meera k r

തൃശൂര്‍: പ്രശസ്ത നോവലിസ്റ്റ് കെ.ആര്‍. മീര എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കെ.ആര്‍. മീരയുടെ ‘കലാച്ചി’ എന്ന നോവല്‍ ഹരിത സാവിത്രിയുടെ ‘സിന്‍’ എന്ന നോവലിന്റെ കോപ്പിയടിയാണെന്ന് ആരോപിച്ച് ഹരിത സാവിത്രി ഫേസ്ബുക്കിലും മാധ്യമങ്ങളിലൂടെയും പോസ്റ്റുകളും പ്രതികരണങ്ങളും നടത്തിയിരുന്നു

K R Meera

2026 മേയ് 5-ന് ഹരിത പങ്കുവച്ച പോസ്റ്റും തുടര്‍ന്നുള്ള ഇടപെടലുകളും തന്റെ നോവലിന്റെ മൗലികതയെ ചോദ്യം ചെയ്യുകയും പ്രതിച്ഛായയ്ക്ക് ഗുരുതരമായ ക്ഷതം വരുത്തുകയും ചെയ്തുവെന്ന് മീര പരാതിയില്‍ പറയുന്നു. ‘കലാച്ചി’യുടെ ആശയം 2013-ല്‍ രൂപപ്പെട്ടതാണെന്നും 2020 മുതല്‍ പ്രസിദ്ധീകരിച്ചതാണെന്നും മീര ചൂണ്ടിക്കാണിച്ചു.

അഡ്വ.എന്‍.കെ. ഉണ്ണികൃഷ്ണന്‍ മുഖേനയാണ് കെ.ആര്‍.മീര കോടതിയെ സമീപിച്ചത്. പരാതി സ്വീകരിച്ച കോടതി, മീരയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി കേസ് 2026 നവംബര്‍ 7-ലേക്ക് മാറ്റി.
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജശ്രീ രാജ്‌ഗോപാലിന്റെ കോടതിയിലാണ് പരാതി സമര്‍പ്പിച്ചത്.
‘കലാച്ചി’ എന്ന നോവലിന്റെ ആശയം 2013 മുതല്‍ രൂപപ്പെട്ടതാണെന്നും 2020 നവംബര്‍ 16 മുതല്‍ ‘ട്രൂകോപ്പി തിങ്കി’ല്‍ ഇതേ പേരില്‍ നോവലിന്റെ ആദ്യ ആറ് അധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. നോവലിലെ കഥാപാത്രങ്ങളും പശ്ചാത്തലവും പ്രധാന പ്രമേയങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പൊതുസമൂഹത്തിന് ലഭ്യമായിരുന്നുവെന്നതിന് രേഖകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.