മണിമഞ്ജുഷ (കാവ്യസമാഹാരം)
അബ്ദമെത്രയോ പോയി ഭിക്ഷുവും നായാടിയു –
മിത്തരം സംഭാഷണം ചെയ്തകന്നതിൽപ്പിന്നെ.
ധാത്രിയെന്തതിൻ പൊരുളെന്നിന്നുംധരിപ്പീല;
ധാത്രിതന്നുറക്കുപാട്ടായതിന്നീവാഗ്വാദം.
പന്കമറ്റുണ്ടായ് പോലും ഭാരതോർവിയിൽപ്പണ്ടു
ശന്കരാചാര്യർക്കൊരു ചണ്ഡാലമഹാചാര്യൻ;
എന്നതാനീയൈതിഹ്യമർത്ഥവാദാകാരത്തിൽ-
പ്പിന്നാളിൽ സത്യാനൃതമെന്തതിൽച്ചേർന്നീടിലും.
എന്താവാമിതിൻ സാരം? സംഭൂതനെന്നായ് വരാം
മന്താവാം മഹാനേകൻ മാതംഗവംശത്തിന്കൽ.
ചേണെഴും ശ്രീകാശിയിലക്കാലമാടിപ്പാടി
തൂണിലും തുരുമ്പിലും ശ്രുത്യന്തരസരസ്വതി;
അദ്ദേശപ്രാന്തത്തിന്കൽ വാണിടും വ്യാധൻപോലു –
മദ്വൈതജ്ഞാനം നേടിജ്ജീവന്മുക്തനായ്ത്തീർന്നു.
ഉപരിഗ്രന്ഥങ്ങൾ തൻ പഠനം കൊണ്ടല്ലാതെ –
യപരോക്ഷാനുഭൂതി വരികില്ലെന്നില്ലല്ലോ.
ശുദ്ധനാമദ്ദേഹത്തിൻ മുന്നിൽ – എന്തോതാം? – ഒരു
പുസ്തകം തിന്നും പുഴ പൂജ്യനാം ജഗൽഗുരു!
ആചാര്യൻ തപസ്വിയാമന്നിഷാദനെപ്പറ്റി
രാജാവിൻ മുന്നിൽക്കടന്നാക്രോശം തുടർന്നീല;
ജ്ഞാനമെങ്ങങ്ങേ മേന്മ, ജാതിക്കോൽ കൊണ്ടല്ലതിൻ
മാനമെന്നോർത്തങ്ങോട്ടു കൈ കൂപ്പിയത്രേനിന്നു.
ആത്മജ്ഞനാമാവ്യാധനാചാര്യഗുരുവെങ്കി-
ലാത്മജ്ഞാനാപ്തിക്കേതു തദ്വംശ്യർക്കപാത്രത്വം?
ഞാനറിഞ്ഞീടുന്നുണ്ടു ചണ്ഡാലനല്ലപ്പുമാൻ
ദീനബാന്ധവൻ ശിവൻ താനെന്ന ജനശ്രുതി
ശങ്കരൻ ബ്രഹ്മജ്ഞാനി കണ്ടിരുന്നിടാം സാക്ഷാൽ
ശങ്കരൻ തൻ രൂപത്തിലപ്പോളന്നിഷാദനെ
തന്നെപ്പോൽ ചരാചരം സർവവും കാണ്മാനുള്ള
കണ്ണുള്ളോൻ “ശിവോഹ” മെന്നോതുവോനാണമ്മഹാൻ;
അകയാലമ്മട്ടവൻ വ്യാധനെഗ്ഗിരീശനാ-
യാലോകിച്ചിരുന്നിടാമദ്ദിവ്യക്ഷണത്തിങ്കൽ.
അല്ലെങ്കിൽ ഗംഗാധരൻ തന്നെ തൽ പുരോഭുവി-
ലുല്ലസിച്ചതാകട്ടെ, യെങ്കിലും തെറ്റെന്തതിൽ
എന്തിനായ് വിശ്വേശ്വരന്നപ്പരിവ്രാട്ടിൻ മുന്നി-
ലന്ത്യജൻ തൻ വേഷത്തിലാഗമിക്കുവാൻ തോന്നി?
വർണ്ണിയായ് വരാം പണ്ടു ഗൗരി തൻ സമീപത്തി-
ലെന്നമട്ട;തല്ലല്ലോ ചെയ്തതദ്ദയാസിന്ധു
ക്ഷത്രിയൻ കിരീടിതൻ ദോർമ്മദം ശമിപ്പിച്ച
ലുബ്ധകൻ വേണം, വിപ്രൻ, ‘കൈപ്പള്ളി’ക്കാന്ധ്യം നീക്കാൻ.
“ആഢ്യനാമെൻ വത്സ! കേൾ; ലോകമാം നിശ്രേണിതൻ
ചോട്ടിലുണ്ടൊട്ടേറെപ്പേരെൻ രൂപം ധരിപ്പവർ.
നിങ്ങൾതൻ സംവാദത്തിലന്ത്യജർ- സാധുക്കളാ-
മെൻ കടക്കിടാങ്ങൾ – ഞാൻ പ്രത്യേകം പോറ്റേണ്ടവർ.
എത്രമേൽ ബ്രഹ്മസൂത്രഭാഷ്യം നീ നിർമ്മിക്കിലു-
മെത്രമേൽ സർവ്വജ്ഞപീഠാരൂഢനായീടിലും
ഇക്കിടാങ്ങളും നിന്റെ സോദരന്മാരെന്നോർത്തേ
ശക്യമായ്ത്തീരൂ നിനക്കെൻ പദം പ്രാപിക്കുവാൻ.
ഇക്കാര്യം കഥിക്കുവാനിമ്മട്ടിൽ വന്നേൻ’ എന്നാം
ചിൽക്കാതലാചാര്യന്നു നൽകിയോരുൽബോധനം
തൻ നായ്ക്കു തന്നോടൊപ്പം കേറിടാൻ പാടില്ലാത്തൊ-
രന്നാകമാശിപ്പീല താനെന്നാൻ യുധിഷ്ഠിരൻ.
നമ്മളോ മന്നിൽതന്നെ നമ്മൾതൻ ഭ്രാതാക്കളെ-
ദ്ധർമ്മത്തിൻ പേരിൽത്തല്ലിയോടിപ്പോരദ്വൈതികൾ!
ആകവേ നരബലി ജാതിയാം പിശാചിന്നു
ഹാ! കോടക്കണക്കിന്നു നൽകുവോരഹിംസകർ !!
“മാറെ” ന്നു നാമിന്നോതും വാക്കു നാം നാളെക്കേൽക്കും
നൂറുനൂറിരട്ടിച്ചു നാകത്തിൻ ദ്വാരത്തിങ്കൽ.
മുറ്റുമേ ലോകാചാര്യൻ ശങ്കരൻ പോലും ചൊല്ലി-
തെറ്റേറ്റ വാക്കാണാവാക്കെന്നു നാം മറക്കൊല്ലേ!
Leave a Reply