രക്ഷാപുരുഷന്മാർക്കു ൪ വസ്തു പ്രധാനം: കണം, കളിക്കൂട്ടം, സംഘലക്ഷണം, അതു ൩ മുമ്പെ ഉണ്ടു. തിരുനാവായെ കൊടിനാട്ടുക നാലാമതായുണ്ടായി, കളിക്കൂട്ടം നാലു വർണ്ണവും കൂടി വേണ്ടു, കളിക്കൂട്ടം കിടാക്കൾ പ്രദക്ഷിണം ചെയ്യുമ്പൊൾ, ഒരു ബ്രാഹ്മണൻ ചേർമങ്ങലം പിടിച്ചു പ്രദക്ഷിണം ചെയ്യേണ്ടു, തളിയാതിരിമാർ ൩ വർണ്ണത്തോടും സമയം ചെയ്യുംപോൾ, അവർ ചെയ്യുംകർമ്മം കൂട ചെയ്യുമാറു എന്നു സമയം ചെയ്തു. ശേഷം രക്ഷാപുരുഷന്മാർ സമയം ചെയ്തപ്പോൾ ബ്രാഹ്മണർ ചെയ്യുന്ന കർമ്മത്തിങ്കൽ മറ്റ ൩ വർണ്ണവും ചെയ്യാം, എന്നു ൨ വട്ടം ഉണ്ടെന്നും ൩ വർണ്ണത്തോടും സമയം ചെയ്തു; ൨ കൂടിയെ തികയും. പറവു വൈശ്യകഴകം അവിടെ വൈശ്യനോടും ക്ഷത്രിയകഴകമാകുന്ന മൂഷികക്കളത്ത് ക്ഷത്രിയനോടും, യാഗത്തിനുള്ള ഇരിങ്ങാണിക്കൂടയിൽ ബ്രാഹ്മണനോടും, ശൂദ്രകഴകമാകുന്ന ഐരാണിക്കുളത്ത് ശൂദ്രനോടും, സമയം ചെയ്യും. അതിന്നാധാരമാകുന്ന ശൂദ്രൻ ബ്രാഹ്മണന്റെ ബലിക്കൂറ്റിൽ കൂട ബലി ഇടേണം. എന്നിട്ടു രക്ഷാപുരുഷന്മാർ തിരുനാവായെക്കെഴുന്നെള്ളി, വിളിച്ചു ചൊല്ലിയപ്രകാരം, തട്ടു കയറി കൊടി നാട്ടി കൊടിക്കൽ പാട്ടു പാടി, തട്ടിന്മേൽ നിന്നു വൈലാൽ ശുദ്ധമായ പ്രകാരം വിളിച്ചു ചൊല്ലി കൊടിക്കൽ പാട്ടാകുന്നതു, “സഭ്യാഃശ്രാവത പണ്ഡിതാഃ കവികളെ, മാന്യാഃമഹാലോകരെ, വിപ്രാഃസജ്ജനസംഘരെ, ശപതയാഃ പ്രൌഢാശ്ച ഭൂപാലരെ, ചൊല്ലുന്നെങ്ങളെ തൂരുപൂരടെതെന്ന എന്നിങ്ങിനെ എല്ലാവരും ചെവി തന്നു കേൾക്ക നിതരാം, എല്ലാർക്കും എഷൊഞ്ജലിഃ” ഈ കൊടിക്കൽ പാട്ടു ബഹുളധൂളി എന്ന രാഗത്തിൽ പാടേണ്ടു, രക്ഷാപുരുഷന്മാർ പുറപ്പെടുമ്പോൾ, പൂണുനൂൽ ഇറക്കെണം ആയുധമെടുക്കുമ്പോൾ, ശേഷം കണം ഇരിക്കും പ്രകാരം പറയുന്നു, കണമിരിപ്പാൻ മറ്റൊരു സമ്പത്തിന്നും കൂടി സ്വർത്ഥമുള്ള ക്ഷേത്രത്തിന്നരുതു. ൬ സംഘത്തിൽ ഒന്നു കണമിരുന്നു എന്നു കേട്ടു