സ്വർഗ്ഗവും നരകവും
നാകമാം വെണ്മാടവും നാരകച്ചളിക്കുണ്ടും
ലോകനായകൻ തീർത്തുമർത്ത്യരോടരുൾചെയ്‌തു;
‘എങ്ങോട്ടു പോകും നിങ്ങൾ?’ ഏവരും ചൊന്നാരൊപ്പം
‘ഞങ്ങൾ പോംവെണ്മാടത്തിൽ; കണ്ടിൽച്ചെന്നെവൻവീഴും?’
‘ഒന്നു നില്‌ക്കുവിൻ വത്സർ’ എന്നോതി ക്ഷണം തീർത്താൻ
പൊന്നിനാൽക്കുണ്ടിൻ പാത വർഷിച്ചാൻ രത്‌നങ്ങളെ;
കണ്മുനത്തെല്ലാൽ വിശ്വം കാൽക്കീഴിലാക്കും വേശ്യ-
പ്പെൺമണിക്കൂട്ടത്തെയും നിർത്തിനാനെങ്ങും നീളെ.
കണ്ടകം വാരിത്തൂകി വാളിൻ വായ്‌ത്തലയ്‌ക്കൊപ്പം
വിണ്ടലപ്പാതയ്‌ക്കുള്ള വിസ്‌താരം ചുരുക്കിനാൽ;-
ത്യാഗിതന്നധ്വാവെന്നു കൈകാട്ടിത്തൂൺനാട്ടിനാൻ
ഭീകരം മരുപ്രായമമ്മാർഗ്ഗം സുദർഗ്ഗമം.
‘പോരുവിൻ വേണ്ടും വഴി’ ക്കെന്നജൻ ചൊല്ലും മുന്നേ
നാരകം നരാകീർണ്ണം ! നിർമ്മർത്ത്യഗന്ധം നാകം ! !