വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം സിനിമയ്ക്ക് രാജ്യാന്തര പുരസ്‌കാരം. പോര്‍ട്ടോറിക്കോയിലെ അഞ്ചാമത് ഭായാമോണ്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പരീക്ഷണ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ഈലം സ്വന്തമാക്കിയത്. ഇത് ആദ്യമായാണ് ഒരു മലയാളസിനിമയ്ക്ക് ഈ മേളയില്‍ അംഗീകാരം ലഭിക്കുന്നത്. തമ്പി ആന്റണിയും കവിത നായരുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇന്ത്യയില്‍ നിന്നും ആദ്യമായാണ് ഒരു ചിത്രം എക്‌സ്പിരിമെന്റല്‍ വിഭാഗത്തിലേക്ക് ഇവിടെ മത്സരിക്കുന്നത്. പോളണ്ട് ,ഇറാക്ക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നൊസ്റ്റാള്‍ജിയ വിതൗട് ഡിലെ ,റഹ്ഹാല എന്നീ സിനിമകള്‍ ആണ് ഈ വിഭാഗത്തില്‍ മത്സരിച്ചത്. 1200 സിനിമകളില്‍ നിന്നാണ് ഈലം തിരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് റോം ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവല്‍ , ഇറ്റലി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും ഈലം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രിസ്മ അവാര്‍ഡും ലഭിച്ചിരുന്നു. ഫെബ്രുവരിയില്‍ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യും.