ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ 2020ലെ ഏഷ്യപസഫിക് ‘സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം. ലണ്ടന്‍ ആസ്ഥാനമായുള്ള ‘ദി ബാങ്കര്‍’ മാസികയാണ് പുരസ്‌കാരം നല്‍കുന്നത്. ആവര്‍ത്തിച്ചുള്ള സാമ്പത്തിക മാന്ദ്യവും 2019ല്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് അഞ്ച് തവണ വെട്ടിക്കുറച്ചതുപോലുള്ള നിലവധി വെല്ലുവിളികളും നേരിട്ട ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ കൈകാര്യം ചെയ്തതിനുള്ള ബഹുമതിയായാണ് ദാസിനെ ‘ഏഷ്യപസഫിക് സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുത്തത്. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി നിയമിച്ചത്. 2016ല്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ കൊണ്ടുവന്നപ്പോള്‍ അതിനെ പൂര്‍ണമായി പിന്താങ്ങുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യാന്‍ ശക്തികാന്ത ദാസ് സര്‍ക്കാറിനൊപ്പമുണ്ടായിരുന്നു. 1980ലെ തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ദാസ് മുന്‍ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറികൂടിയായിരുന്നു.