പെരുമനഗ്രാമത്തിന്നു ചിലർക്കു പുരാണവൃത്തി കല്പിച്ചു കൊടുത്തു; രണ്ടാമത്തെ വന്ന പരിഷയിൽ ചിലർക്ക് തന്ത്രപ്രവൃത്തി കൊടുത്തു, ൬൪ ഗ്രാമത്തിനും തന്ത്രപ്രവൃത്തി കല്പിച്ചിട്ടില്ല; ൬൪ ഗ്രാമത്തിലുള്ള ഇരിങ്ങാട്ടികൂടു, തരണനെല്ലൂർ, കൈവട്ടക എടുത്തു തുടങ്ങി വട്ടകം വൃത്തി നാലു ആറു ഗ്രാമത്തിന്നു കല്പിച്ചിരിക്കുന്നു. പയ്യന്നൂർ ഗ്രാമത്തിന്നു നമ്പികൂറു എല്ലാടവും കല്പിച്ചു കൊടുത്തു. അനന്തരം ൬൪ലിലുള്ളവരോടരുളി ചെയ്തു “ഇനി കേരളത്തിങ്കൽ ദേവതകൾ പോന്നു വന്നു മനുഷ്യരെ പീഡിപ്പിച്ചു ദേവതഉപദ്രവം വർദ്ധിച്ചാൽ അപമൃത്യു അനുഭവിക്കും; അതു വരരുത” എന്ന് കല്പിച്ചിട്ട് ൬൪ലിൽ ആറു ഗ്രാമത്തിൽ ൧൨ ആളും കല്പിച്ചു, ൧൨ ആൾക്ക് മന്ത്രോപദേശവും ചെയ്തു. അതാകുന്നതു: മുൻപിനാൽ പെരുഞ്ചെല്ലൂർ ഗ്രാമ ത്തിൽ “അടികച്ചെരി” “കാളകാട്ടു” അങ്ങിനെ രണ്ടാൾ കല്പിച്ചു, മലയിൽ നിന്നു വരുന്ന ദുർദ്ദേവതകളെ തടുപ്പാൻ ദുർമ്മന്ത്രം സേവിച്ചു ദുർദ്ദേവതകളെ തടഞ്ഞു നിർത്തുക എന്നും ആപല്കാലത്തിങ്കൽ ഭദ്രനെ സേവിച്ചു ആപത്തുകളെ നീക്കുക എന്നും അരുളി ചെയ്തു. ബ്രാഹ്മണരുടെ കർമ്മങ്ങൾക്ക് വൈകല്യമുണ്ടെന്നു കണ്ടു രണ്ടാമത കാളക്കാട്ടിന്നു കല്പിച്ചിതു: സമുദ്ര തിരത്തിങ്കന്നു വരും ജലദേവതകളെ തടുത്തു നിർത്തുവാൻ സന്മന്ത്രങ്ങളെ സേവിച്ചു സൽകർമ്മമൂർത്തിയെ പ്രസാദിപ്പിച്ചു ആപല്കാലത്തിങ്കൽ ദുർഗ്ഗയെ സേവിച്ചാൽ ആപത്തു നീങ്ങും എന്നുമരുളി ചെയ്തു. പിന്നെ കരികാട്ടു ഗ്രാമത്തിൽ “കാണിയൊട കാട്ടുമാടം ഇങ്ങിനെ രണ്ടാൾക്കും ദുർമ്മന്ത്രവും സന്മന്ത്രവും” കല്പിച്ചു കൊടുത്തു. പിന്നെ ആലത്തൂർ ഗ്രാമത്തിൽ “കക്കാടു, കുഴിമന” ഇങ്ങിനെ രണ്ടാളോടും ദുർമ്മന്ത്രം കൊണ്ടും സന്മന്ത്രം കൊണ്ടും ജയിച്ചോളുക എന്നു കല്പിച്ചു. പിന്നെ ചൊവരത്തിൽ പുതുക്കൊടു, പുതുമന എന്നവരെയും പെരുമന