(കവിത)
ജി.ശങ്കരക്കുറുപ്പ്

മലയാളത്തിലെ നിസ്തുലമായ ഒരു കാവ്യമാണ് മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ വിശ്വദര്‍ശനം. ഒരു സന്ധ്യാവേളയിലെ പ്രകൃതിധ്യാനം കവിയുടെ മുന്നില്‍
തുറന്നുകൊടുക്കുന്ന ദര്‍ശനത്തിന്റെ അപാരതയാണ് അനുഭവപ്പെടുത്തുന്നത്. അനന്തവികസ്വരമായ പ്രപഞ്ചാദികന്ദത്തെ പിന്തുടരുന്ന കവി, വിശ്വപ്രകൃതിയുടെ
ഓരോ അടരും ഭേദിച്ച് പ്രപഞ്ചചേതനയുടെ ഭീകരമനോഹരദര്‍ശനം സാധ്യമാക്കുന്നതായി ജിയുടെ കവിതകളെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള ഡോ.ഡി.ബഞ്ചമിന്‍
പറയുന്നു. ആ മഹാപ്രഭാവത്തിന്റെ സന്നിധിയില്‍ നില്‍ക്കുമ്പോള്‍, താനും താനുള്‍പ്പെടുന്ന മാനുഷ്യകവും എത്ര നിസ്സാരവും ക്ഷുദ്രവുമാണെന്ന് കവി
മനസ്സിലാക്കുന്നു. ഗോളാന്തര യാത്ര നടത്തിയ മനുഷ്യന്റെ അഹന്തയും അവന്റെ വെല്ലുവിളികളും വീമ്പിളക്കലുകളും കവിയില്‍ ആത്മനിന്ദ ഉളവാക്കുന്നു.
”പോഴിയായ് തെണ്ടിച്ചുറ്റി നടക്കുന്ന വെറുമൊരു ജിപ്‌സിപ്പെണ്ണാണ്” ഊഴിയെന്നും അതിന്റെ ഉത്തരീയത്തില്‍ കെട്ടിയിരിക്കുന്ന നിസ്സഹായനായ ശിശു മാത്രമാണ്
താനെന്നും കവി തിരിച്ചറിയുന്നു.