പറങ്കി വന്നിട്ട് കുറുമ്പിയാതിരി ബന്ധുവായതു: 

 

അങ്ങിനെ ഇരിക്കുമ്പോൾ പറങ്കി വന്നണങ്ങി കോഴിക്കട്ട കോട്ടയിട്ടുറപ്പിച്ചു കച്ചോടം ചെയ്തിരിക്കും കാലം, (പാണ്ടിപരദേശിയായ ഒരു വട്ടത്തൊപ്പിക്കാരൻ അറയിൽ കുറിയൻ എന്നൊരു കപ്പിത്താൻ അവനോട് യുദ്ധം ചെയ്തു) കോഴിക്കോട്ട് പിടിച്ചടക്കി, കരപറ്റിൽ ചില നാശങ്ങളും തുടങ്ങി, അന്നു തിനയെഞ്ചരി ഇളയതു ഒഴികെ ഉള്ളവർ തെക്കോട്ടേക്ക് പടെക്കു പോയിരുന്നു, ആ അവസരത്തിങ്കൽ അടക്കിക്കൊണ്ടു, അവൻ അന്നു കുറുമ്പിയാതിരി സ്വരൂപത്തിങ്കലേക്ക് എഴുതി അയച്ചു, അവരെ വരുത്തി (വേട്ടക്കരുമകൻ നിയോഗത്താൽ) അവനെ വെട്ടി ഒഴിപ്പിച്ചു(നീക്കി) കോട്ടപിടിച്ചു കൊടുത്തിരിക്കുന്നു. അന്നു വളരെ മുതലും, പണ്ടവും, ചരക്കും, കാളന്തോക്കും, കിട്ടി എന്നു കേട്ടിരിക്കുന്നു. കിട്ടിയ മുതല്ക്കും ചരിക്കിന്നും, അറ്റമില്ല എന്നു പറയുന്നു. വേട്ടക്കരുമകന്റെ വിലാസം കാൺകകൊണ്ടു അന്നു തുടങ്ങി ൟ സ്വരൂപത്തിൻറെ പരദേവതയാക്കി കുടിവെച്ചു, കോഴിക്കാവിലും വിലാത്തിക്കുളങ്ങറയും കോവിലകത്തും തളിയിലും തിരുവളയനാടും മറ്റും അനേകം കാവൽപാടുകളിലും കുടിയിരുന്നു, തിരുവളയാട്ടമ്മ എന്നും വേട്ടക്കരുമകൻ എന്നും, ൨ പരദേവതമാർ, അക്കാലം കുറുമ്പിയാതിരിയെ ബന്ധുസ്വരൂപമാക്കി തലക്കുളത്തൂർമതിലകത്തു കുന്നലകോനാതിരിയും കുറുമ്പയാതിരിയും കൂടി കാഴ്ചകഴിച്ചു “മാമാങ്ങവേല കഴിഞ്ഞു വരുവോളം പ്രജകൾ പരവശപ്പെട്ടപോകാതെ, രക്ഷിച്ചു കൊള്ളേണം” എന്നുറപ്പിച്ചു, ചില സ്ഥാനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പകർന്നു വെച്ചു.

കുറുമ്പിയാതിരി സ്വരൂപത്തിങ്കൽ ൩0000 നായരും (൪)൬ എടവകയും ൨൨ കാരണവരും, പാലശ്ശേരി കോട്ടയിൽ വേട്ടക്കരുമകനും കുറുമ്പ്രനാട്ടു സ്വരൂപവും, ൩൨ കുറുപ്പന്മാരും, ൪ നാല്പാടിമാരും, ചെമ്പറ നെടുമ്പറ ൨ ഇല്ലം വാഴുന്നോലും(ന്നവരും) തുയ്യാട്ടു മേല്ക്കുളശ്ശേരി ൨ താവഴിയിയിൽ രാജാക്കന്മാരും, കല്ലാറ പെരിങ്കുഴിമുറ്റം വീയ്യൂർ വെങ്ങളക്കൽ നെല്ലൂളി നിലഞ്ചേരി ആട്ടുങ്കുടി അമയമങ്ങലം കൂക്കൊളം കൊണ്മിയത്തൂർ മറ്റു പുളിയൻ നമ്പിയാരും ഇങ്ങിനെ കവിയടക്കം