അന്യസംഘം ക്ഷണിപ്പാൻ ഭാവിക്കുമാറില്ല; കണമിരിപ്പാൻ തുടങ്ങുംപോൾ രക്ഷാപുരുഷന്മാരോട് കൂടി അരങ്ങും അടുക്കളയും സംശയമുള്ളവർ കൂടെ ഇരിക്കുമാറില്ല. കണമിരിപ്പാൻ പുറപ്പെടുമ്പോൾ തന്റെ തന്റെ കണപ്പുറത്ത കണത്തിന്ന് അധികാരികളായവരെ ഓരെടത്തു യോഗം വരുത്തി, തന്റെ യജമാനന്മാരെയും കൂറ്റുകാരെയും പ്രഭുക്കളെയും അറിയിച്ചു, അവരുടെ സമ്മതത്താൽ കണപ്പുറത്തുള്ളവർ ഒർക്ക വേണം. അരങ്ങടുക്കള സംശയമുള്ള ആളുകളെ ഒഴിച്ചുള്ള ആളുകൾ ഇന്ന ദിവസം ഇന്ന ക്ഷേത്രത്തിൽ കണമിരിക്കുന്നു എന്ന വ്യവസ്ഥ വരുത്തിയാൽ മറ്റൊരിടത്തു തലനാളെ രാവു വന്നു സംഘമുടയ യജമാനൻ വിളക്കു വെച്ചു ഓരോരുത്തനെ വേറെ ഇരുത്തി വരിച്ചു കൈപിടിച്ചു ഒക്കത്തക്ക കുളിച്ചുണ്ടു ചന്ദനവും തേച്ചു കച്ചയും തലയിൽ കെട്ടും കെട്ടി വാദ്യങ്ങളും അടിപ്പിച്ചു, വിളക്കു പിടിപ്പിച്ചു, കണമിരിക്കും ക്ഷേത്രത്തിങ്കൽ പോകെണം. പോകുന്ന വഴിയിൽ പിടിച്ചകളി, പടക്കളി ഇത്യാദികളും വേണം. ക്ഷേത്രത്തിന്നു ൩ പ്രദക്ഷിണം പിന്നെ അകത്തൂട്ടു ചെന്നു ആയുധവും വച്ചു, ദേവനെ തൊഴുതു ദിവസം രാവെ അമ്പലത്തിന്നു എഴുനീറ്റു കുളിച്ചുത്തൂ അകത്തൂട്ടു ചെന്നു പൂജകൾ തുടങ്ങിപ്പൂ; ശീവേലി മുമ്പെ ഇല്ല എന്നു വരികിൽ, അന്നാളിൽ വേണം. ശ്രീഭൂതവെലി കൂടി വേണം എന്നാകുന്നു; പൂജകൾ ഇവ്വണ്ണം കഴിച്ചെ ഇരിക്കാവു. ചാത്തിരം തലനാളെ തുടങ്ങി ദേഹശുദ്ധിയോടു കൂടി ഇരിക്കയും വേണം. വെറ്റില തിന്നാം ചന്ദനം തേക്കാം ഇരുന്ന കണം കഴിവോളം ക്ഷൌരമരുത; സ്ത്രീ സംഗവുമരുത; തറ്റുടുക്കെണം, നിർമ്മാല്യം പകലത്തേത് എന്നിവ വർജ്ജിക്കേണം. പൂജകഴിഞ്ഞിട്ട, അമ്പലത്തിൽ ഒരു നില വിളക്കും ഗണപതിയും വെച്ചു നെൽപറയും അരിപറയും വെച്ചു, വിളക്കിന്നു ചുറ്റും വട്ടത്തിലിരുന്നു, അന്നേരം രക്ഷാശിക്ഷാ എന്നും, ധ്യാനിച്ചു രക്ഷിപ്പാനുള്ള ഐകമത്യവും വിശേഷങ്ങളും ഒരിടത്തിരുന്നു