കേരളോല്പത്തി
ഇങ്ങനെ എല്ലാം കല്പിച്ചു തിരുനാവായി മണല്പുറത്തു നിന്നു തിരുപഞ്ചക്കളത്തിന്നു വേദക്കാരരെ കപ്പലിൽനിന്നു കരെക്കെത്തിച്ചു, അശുവിന്നു എഴുന്നെള്ളുവാൻ കൊടുങ്ങല്ലൂർ കോയിൽ എഴുന്നെള്ളുകയും ചെയ്തു. വേദക്കാരുമായി ഒക്കത്തക്ക കപ്പലിൽ കരേറി ചേരമാൻ പെരുമാൾ മക്കത്തിന്നു എഴുന്നെള്ളുകയും ചെയ്തു. ചേരമാൻ ദേശപ്രാപ്യഃ എന്ന കലി. ക്രിസ്താബ്ദം ൩൫൫.
മാപ്പിളമാർ പറയുന്ന പഴമ കേട്ടാലും: ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂർ തുറമുഖത്തുനിന്നു കപ്പലിൽ ഗൂഢമായി കയറി കൊയിലാണ്ടി കൊല്ലത്തിന്റെ തൂക്കിൽ ഒരു ദിവസം പാർത്തു, പിറ്റെ ദിവസം ധർമ്മപട്ടണത്ത് എത്തി ൩ ദിവസം പാർത്തു, ധർമ്മപട്ടണത്തു കോവിലകം രക്ഷിപ്പാൻ താമൂതിരിയെ ഏല്പിച്ചു, കപ്പലിൽ കയറി പോയതിന്റെ ശേഷം, കൊടുങ്ങല്ലൂർ നിന്നു കപ്പല്ക്കാരും മറ്റും പോയി പെരുമാൾ കയറിയ കപ്പല്ക്കാരുമായി വളരെ യുദ്ധമുണ്ടായി പിടികൂടാതെ സെഹർമുക്കല്ഹ എന്ന വന്തരിൽ ചെന്നിറങ്ങുകയും ചെയ്തു. അപ്പോൾ മഹമ്മതനെബി വിജിദ്ധ എന്ന നാട്ടിൽ പാർത്തുവരുന്നു; അവിടെ ചെന്നു തങ്ങളിൽ കണ്ടൂ മാർഗ്ഗം വിശ്വസിച്ചു, താജുദ്ദീൻ എന്ന പേരുമായി, മാലിക്ക ഹബിബദീനാറെന്ന അറവിൽ രാജാവിന്റെ പെങ്ങളായ റജിയത്ത എന്നവളെ കെട്ടി, ൫ വർഷം പാർത്തതിന്റെ ശേഷം, മേൽ പറഞ്ഞ രാജാവും മക്കൾ പതിനഞ്ചും പെരുമാളും കൂടി സെഹർ മുക്കല്ഹ എന്ന നാട്ടിൽ വന്നു വിശാലമായ വീടും പള്ളിയും ഉണ്ടാക്കി, സുഖേന പാർത്തുവരുമ്പോൾ മലയാളത്തിൽ വന്നു ദീൻ നടത്തേണ്ടതിനു യാത്ര ഭാവിച്ചു ഒരുങ്ങി ഇരിക്കുമ്പോൾ, ശീതപ്പനി പിടിച്ചു വലഞ്ഞതിന്റെ അനന്തരം, മലയാളത്തിലെ രാജാക്കന്മാർക്ക് കത്തുകളോടും കൂടി പറഞ്ഞ രാജാവെ പുത്രരോടും കൂട പുറപ്പെടീച്ചതിന്റെ ശേഷം, താജുദ്ദീൻ കഴിഞ്ഞു താനുണ്ടാക്കിയ പള്ളിയിൽ തന്നെ മറ ചെയ്കയും ചെയ്തു. ആ രാജാവു പെരുമാളുടെ മുദ്രയും എഴുത്തുകളൂം എടുത്തു, ഭാര്യാപുത്രാദികളോടും കൂടി ൨ കപ്പലിലായി കയറി ഓടിയപ്പോൾ, ഒരു കപ്പൽ മധുരയുടെ തൂക്കിലെത്തി, നാലാം മകനായ തകയുദ്ദീനും മറ്റും ഇറങ്ങി പള്ളിയും മറ്റും എടുത്തു പാർക്കയും ചെയ്തു. മറ്റെ കപ്പൽ കൊടുങ്ങല്ലൂരിൽ എത്തി, രാജസമ്മതത്താലെ അവിടെ ഒരു പള്ളി ഉണ്ടാക്കിച്ചു, മുഹമ്മതകാദിയായ്പാർത്തു. ൩ആമത കൊയിലാണ്ടിക്ക് സമീപം കൊല്ലത്തു പള്ളി അസൻകാദി, ൪ മാടായി പള്ളി അബിദുരഹമാൻകാദി, ൫ വാക്കന്നൂർപള്ളി, ഇബ്രാഹീംകാദി,൬ മൈക്കളത്തപള്ളി മൂസക്കാദി,൭ കാഞ്ഞരോട്ട മാലിക്കകാദി,൮ ശിറവുപട്ടണത്തു പള്ളി ശിഹാബുദ്ദീൻകാദി,൯ ധർമ്മപട്ടണത്തുപള്ളി ഉസൈൻകാദി, ൧൦ പന്തലാനിയിൽപള്ളി സൈദുദ്ദീൻകാദി, ൧൧ ചാലിയത്തു സൈനുദ്ദീൻകാദി ഇങ്ങിനെ അറവിൽ നിന്നു കൊണ്ടുവന്ന കരിങ്കല്ല് ഓരോന്നിട്ട് ൧൧ പള്ളികളെ എടുത്തു രാജാവും മറ്റും വന്നു മലയാളത്തിൽ എല്ലാടവുംദീൻനടത്തിച്ചു സുഖമായിരിക്കുമ്പോൾ, ദീനം പിടിച്ചു കഴിഞ്ഞു. കൊടുങ്ങല്ലൂർ പള്ളിയിൽ തന്നെ മറ ചെയ്കയും ചെയ്തു. പെരുമാളുമായി കാണുമ്പോൾ നെവിക്ക് ൫൭ വയസ്സാകുന്നു.
Leave a Reply