കേരളോല്പത്തി
കുലശേഖരനോളം വാണ പെരുമാക്കന്മാർ:
ബ്രാഹ്മണർ പരദേശത്തു ചെന്നു ഉത്തരഭൂമിയിങ്കൽനിന്നു തുളഭൻ പെരുമാളെ കൂട്ടിക്കൊണ്ടു പോന്നു, ആ പെരുമാൾ ഗോകർണ്ണത്തിൽനിന്നു തുടങ്ങി പെരുമ്പുഴയോളമുള്ള നാടു കണ്ടപ്പോൾ, ഈ രാജ്യം തന്നെ നല്ലു എന്നു വിചാരിച്ചു, കൊടീശ്വരം എന്ന പ്രദേശത്തു എഴുന്നെള്ളി, ആ ഗ്രാമത്തിലുള്ള ബ്രാഹ്മണരോടിരിക്കയും ചെയ്തു. അവിടെ വാഴുക കൊണ്ടു തുളുനാടു എന്നു പറവാൻ കാരണം, ൬ സംവത്സരം പരിപാലിച്ചതിന്റെ ശേഷം, ആ പെരുമാളുടെ സ്വർഗ്ഗാരോഹണം. പിന്നെ ഇന്ദ്രപെരുമാളെ കൂട്ടിക്കൊണ്ടു പോന്നു വാഴ്ച കഴിച്ചു, അല്ലൂർ പെരിങ്കോവിലകം എന്നു കല്പിച്ചു, അവിടെ സമീപത്തു ൪ കഴകത്തിന്നും നാലു തളിയും തീർത്തു, ആ പരപ്പുമുമ്പെ ൧ എഴുതിയതു: തളിയാതിരിമാർ പെരുമാളുമായി കൂടി പല തളിയിലും അടിയന്തരമായിരുന്നു, പന്തീരാണ്ടു നാടു പരിപാലിച്ചതിന്റെ ശേഷം ഇന്ദ്രൻ ആസ്ഥാനത്തു മറ്റൊരുത്തരെ വാഴിപ്പാൻ കൽപ്പിച്ചു, പരദേശത്ത് എഴുന്നെള്ളുകയും ചെയ്തു. പിന്നെ ആർയ്യപുരത്തിങ്കൽ നിന്നു ആർയ്യപ്പെരുമാളെ കൂട്ടിക്കൊണ്ടു വന്നു വാഴ്ച കഴിച്ചു, ആർയ്യപ്പെരുമാൾ കേരളരാജ്യം ൧൬0 കാതം നാടു നടന്നു നോക്കി കണ്ടെടുത്തു, ഗോകർണ്ണം തുടങ്ങി തുളുനാട്ടിൽ പെരുമ്പുഴയോളം തുളുരാജ്യം എന്നു കല്പിച്ചു. പുതുപട്ടണം തുടങ്ങി കന്നെറ്റിയോളം മൂഷികരാജ്യം എന്നു കല്പിച്ചു. കന്നെറ്റി തുടങ്ങി കന്യാകുമാരിയോളം കൂവളരാജ്യം എന്നു കല്പിച്ചു, ഇങ്ങനെ ആ നാടു കൊണ്ടു ൪ ഖണ്ഡം ആക്കി, അതു കൊണ്ടു ൧൭ നാടാക്കി, ൧൭ നാടുകൊണ്ടു ൧൮ കണ്ടം ആക്കി, ഓരൊരോ ദേശത്തിന്ന് ഒരോ പേരുമിട്ട്, ഓരോരൊ ദേശത്ത് ദാനവും ധർമ്മവും കല്പിച്ചു. ബ്രാഹ്മണരെ ആനന്ദിപ്പിച്ചു, നാലു കഴകത്തു ൪ തളി തീർത്തു. ൪ തളിയാതിരിമാരുമായി അടിയന്തരം ഇരുന്നു; നാടു പരിപാലിച്ചശേഷം, ൫ ആണ്ടു ചെല്ലുമ്പോൾ, സ്വർഗ്ഗത്തിങ്കൽ നിന്നു ദേവകൾ വിമാനം താഴ്ത്തി, പെരുമാൾ സ്വർഗ്ഗത്തിങ്കൽ എഴുന്നെള്ളുകയും ചെയ്തു. ബ്രാഹ്മണർക്കു മനഃപീഡ വളരെ ഉണ്ടായതിന്റെ ശേഷം, ബ്രാഹ്മണർ പരദേശത്തു ചെന്നു കുന്ദൻ പെരുമാളെ കൂട്ടി കൊണ്ടുപോന്നു വാഴ്ചകഴിച്ചു. അപ്പെരുമാൾ കന്നെറ്റി സമീപത്തിങ്കൽ വന്ദിവാകക്കൊവിലകം തീർത്തു. ൪ ആണ്ടു വാണ ശേഷം പരദേശത്തു തന്നെ എഴുന്നെള്ളുകയും ചെയ്തു. പിന്നെ കൊട്ടി പെരുമാളെ കൂട്ടി കൊണ്ടു പോന്നു വാഴ്ച കഴിച്ചു, ആ പ്രദേശം കൊട്ടിക്കൊല്ലം എന്ന പേരുണ്ടായി, ഒരു സംവത്സരം നാടു പരിപാലിച്ചു സ്വർഗ്ഗാരോഹണമായതിന്റെ ശേഷം.
മാട പെരുമാളെ കൂട്ടി കൊണ്ടു പോന്നതിന്റെ ശേഷം൧൧ സംവത്സരം വാഴുമ്പോൾ, അവിടെ ഒരു കോട്ടപ്പടി തീർക്കേണം എന്നു കല്പിച്ചു, തന്റെ അനുജൻ എഴിപ്പെരുമാളെ വരുത്തി പരദേശത്ത് എഴുന്നെള്ളിയ ശേഷം, എഴിപ്പെരുമാൾ അവിടെ ഒരു കോട്ടപ്പടി തീർത്തു മാടയെഴികോട്ട എന്നും പേരിട്ടു. ൧൨ ആണ്ടു വാണ ശേഷം ആ പെരുമാളുടെ സ്വർഗ്ഗാരോഹണം പരദേശത്തു തന്നെ എഴുന്നെള്ളുകയും ചെയ്തു.
Leave a Reply