അത് എല്ലാവരും കൂടി പോരുമ്പോൾ വെഞ്ചാലപ്പറമ്പത്ത് പെരാലനടക്കാവിൽ കാഞ്ഞിരത്തിൻ ചുവട്ടിൽ കുടയും മലർത്തി വെച്ചു, കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന ആഴുവാഞ്ചേരി തമ്പ്രാക്കളും അവിടത്തെ ദിഗ്വാര നമ്പൂതിരിയും കണ്ടു നമസ്കരിച്ചാറെ, അവരോട് ചോതിച്ചു, തമ്പ്രാക്കൾ “നിങ്ങൾ എവിടെ പോകുന്നു“ എന്നു കേട്ടവാറെ, എഴുത്തച്ഛൻ “അടിയങ്ങൾ തൃക്കാരിയൂർ അടിയന്തരസഭയിന്നു അയച്ച ആര്യബ്രാഹ്മണരോടു കൂടി അവിടെക്ക് വിട കൊള്ളുന്നു” എന്നതു കേട്ടു തമ്പ്രാക്കളും “ഞങ്ങളും അവിടെക്ക് തന്നെ പുറപ്പെട്ടു” എന്നു പറഞ്ഞു ദണ്ഡനമസ്കാരം ചെയ്തപ്പോൾ പ്രസാദിച്ചു “നിങ്ങൾക്ക് മേലാൽ നന്മ വരുവൂതാക! നിങ്ങൾ ലോകുന്ന കാർയ്യം സാധിപ്പിച്ചു തരുന്നുണ്ടു എന്നു സമയം ചെയ്തു. അവിടെനിന്നു പുറപ്പെട്ടു പോകുന്ന വഴിക്ക് ൭ പശുക്കൾ ചത്തു കിടക്കുന്നു. അതിൽ ഒരു പശുവിന്റെ അണയത്തു ൧൪ കഴുക്കൾ ഇരുന്നിരുന്നു. മറ്റൊന്നിനെയും തൊട്ടതില്ല. തമ്പ്രാക്കൾ ആയതു കണ്ടാറെ “ഹെ കഴുകളെ! ൭ പശു ചത്തുകിടക്കുന്നതിൽ ആറിനെയും നിങ്ങൾ തൊടാതെ ഇരിപ്പാൻ എന്തൊരു സംഗതി ആകുന്നു” എന്നു ചോദിച്ചാറെ, ഒരു മുടകാലൻ പൂവൻ കഴുവ് ചിറകു തട്ടിക്കുടഞ്ഞ് ഒരു തൂവൽ കൊത്തി എടുത്തു കൊടുത്തു, അതു കൈയിൽ എടുത്തു ൟ പശുക്കളെ നോക്കിയാറെ, അവറ്റിൽ ഒന്നിനെ മാത്രമെ പശുജന്മം പിറന്നിട്ടുള്ളൂ; മറ്റെല്ലാം ഓരൊ മൃഗങ്ങളെ ജന്മമായി കണ്ടു, ഇരിവർ ഏറാടിമാരെയും നമ്പിയാരെയും മനുഷ്യജന്മമായ്ക്കണ്ടു. ആ തൂവൽ തമ്പ്രാക്കൾ നമ്പ്യാരുടെ കയ്യിൽ കൊടുത്തു. ഏറാടിമാരും നമ്പിയാരും തമ്പ്രാക്കളുടെ കാക്കൽ നമസ്കരിച്ചു. അനുഗ്രഹവും വാങ്ങി. അതു ഹേതുവായിട്ട് ഇന്നും ആഴുവാഞ്ചെരി തമ്പ്രാക്കളെ കണ്ടാൽ കുന്നലകോനാതിരി രാജാവു തൃക്കൈ കൂപ്പെണം. അവിടനിന്നു പുറപ്പെട്ടു, തൃക്കാരിയൂർ അടിയന്തരസഭയിൽ ചെന്നു വന്ദിച്ചു. “ഞങ്ങളെ ചൊല്ലിവിട്ട കാര്യ്യം എന്ത് എന്നു ബ്രാഹ്മണരോടും ചേരമാൻ പെരുമാളൊടും ചോദിച്ചാറെ”ആനകുണ്ടി കൃഷ്ണരായർ മലയാളം അടക്കുവാൻ സന്നാഹത്തോടും കൂടി പടെക്ക് വന്നിരിക്കുന്നു. അതിന്നു ൧൭ നാട്ടിലുള്ള പുരുഷാരത്തേയും എത്തിച്ചു പാർപ്പിച്ചിരിക്കുന്നു; അവരുമായി ഒക്കത്തക്ക ചെന്നു പട ജയിച്ചു പോരേണം എന്നരുളിച്ചെയ്തപ്പോൾ, അങ്ങിനെ തന്നെ എന്നു സമ്മതിച്ചു സഭയും വന്ദിച്ചു പോന്നു. ചേരമാൻ പെരുമാൾ ഭഗവാനെ സേവിച്ചിരിക്കും