ചോദിച്ചറികയും, രണ്ടാമത് പൊക്കിയപ്രകാരവും ബ്രാഹ്മണരുടെ കർമ്മങ്ങൾ വിഘ്നം വരാതെ ഇരിപ്പാനുള്ള കഴിവും ഒരിടത്ത് ഒരു ദോഷം ഉണ്ടെന്നു വരികിൽ ആ ശങ്ക ഉണ്ടായതു പരിഹസിക്കയും ഇത് എല്ലാം ഐകമത്യം ഒരിടത്തിരുന്നു ചിന്തിക്ക, ചൊല്ക, അതിന്നായിട്ടിരിക്ക. വെച്ച വിളക്കു കണം കഴിവോളം കെട്ടു പോകരുത; സംബന്ധമുള്ള ജനം തപ്പും ചേർമങ്ങലവും കൂടി വിളക്കത്ത് വെച്ചിരിക്കാവു, താനും അവിടെനിന്നു ഒക്കത്തക്ക അനുവാദം മൂളി എഴുനീറ്റു നില്പു എന്നു കച്ചയും തലയിൽ കെട്ടും കെട്ടി ചന്ദനവും തേച്ചു, ഊത്ത് കൈയിലും പിടിച്ചു, ദ്വാരത്തിങ്കൽ ചോരെക്ക് നന്നായിരിക്ക എന്നിവ നില്പോളം നിൽക്കയും വേണം. ദീക്ഷ ധരിക്കരുത; അമ്പലവാസിസ്പർശനം അരുത; ഉണ്മാൻ ഇരിക്കുമ്പോൾ, ക്ഷത്രിയന്ന് ഒരു വിളക്കു വേറെ വെച്ചു ഇലവാട്ടി വെച്ചു സമ്മാനിച്ചു വിളമ്പുകെയുള്ളു. വേറെ വെച്ചു കൊള്ളുകയും വേണം. വിളമ്പുമ്പോൾ, പന്തിയിൽ ഒരില വെപ്പാൻ ഒഴിച്ചു അമ്പലത്തിന്നു പുറത്ത് ഒരു ശാല കെട്ടിക്ക. സദ്യക്ക അതു സ്ഥലം പോര എന്നു വരികിൽ പുറത്ത് ഒരു പുര കെട്ടി നിത്യാഭ്യാസം അഭ്യസിപ്പൂ, ആയുധം എടുത്തു പിടിക്കയും യോഗ്യസംഗീതം കളിക്കൊട്ടിവ അഭ്യസിക്കാം പ്രബന്ധം നോക്കാം. ദേവിക്കൊട്ടും വേശിയാട്ടും അരുത; മഹാരായർ പൂണുനൂൽ ഇറക്കാതെ ചെയ്യാം, പൂണുനൂൽ ഇറക്കി ഒന്നും വ്യാപരിക്കരുത; ദീപപ്രദക്ഷിണം സർവ്വപ്രായശ്ചിത്തം. സന്യാസിയുടെ ചാതുർമ്മാസ്യം തന്നെ ദിവസത്തിന്റെ സംഖ്യ. ചാതുർമ്മാസ്യം തുടങ്ങുന്ന ദിവസം തുടങ്ങേണ്ടു; ബുദ്ധി പൂർവമായി ശൂദ്രനെ സ്പർശിക്കരുത; അടിച്ചു തളിക്കാരും മാരയാരും അല്ലാതെ ഉള്ള ശ്രൂദ്രർ ക്ഷേത്രത്തിങ്കൽ കടക്കരുത; ബ്രാഹ്മണക്ഷേത്രത്തിൽ കണമുള്ളു, പുലയിൽ കണമരുത; കണത്തിന്നു തെക്കും, വടക്കും, വിശേഷമില്ല; സമയം ചെയ്ത നിരായുധക്കാരിൽ ആയുധക്കാർ കുറയും.