ഗ്രാമത്തിൽ കല്ലകാടു, കക്കാട്ടുകൊളം” എന്നിരുവരേയും ഇരിങ്ങാടിക്കുടെഗ്രാമത്തിങ്കൽ “ചുണ്ടക്കാടു, മൂത്തെമന” ഇങ്ങിനെ രണ്ടാളേയും കല്പിച്ചു. മലയിൽനിന്നും വരുന്ന ദുർദ്ദേവതകളെ തടുത്തു നിർത്തുവാൻ ആറാളെ ദുർമ്മന്ത്രമൂർത്തിയെ സേവിപ്പാനും സമുദ്രത്തിങ്കൽ വരുന്ന ദേവതകളെ തടുത്തു നിർത്തുവാൻ ആറാളെ സന്മന്ത്രമൂർത്തിയെ സേവിപ്പാനും ആക്കി ഇങ്ങിനെ ഉത്തമത്തിലും മദ്ധ്യമത്തിലും പന്ത്രണ്ടാളുകളെ കേരളത്തിൽ സമ്പ്രദായികൾ എന്നു കല്പിച്ചു. അതിന്റെ ശേഷം ശ്രീ പരശുരാമൻ അരുളി ചെയ്തു, “എന്റെ വീരഹത്യാദോഷം ആർ കൈ ഏല്ക്കുന്നു” എന്നതുകേട്ടു, ഭരദ്വാജഗോത്രത്തിൽ ചിലർ വീരഹത്യാദോഷം കൈ ഏല്പൂതുഞ്ചെയ്തു. അവർ രാവണനാട്ടുകരെ ഗ്രാമത്തിലുള്ളവർ ഈരിലെ പരിഷ എന്നു പേരുമിട്ടു “നിങ്ങൾക്ക് ഒരീശ്വരൻ പ്രധാനമായ് വരെണമല്ലൊ അതിനു സുബ്രഹ്മണ്യനെ സേവിച്ചു കൊൾക എന്നാൽ നിങ്ങൾക്കുണ്ടാകുന്ന അല്ലലും മഹാവ്യാധിയും നീങ്ങി, ഐശ്വര്യവും വംശവും വളരെ വർദ്ധിച്ചിരിക്കും. വാളിനു നമ്പിയായവരെ വിശേഷിച്ചും സേവിച്ചു കൊൾക” എന്നരുളി ചെയ്തു വളരെ വസ്തുവും കൊടുത്തു. ഇക്കേരളത്തിൽ എല്ലാവരും മാതൃപാരമ്പര്യം അനുസരിക്കേണം എനിക്കും മാതൃപ്രീതി ഉള്ളു എന്ന് ൬൪ലിലുള്ളവരോട് കല്പിച്ചപ്പോൾ, എല്ലാവർക്കും മനഃപീഡ വളരെ ഉണ്ടായി എന്നാറെ, പൈയനൂർ ഗ്രാമത്തിലുള്ളവർ നിരൂപ്പിച്ചു, പരശുരാമൻ അരുളി ചെയ്ത പോലെ അനുസരിക്കേണം എന്നു നിശ്ചയിച്ചു, മാതൃപാരമ്പര്യം അനുസരിക്കയും ചെയ്തു. ചില ഗ്രാമത്തിങ്കന്നു കൂട അനുസരിക്കേണം എന്നു കല്പിച്ചു അതിന്റെ ശേഷം ആരും അനുസരിച്ചില്ല. പിന്നെ പരദേശത്തുനിന്നു പല വകയിലുള്ള ശൂദ്രരെ വരുത്തി. അവരെക്കൊണ്ടു മാതൃപാരമ്പര്യം വഴിപോലെ അനുസരിപ്പിച്ചു, അവർ ൬൪ ഗ്രാമത്തിന്നും അകമ്പടി നടക്കേണം എന്നും അവർക്ക് രക്ഷ ബ്രാഹ്മണർ തന്നെ എന്നും കല്പിച്ചു.