സര്‍ഗം രണ്ട്

ശ്ലോകം

വിഹരതി വനേ രാധാ സാധാരണ പ്രണയേ ഹരൌ
വിഗളിതനിജോല്‍ക്കര്‍ഷാദീര്‍ഷ്യാവശേന ഗതാന്യത:!
ക്വചിദപി ലതാകുഞ്‌ജേ ഗുഞ്ജന്മധു വ്രതമണ്ഡലീ
മുഖര ശിഖരേ ലീനാ ദീനാപ്യുവാച രഹസ്സഖീം!!

പരിഭാഷ

അന്യാസക്തിമുഴുത്തു തന്നെയുമുപേക്ഷിച്ചിട്ടു വൃന്ദാവനേ
വന്യാനാം പ്രവരേ കളിക്കുമജനെക്കണ്ടിട്ടൊഴിഞ്ഞാളസൌ
ധന്യാ രാധ വനാന്തരം ഗതവതി കുഞ്‌ജേനിലീനാ കടല്‍
ക്കന്യാകാമുകകാംക്ഷകൊണ്ടു കരവൂതും ചെയ്തവോചല്‍ സഖീം.

 

അഞ്ചാം അഷ്ടപദി ഭാഷ

 

വണ്ടൊളിവര്‍ണ്ണന്റെ പുതുവേറുമുടലും
ചുണ്ടിനിണങ്ങിയ കുഴലും
കണ്ടിട്ടു കണ്ണന്റെ കുഴല്‍ വിളികേട്ടിട്ടു
മുണ്ടായ രോമാഞ്ചം മാഞ്ഞില്ലിപ്പോഴും
രാമാനുജനിലെ രതി വളരുന്നു
രാസോത്സവരസം നിരുപിക്കും തോറും

നീലിമാവേറിയ കേശവകേശത്തില്‍
പീലിമാലാവലി ചാര്‍ത്തിയതും
കാലിണ തൊട്ടു മുടിയോളം കോപ്പിട്ട
കോലവുമോര്‍ത്തിട്ടു കൊതിപെരുകുന്നു (രാമാനുജ….)

ഗോപികമാരുടെ മുഖംതോറും നുകര്‍ന്നിട്ടു
ലോഭം വര്‍ദ്ധിക്കും തിരുമുഖവും
കോപമൊഴിക്കും പുഞ്ചിരിവെണ്ണിലാവിന്റെ
ശോഭയുമോര്‍ക്കുമ്പോള്‍ പോന്നതുപിഴച്ചു (രാമാനുജ….)

രൂപഗുണം കാണ്മാന്‍ ചുറ്റും നിറഞ്ഞൊരു
രൂപവതിമാര്‍ക്കില്ലെണ്ണം
ശ്രീപതിയുടെ ദിവ്യാഭരണാഭകൊണ്ടു
രാപകലായിട്ടു കണ്ടതും തോന്നുന്നു (രാമാനുജ….)

പൂര്‍ണ്ണചന്ദ്രനെ നിന്ദിക്കുന്ന തിലകവും
പൂമകളുടെ മുലത്തടം മുട്ടുമുരസ്സും
തൂര്‍ണ്ണമരയും തുടകളും കിട്ടുവാന്‍
തുണയാമോ ദൈവം തുകിലഴിയുന്നു (രാമാനുജ….)

മണിമയമകരകുണ്ഡലങ്ങളുടെ നിഴ
ലണിതലമായുള്ള കവിളിണയും
മണലേക്കാളെണ്ണമേറുന്ന സുരാസുര
മനുജമുനിപരിവാരവും പൂണ്ടൊരു…..(രാമാനുജ….)

കടമ്പിന്റെ ചുവട്ടീന്നു കാമദേവപടു
കടവുകളിക്കുന്ന കണ്ണു തങ്കും
ഉടലൊടു ചേര്‍ത്തു പുണര്‍ന്നുകൊണ്ടെന്നെയും
ഉടനുല്‍ക്കണ്ഠപൂണ്ടു രമിപ്പിച്ച (രാമാനുജ….)

ശ്രീജയദേവകവിക്കായിക്കൊണ്ടും
രാജീവലോചനനായിക്കൊണ്ടും
രാജത്വമേറിയാലുമെന്നെ മറക്കാത്ത
തേജസ്സിനായിക്കൊണ്ടും നമസ്‌കാരം (രാമാനുജ….)

ശ്ലോകം
ഗണയതി ഗുണഗ്രാമം ഭ്രാമം ഭ്രാമാദപി നേഹതേ
വഹതി ച പരിതോഷം ദോഷം വിമുഞ്ചതി ദൂരത: !
യുവതിഷു വലത്തൃഷ്‌ണേ കൃഷ്‌ണേ വിഹാരിണി മാം വിനാ
പുനരപിമനോ വാമം കാമം കരോതി കരോമി കിം !!

പരിഭാഷ
എന്നോടു കൂടാതെ രമിക്കകൊണ്ടു
മെന്നേ മനസ്സാ മധുസൂദനന്റെ
കുറ്റം നിനക്കാതെ പദാരവിന്ദേ
പറ്റുന്നു ചെന്നിന്നിതിനെന്തു ചെയ്വൂ