കാലം അർക്കവംശത്തിങ്കൽ ജനിച്ച സാമന്തരിൽ പൂന്തുറ എന്നഭിമാനവീരന്മാരായ സാമന്തർ ഇരിവരും കൂടി രാമേശ്വരത്ത് ചെന്നു സേതു സ്നാനവും ചെയ്തു, കാശിക്കു പോകുന്ന വഴിയിൽ ശ്രീ നാവാക്ഷേത്രത്തിങ്കൽ ചെന്നു. അവിടെ ഇരിക്കുമ്പോൾ തോലൻ എന്ന് പ്രസിദ്ധനായി പെരുമാളുടെ ഇഷ്ടമന്ത്രിയായിരിക്കുന്ന ബ്രാഹ്മണർ വഴിപോക്കരായി വന്ന സാമന്തരോടു ഓരൊ വിശേഷങ്ങൾ പറഞ്ഞിരിക്കുൻറെ ഇടയിൽ, രായർ മലയാളം അടക്കുവാൻ കോട്ടയിട്ട പ്രകാരവും ചേരമാൻ പെരുമാൾ യുദ്ധത്തിൽ മടങ്ങിയ പ്രകാരവും പറഞ്ഞപ്പോൾ, മാനവിക്രമന്റെ സത്യംകൊണ്ടും ശീലത്വം കൊണ്ടും വളരെ പ്രസാദിച്ചു. പിന്നെ ബ്രാഹ്മണരും പെരുമാളും വെള്ളത്തിൽ ഏറിയതിന്റെ ശേഷം രായരോട് ജയിപ്പാൻ പോകുന്ന പ്രകാരം കല്പിക്കകൊണ്ട് അവരോടു പറഞ്ഞാറെ, സാമന്തർ ഇരിവരും കൂടി നിരൂപിച്ചു ഞങ്ങളെ കൂടെ അയച്ചാൽ യുദ്ധം ചെയ്തു രായരുടെ കോട്ട ഇളക്കാം എന്ന് ബ്രാഹ്മണരോട് പറകയും ചെയ്തു. അപ്രകാരം പെരുമാളെയും ഉണർത്തിച്ചതിന്റെ ശേഷം ഇരിവരെയും കൂട്ടിക്കൊണ്ടു വന്നു ബഹുമാനിച്ചിരുത്തി, പല ദിവസവും അന്യോന്യ വിശ്വാസത്തിന്നായ്ക്കൊണ്ടും പരീക്ഷിച്ചെടത്ത്. സാമന്തർ യുദ്ധകൗശലത്തിങ്കൽ ശക്തന്മാർ എന്നറിഞ്ഞിട്ടു കാലതാമസം കൂടാതെ പുരുഷാരത്തെ വരുത്തി യോഗം തികച്ചു കൂട്ടി, പെരുമാളും തന്ന‍റെ പടനായകന്മാർ ൧൨൨ പേരും അവരോട് കൂടി ഒമ്പതു നൂറായിരം ചേകവരും കാരായ്മയായിരിക്കുന്ന ഈ ശരീരം അനിത്യം എന്നുറച്ചു, സാമന്തരോടും കൂടി കണക്ക് എഴുതുവാൻ തക്കവണ്ണം കീഴൂർ ഉണ്ണിക്കുമാരമേനോനെയും പരക്കൽ ഉറവിങ്കൽ പാറചങ്കരനമ്പിയെയും കല്പിച്ചയക്കയും ചെയ്തു. പടെക്ക് പോകുന്ന വഴിക്കൽ രാത്രിയിൽ പടയാളികൾ ഉറങ്ങുന്നിടത്തു സാമന്തർ ചെന്നു, പുരുഷാരം ൩ പ്രദക്ഷിണം വെച്ചു, കഴുവിന്റെ തൂവൽ കെയിൽ വെച്ചു മനുഷ്യജന്മം പിറന്നിട്ടുള്ളവർക്കും വെള്ളികൊണ്ടു ഓരോ അടയാളമിട്ടെ നോക്കിയാറെ, ൧0000 നായർ മനുഷ്യജന്മം പിറന്നവരുണ്ടായിരുന്നു. ൩0000 ദേവജന്മം പിറന്നിട്ടും ശേഷമുള്ള പുരുഷാരം അസുരജന്മമായ്ക്കണ്ടു. ൧0000 നായർക്ക് മോതിരം ഇടുവിച്ചു പോരികയും ചെയ്തു. ഉറക്കത്ത് ശൂരന്മാരായിരിക്കുന്നവരെ ലക്ഷണങ്ങൾ കൊണ്ടറിഞ്ഞ് അവരുടെ ആയുധങ്ങളിൽ ഗോപികൊണ്ടും ചന്ദനം കൊണ്ടും അടയാളം ഇട്ടു, ആരും ഗ്രഹിയാതെ കണ്ടു യഥാസ്ഥാനമായിരിപ്പതും ചെയ്തു. ഈ ൧0000 നായരും നമ്പിയാരും കൂടെ വലത്തെ കോണിൽ പട