iii

വൈമല്യം വാച്ചിടുമാ വ്യാധൻ തൻ വാക്യം പാഞ്ഞു
വാർമെത്തും ഗങ് ഗയ്ക്കൊപ്പം ഭിക്ഷുവിൻ മനക്കാമ്പിൽ.
കോപമാം ചെന്തീ കെട്ടു; മോഹമാം ധൂമം നീങ്ങി;
താപസശ്രേഷ്ഠൻ വീണ്ടും സ്വസ്ഥനായി ശമാധീനൻ.
ഓർക്കയും ചെയ്താൻ: “ഹാ ഞാനെന്തയ്യോ പുലമ്പിനേൻ
മൗർഖ്യത്താലിസ്സിദ്ധന്റെ മാഹാത്മ്യം ഗ്രഹിക്കാതെ?
പൊൻമേടത്തലയ്ക്കുമേൽ കാക്കതൻ കാഷ്ഠം വീഴാം:
നിമ്നമാം ഖനിക്കകം ഹീരവും വിളഞ്ഞിടാം.
താർമകൻ തൻകൈക്കളി കണ്ടതാർ? പൊഴിക്കുന്നു
നാന്മറപ്പുന്തേൻമാരി നാവിനാൽ നായാടിയും.
കൗശികദ്വിജാഹന്താഹന്താവാം ധർമ്മവ്യാധൻ
വ്യാസനാൽ പ്രകീർത്തിതൻ; തദ്വംശമേതദ്വംശം.
എന്നെയും സമ്പൂർണ്ണനായ്ത്തീർക്കുവാനിദ്ദേഹത്തിൻ
സന്നിധാനത്തെദ്ദൈവം കല്പിച്ചാൽ തെറ്റെന്തതിൽ?”
ഇത്തരം ചിന്തിച്ചോതി വീണ്ടുമപ്രജ്ഞാശാലി
“സത്യം താൻ ഭവദ്വാക്യം സർവവും മഹത്മാവേ!
ആവതും യോഗസ്ഥനായ് വാഴ്കിലും കൂടെക്കൂടെ –
ദ്ദൈവം ഞാൻ സ്ഖലൽപദൻ മർത്ത്യനെന്നോർപ്പിക്കുന്നു.

 

അങ്ങയെദ്ദർശിച്ചാവാമെൻ ശാപവിമോചന –
മങ്ങേക്കൈ തൊട്ടിട്ടാവാമെൻ തേരിൻ പുരോഗതി.
വൈശസം ചെയ്തേനല്ലോ ഞാനങ്ങേയ്ക്കന്തേവാസി;
യാചിപ്പൻ ക്ഷമാഭിക്ഷ – യായതെൻ യതിവ്രതം.
എങ്ങുമിച്ചരാചരബ്രഹ്മാണ്ഡഭാണ്ഡത്തിന്ക –
ലങ്ങയെക്കാണ്മോരങ്ങെന്നദ്ധ്യാത്മവിദ്യാചാര്യൻ.
പൂജ്യപാദനായുള്ള ഗോവിന്ദഗുരുവോടും
പ്രാജ്യമാമീവിദ്യ ഞാൻ പാതിയേ പഠിച്ചുള്ളു.
അങ്ങുതാൻ തദുൽഗ്രന്ഥശിക്ഷകൻ – യാവജ്ജീവ –
മങ്ങേയ്ക്കെൻ സഭാജനമദ്വൈതപ്രവക്താവേ !”
എന്നുരച്ചവൻ ചൊല്ലി പഞ്ചകം മനീഷാഖ്യം
പിന്നത്തെസ് സൂത്രഭാഷ്യമന്ത്രത്തിൻ പ്രണവമായ്.
അന്നമന്ദാനന്ദാശ്രുമഗ്നനാമദ്ധന്യന്നു
പുണ്യമാം ഗംഗാസ്നാനം പുനരുക്തമായ്ത്തീർന്നു.