മണിമഞ്ജുഷ (കാവ്യസമാഹാരം)
കാലം
കാലമാം ചതുഷ്പാത്തിൻ പിന്നിൽ നിന്നോതീടുന്നു
“കാലമൊക്കെയും ചെയ്യും ചെയ്യുന്നു” ണ്ടെന്നായ്ച്ചിലർ
ആ വാക്യം കാലം കേട്ടു പിന്തിരിഞ്ഞുരയ്ക്കുന്നു;
“ദൈവാദിഷ്ടം താനെനിക്കെൻ ധർമ്മം- പുരോഗതി.
പക്ഷേ ഞാൻ ഗരുത്മാന,ല്ലല്പാല്പം മുന്നോട്ടു കാൽ
വച്ചുവച്ചിഴഞ്ഞിഴഞ്ഞെൻലക്ഷ്യം നോക്കിപ്പോകും.
എത്രമേൽ ഭാരം മർത്ത്യരെൻ ചുമൽപാട്ടിൽക്കേറ്റു-
മത്രമേൽപ്പതുക്കെയാമെൻയാനം തദുന്മുഖം.
എൻപേരിൽ നിങ്ങൾക്കില്ല വിശ്വാസം; ഉണ്ടെന്നാകി-
ലെൻഭാരം കുറേപ്പേറാൻ നിങ്ങൾക്കും ശിരസ്സില്ലേ?
എന്നെവിട്ടൊഴിഞ്ഞാലും പോരുമിപ്പിട്ടോതാതെ
പിന്നിൽനിന്നെൻ കാൽ കെട്ടും സൂത്രക്കാർ ഭവാദൃശർ.
‘കാലമൊക്കെയും ചെയ്യും ! ചെയ്യില്ലേ?’ നിങ്ങൾക്കെന്തു
വേലയിമ്മന്നിൽപ്പിന്നെ? ത്തീറ്റിയും തിമിർപ്പുമോ?”
Leave a Reply