ലോകപ്രശസ്ത ലെബനീസ് കവിയും ദാര്‍ശനികനും ചിത്രകാരനുമായിരുന്ന ഖലീല്‍ ജിബ്രാന്‍ 1923ല്‍ ഇംഗ്ലീഷില്‍ എഴുതിയ കാവ്യോപന്യാസ സമാഹാരമാണ് പ്രവാചകന്‍. 26 കാവ്യോപന്യാസങ്ങളാണ് ഈ പുസ്തകത്തില്‍. ഖലീല്‍ ജിബ്രാന്റെ മാസ്റ്റര്‍ പീസ് ആണിത്. ഒട്ടേറെ ഭാഷകളിലേക്ക് പ്രവാചകന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .
പുസ്തകത്തില്‍ നിന്നൊരു ഭാഗം
    കുഞ്ഞിനെ ഒക്കത്തേറ്റി നില്‍ക്കുന്ന ഒരു അമ്മ പ്രവാചകനോട് പറഞ്ഞു: 'ഞങ്ങളോട് കുഞ്ഞുങ്ങളെക്കുറിച്ച് പറയുക'. പ്രവാചകന്‍ പറഞ്ഞു: 'നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, ജീവിതത്തിന്, സ്വന്തം നില്‍നില്‍പ്പിനോടുള്ള പ്രണയത്തില്‍ നിന്ന് ജനിച്ച കുട്ടികളാണവര്‍. നിങ്ങളിലൂടെയെങ്കിലും അവര്‍ വരുന്നത് നിങ്ങളില്‍ നിന്നല്ല. നിങ്ങളോടൊപ്പമെങ്കിലും അവര്‍ നിങ്ങള്‍ക്ക് സ്വന്തമേയല്ല. അവര്‍ക്ക് നിങ്ങളുടെ സ്‌നേഹം നല്‍കാം; പക്ഷേ നിങ്ങളുടെ ചിന്തകള്‍ അരുത്, എന്തെന്നാല്‍ അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങള്‍ സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് വീടുകളൊരുക്കാം. പക്ഷേ അവരുടെ ആത്മാക്കളെ നിങ്ങള്‍ക്ക് കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാല്‍ നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കള്‍ വസിക്കുന്നത്. അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാന്‍ ആഗ്രഹിക്കരുത്. എന്തെന്നാല്‍ ജീവിതം ഒരിക്കലും പുറകിലേക്ക് പറക്കുന്നില്ല. നിങ്ങള്‍ വില്ലാണെങ്കില്‍ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന അമ്പുകളാണ് കുട്ടികള്‍. വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകള്‍ ലക്ഷ്യം കാണൂ. അതിനായി ഉള്ളില്‍ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക.'