ഏറ്റു, പെരുമാളുടെ കാര്യ്യക്കാരിൽ പടമലനായർ ഒഴികെ ഉള്ള കാര്യ്യക്കാരന്മാർ ൧൧ പേരും കൂടി ഇടത്ത് കോണിൽ പടഏറ്റു, എടത്ത കോൺ പട ഒഴിച്ചു പോന്നു വല്തെ കോണിന്നു പട നടന്നു മലയാളം വിട്ടു. പരദേശത്തു ചെന്നു പോർക്കളം ഉറപ്പിച്ചു. മാറ്റാനെ മടക്കി പൊരുതു ജയിച്ചു പോന്നിരിക്കുന്നു. സാമന്തർ വില്ലും ശരങ്ങളും കൈക്കൊണ്ടിരിക്കുന്ന ൩0000 നായരെ മുമ്പിൽ നടത്തി, അവരുടെ പിന്നിൽ ൧൮ ആയുധങ്ങളിലും അഭ്യസിച്ച മേൽ കിരിയത്തിൽ ഒരുമയും ശൂരതയും നായ്മസ്ഥാനവും ഏറി ഇരിക്കുന്ന ൧0000 നായരെയും നടത്തിച്ചു, ൩൨ പടനായകന്മാരോടും കൂട ചെന്നു രായരുടെ കോട്ടക്ക് പുറത്ത് ചെന്നു വെച്ചിരിക്കുന്ന പാളയത്തിൽ കടന്നു, അന്നു പകൽ മുഴുവൻ യുദ്ധം ചെയ്തു. വളരെ ആനകൾക്കും കുതിരകൾക്കും കാലാൾക്കും തട്ടുകേടും വരുത്തി, പാളയം ഒഴിപ്പിച്ചു കോട്ടയുടെ ഉള്ളിൽ ആക്കുകയും ചെയ്തു. രാത്രിയിൽ മാനച്ചനും വിക്രമനും കൂടി വിചാരിച്ചു, കോട്ടയുടെ വടക്കെ വാതിൽക്കൽ ൧0000 നായരെ പാതിയാക്കി നിർത്തി, ശേഷമുള്ളവരെ ൪ ഭാഗത്തും നിർത്തി ഉറപ്പിച്ചു, ൩ ദിവസം രാപ്പകൽ യുദ്ധം ചെയ്തു രായരെ ഒഴിപ്പിച്ചു, കോട്ട പിടിക്കയും ചെയ്തു. അന്നു പെരുമാൾ എല്ലാവർക്കും വേണ്ടുന്ന സമ്മാനങ്ങളെ കൊടുത്തു, പുരുഷാരത്തെയും പിരിച്ചു. സാമന്തരിൽ ജ്യേഷ്ഠനെ തിരുമടിയിൽ ഇരുത്തി, വീരശൃംഖല വലത്തെ കൈക്കും വലത്തെ കാല്ക്കും ഇടീപ്പുതും ചെയ്തു. ൧0000 നായർക്ക് കേരളത്തിൽ അത്യന്തം തെളിഞ്ഞ നാട്ടിൽ ഇരിപ്പാന്തക്കവണ്ണം കല്പിച്ചു. പൊലനട്ടിൽ ഇരിക്കേണമെന്ന് മന്ത്രികൾ പറഞ്ഞിട്ട് അവിടെ ഉള്ള പ്രജകളെ അവിടുന്നു വാങ്ങിച്ചു നാട്ടിലുള്ള നഗരങ്ങളെ ഒഴിപ്പിച്ചു. അവർ കെട്ടുന്നതും മാറ്റി ഒരു കൂട്ടത്തെ എടക്കഴി നാട്ടുതറയിൽ ഇരുത്തി, അട്ടത്തിൽ ഉള്ള നായരെ ഇരിങ്ങാടിക്കോട്ടും തെരിഞ്ഞ നായരിൽ പ്രധാനന്മാരെ കൊഴിക്കോട്ടു ദേശത്തും ആക്കി ഇരുത്തിയ പ്രകാരവും മന്ത്രികൾ പെരുമാളെ ഉണർത്തിക്കയും ചെയ്തു. മാനവിക്രമന്മാരെ തിരുമുമ്പിൽ വരുത്തി, നിങ്ങൾ ഇരിവരെയും അനന്തരവരാക്കി വാഴ്ച ഇവിടെ തന്നെ ഇരുത്തേണം എന്നു കല്പിച്ചിരിക്കുന്നു എന്നരുളിച്ചെയ്താറെ ഞങ്ങൾ കാശിക്ക് പോയി ഗംഗാസ്നാനവും ചെയ്തു കാവടിയും കൊണ്ടു രാമേശ്വരത്തു ചെന്നു ഇരിവരും ഇങ്ങു വന്നാൽ ചെയ്യും വണ്ണം ചെയ്തു കൊള്ളൂന്നതുമുണ്ടു. ഇതുവണ്ണം ഉണർത്തിച്ചു കാശിക്ക് പോവൂതും ചെയ്തു.