പട്ടാളത്തിന്റെ മുന്നണിയില്‍ പണിയെടുക്കുന്ന സിഗ്‌നല്‍മാന്‍മാരുടെ ജീവിതാനുഭവങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന നോവലാണിത്. ഭൂട്ടാന്റെ അതിര്‍ത്തിക്കുതാഴെ ഛാല്‍സയ്ക്കടുത്ത് കുന്നുകളിലും താഴ്‌വരകളിലും താവളമടിച്ചിരുന്ന ഇന്ത്യന്‍ സൈന്യം ചൈനയുമായുള്ള യുദ്ധത്തില്‍ പിന്‍വാങ്ങേണ്ടി വരുന്നു. നിസ്‌സഹായരായ ഇന്ത്യന്‍ പട്ടാളക്കാരുടെ ബ്രിഗേഡിയറെ പിരിച്ചയച്ചുകൊണ്ട് പ്രതിരോധവകുപ്പ് സ്വന്തം അനാസ്ഥയ്ക്ക് പ്രായച്ഛിത്തം ചെയ്യുന്നു. അഭ്യാസവും ആയുധവും നേതൃത്വവുമില്ലാതെ ഭാരതത്തിന്റെ ആന്തരപൗരുഷം തകര്‍ന്നുപോയിരിക്കുന്നു. ക്യാപ്റ്റന്‍ പ്രഭാകരന്‍, ബ്രിഗേഡിയര്‍ നരേന്ദ്രപാല്‍സിംഗ്, സിഗ്‌നല്‍മാന്‍ രാജന്‍, ശശി, ശോഭ, ഡ്രൈവര്‍ തോമസ്, ക്യാപ്റ്റന്‍ നായര്‍, പേടമാന്‍ കണ്ണുള്ള അലി സഹീര്‍, മഹേന്ദ്രന്‍ സിംഗ്, ഹരിഹരന്‍ എന്നിങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍ ഈ നോവലില്‍ നിറയുന്നു. അന്യവല്‍ക്കരണവും അപമാനവീകരണവും ശക്തിയോടെ ഈ നോവലില്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്.