരെ അനുസ്മരിക്കുകയും ചങ്ങമ്പുഴയുടെ ‘കളിത്തോഴി’ എന്ന നോവല്‍ വിശദമായി പരിഗണിക്കുകയും ചെയ്യുന്നു. ക്ഷയരോഗചിത്രങ്ങള് അടങ്ങിയ തോമസ് മന്റെ മാജിക് മൗണ്ടന്‍, ആന്ദ്രേ ഴീദിന്റെ ദുര്‍മ്മാര്‍ഗി എന്നീ രചനകളും ചര്‍ച്ച ചെയ്യുന്നു.
ബഷീറിന്റെ ഭ്രാന്തിനെക്കുറിച്ചുള്ള തന്റെ ‘കിറുക്കന് ചിന്ത’ എന്ന് ഒരു ലേഖനത്തെ ഗ്രന്ഥകാരന് വിശേഷിപ്പിക്കുന്നു. എഴുതുമ്പോള്‍ ബഷീര്‍ സമചിത്തത അനുഭവിച്ചിരുന്നോ എന്ന ചോദ്യത്തിന്, ‘ഇല്ല’ എന്ന മറുപടിയാണു നല്‍കുന്നത്. എഴുതുമ്പോള്‍ ‘യുക്തിയുടെ തുടലഴിയുന്നതിനാല്’ ബഷീറിന്റെ കലാവ്യക്തിത്വം ഭ്രാന്തിലേക്കു സ്വാതന്ത്ര്യം പ്രാപിക്കുകയായിരുന്നു. ‘എന്റെ വലതുചെവിക്കകത്തു കൂടി നോക്കിയാല്‍ ഇടതുചെവിയിലൂടെ മറുവശത്തുള്ള ലോകം മുഴുവന്‍ കാണാം. തലയിണമന്ത്രത്തിന്റെ ഉഗ്രന്‍ ട്രാഫിക്കു മൂലം സംഭവിച്ചതാണത്’ എന്ന ബഷീറിന്റെ വരികളെ ഗ്രന്ഥകാരന്, ‘തികവുറ്റ ഭ്രാന്തും തികഞ്ഞ ഫലിതവും’ ആയി കാണുന്നു.
എയ്ഡ്സും സാഹിത്യഭാവനയും എന്ന ലേഖനത്തില്‍ മ്ലേച്ഛമായ രോഗകാരണങ്ങളുമായി വന്ന് മനുഷ്യനെ നാണം കെടുത്തുന്ന’എയ്ഡ്സിന്റെ സാഹിത്യബന്ധങ്ങളാണ് വിഷയം. ആഫ്രിക്കയെ വിശേഷവിധമായി പിടിച്ചുലച്ച ഈ പകര്‍ച്ചവ്യാധി പശ്ചാത്തലമാക്കി, സിംബാബ്വന്‍ കഥാകൃത്ത് അലസാണ്ടര്‍ കാനന്ഗോണി രചിച്ച ‘അനായാസമായ കണ്ണുനീര്’ എന്ന കഥയുടെ വിശകലനമാണ് വലിയൊരു ഭാഗം.
ഞണ്ടും നക്ഷത്രങ്ങളും എന്ന ലേഖനത്തില്‍ പകര്‍ച്ചവ്യാധികളെപ്പോലെ വംശനാശഭീഷണി ഉയര്‍ത്താതെ, വ്യക്തിയെ ഒറ്റയ്ക്കു പിടിച്ചു നിര്‍മ്മാര്‍ജനം ചെയ്യുന്ന ക്യാന്‍സറിന്റെ ചികിത്സയുടെ നിഷ്ഫലപ്രതിരോധത്തെ ലേഖകന്‍ ഹീനകാര്യമായി കാണുന്നു. ആ രോഗത്തിന് ഇരകളായ ശേഷം സ്വന്തം സൃഷ്ടികളില്‍ അതിനെ വ്യക്തിനിഷ്ഠമായി സമീപിച്ച അമേരിക്കന്‍ എഴുത്തുകാരി സൂസന് സൊന്‍ടാഗ്, സമഗ്രാധിപത്യത്തിന്റെ രൂപകമായി അതിനെ കണ്ട റഷ്യന്‍ എഴുത്തുകാരന് സോഷിനിറ്റ്സന്, മരണത്തേക്കാള്‍ രോഗത്തെ ഭയന്ന മലയാളത്തിലെ കവി കക്കാട് എന്നിവരുടെ പ്രതിഭയെ അതു സ്വാധീനിച്ച വിധവും ചര്‍ച്ച ചെയ്യുന്നു.
സാഹിത്യലോകത്തിലെ മഹാപ്രതിഭകളുടെ രോഗവീക്ഷണത്തിന്റെ അവലോകനമാണ് മറ്റൊരു ലേഖനം. മാനുഷികാനുഭവത്തിന്റെ കേന്ദ്രം രോഗമാണെന്നു വിശ്വസിച്ചിരുന്ന തോമസ് മന്റെ ‘രോഗനിദാനസാഹിത്യം’ ഇതില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ക്ഷയപ്പനിയില് ശരീരം എരിഞ്ഞുതീരുന്നതിന്റെ ചുട്ടുപഴുത്ത തിളക്കത്തെക്കുറിച്ചെഴുതിയ തോറോ, രോഗശയ്യയില്‍ കിടന്ന് ദീര്‍ഘനോവല്‍ എഴുതിയ പ്രൂസ്ത്, ഇവാന് ഇല്ലിച്ചിന്റെ മരണം വിവരിച്ച ടോള്‍സ്റ്റോയ് എന്നിവരുടെ ചിന്തകളും, എം.ടി., കാക്കനാടന്, ഒ.വി. വിജയന് തുടങ്ങിയവരുടെ രചനകളിലെ പകര്ച്ചവ്യാധിച്ചിത്രങ്ങളും ചര്‍ച്ചചെയ്യുന്നു.
മരണത്തെ സംബന്ധിച്ച ആത്മകഥാംശമുള്ള ചിന്തകളാണ് മറ്റൊന്നില്‍.നമ്മുടെ ശരീരത്തില്‍ മരണമല്ലാതെ മറ്റൊന്നുമില്ലെന്ന മാര്ട്ടിന് ലൂഥറുടെ മതം അനുസ്മരിച്ചാണ് തുടക്കം. മരണത്തില്‍ അന്തസ്സും ‘വ്യാകുലമായൊരു സൗന്ദര്യവും’ കാണുന്നു അപ്പന്. രോഗം ക്ഷണികമായൊരു കാലത്തിലേക്കും അപമാനത്തിലേക്കും ജീവിതത്തെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍, ‘മൗനത്തേക്കാള്‍ നിശ്ശബ്ദമായ’ മരണത്തിന്റെ സ്പര്‍ശം നമ്മെ അനന്തതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും കൊണ്ടുപോകുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
Leave a Reply