ബൌദ്ധനായ പെരുമാൾ:

 

അനന്തരം കലിയുഗം സ്വല്പം മുഴുത്തകാലം ബ്രാഹ്മണർ പരദേശത്തു ചെന്നു, ബാണപുരത്തിൽനിന്നു ബാണപ്പെരുമാളെകൂട്ടികൊണ്ടു പോന്നു. അല്ലൂർ പെരുങ്കൊയിലകത്തു കൈ പിടിച്ചിരുത്തി. ആ പെരുമാൾ വാഴുന്ന (കാലത്തു) ബൌദ്ധന്മാർ വന്നു പെരുമാളെ കണ്ടു. ബൌദ്ധശാസ്ത്രത്തിന്റെ പ്രാമാണം ആക കേൾപ്പിച്ചതിന്റെ ശേഷം “ഇതത്രെനേരാകുന്നത്” എന്ന് പെരുമാൾക്ക് ബോധിച്ചു, അന്നേത്തെ പെരുമാൾ ബൌദ്ധമാർഗ്ഗം ചേരുകയും ചെയ്തു. ആ പെരുമാൾ ബ്രാഹ്മണരെ വരുത്തി ബ്രാഹ്മണരോട് ചോദ്യം തുടങ്ങി, ഈ മലനാട്ടിലേക്ക് എല്ലാവരും ഈ മാർഗ്ഗം അനുഷ്ഠിക്കേണം എന്നു കല്പിച്ച ശേഷം, എല്ലാവരും ബുദ്ധികെട്ട്തൃക്കാരിയൂർക്ക് വാങ്ങുകയും ചെയ്തു. ഒരുമിച്ചു തൃക്കാരിയൂർ ഇരുന്ന ഗ്രാമങ്ങളിൽ വലിയ പരിഷകൾ എല്ലാവരെയും ഭരിപ്പിക്കും കാലം പലരെയും സേവിച്ചിട്ട് നിത്യവൃത്തി കഴിക്കുമ്പോൾ ശുദ്ധാശുദ്ധി വർജ്ജിച്ചുകൊൾവാനും വശമല്ലാഞ്ഞു, മനഃപീഡ പാരം ഉണ്ടായതിന്റെ ശേഷം ഈശ്വരാനുഗ്രഹം കൊണ്ട് ഒരു മഹർഷി അവിടേക്കെഴുന്നെള്ളി, ജംഗമൻ എന്ന പേരാകുന്നതു. ആ മഹർഷിയോട് അവിടെയുള്ള ബ്രാഹ്മണർ എല്ലാവരും കൂടി ഒക്കത്തക്ക ചെന്നു, സങ്കടം ഉണർത്തിച്ചതിന്റെ ശേഷം, മഹർഷി അരുളിച്ചെയ്തു “ഈ വെച്ചൂട്ടുന്നെടത്തുണ്ടാകുന്ന അശുദ്ധിദോഷം പോവാൻ ഞാൻ ഒരു പ്രായശ്ചിത്തം നിങ്ങൾക്ക് ഗ്രഹിപ്പിച്ച് തരാം; അതാകുന്നതു: അസ്തമിച്ചാൽ ഒരു വിളക്കു വെച്ചു ബ്രാഹ്മണർ ദീപപ്രദക്ഷിണം ചെയ്തു കൊൾവു” ദീപപ്രദക്ഷണം ചെയ്‌വാൻ മഹർഷി ഒരു ഗാനവും ഉപദേശിച്ചു കൊടുത്തു: ബ്രഹ്മസ്തുതിയാകുന്നതിഗ്ഗാനം “ഇതിന്നു നിങ്ങൾക്ക് ഒരു ദേവൻ പ്രധാനമായി ഗാനം ചെയ്തു കൊൾവാൻ തൃകാരിയൂരപ്പൻ തന്നെ പരദേവത” എന്നുമരുളിച്ചെയ്തു. നിത്യം ഇതു ഗാനം ചെയ്തുകൊണ്ടാൽ നിങ്ങളുടെ സങ്കടങ്ങൾ ഒക്കവെ പോവാൻ കഴിവു വരും എന്നിങ്ങിനെ അരുളിച്ചെയ്തു മഹർഷി എഴുന്നെള്ളുകയും ചെയ്തു. അനന്തരം ബ്രാഹ്മണർ അസ്തമിച്ചാൽ ഒരു വിളക്കും വെച്ചു, ദീപപ്രദക്ഷിണം ചെയ്തു തുടങ്ങുമ്പോൾ , പരദേശത്തുനിന്ന് ആറു ശാസ്ത്രികൾ വന്നു, ഒന്നു ഭാട്ടാചാര്യൻ, ഒന്നു ഭാട്ടബാണൻ, ഒന്നു ഭാട്ടവിജയൻ, ഒന്നു ഭാട്ടമയൂരൻ, ഒന്നു ഭാട്ടഗോപാലൻ, ഒന്നു ഭാട്ടനാരായണൻ. ഇങ്ങിനെ ൬ ശാസ്ത്രികൾ വന്നപ്പോൾ, അവിടെ ഉള്ള ബ്രാഹ്മണരോട് പറഞ്ഞു, “നിങ്ങൾക്ക് ബൌദ്ധന്മാരെ കൊണ്ടുള്ള സങ്കടങ്ങൾ ഞങ്ങൾ പോക്കുന്നുണ്ട്, നിങ്ങൾ ഏതും ക്ലേശിക്കേണ്ട” എന്ന് പറഞ്ഞപ്പോൾ, ബ്രാഹ്മണർ പ്രസാദിച്ചു, ശാസ്ത്രികളുമായി ഒക്കത്തക്ക ചെന്നു, മാർഗ്ഗം പുക്ക പെരുമാളെ കണ്ടു ശാസ്ത്രികൾ പറഞ്ഞു, “അല്ലയോ പെരുമാൾ എന്തീയബദ്ധം കാട്ടിയതു”എന്നു പറഞ്ഞു, പല വഴിയും പെരുമാളോട കല്പിച്ചതിന്റെ ശേഷം “ഇതത്രെ നേരാകുന്നത്” എന്നു പറഞ്ഞാറെ, ശാസ്ത്രികൾ കലിച്ചു “എന്നാൽ, ബൌദ്ധന്മാർ ഞാങ്ങളും കൂടി ഈ ശാസ്ത്രം കൊണ്ട് വിവാദിച്ചാൽ, ഞാങ്ങൾ തോറ്റുവെന്നു വരികിൽ ഞാങ്ങളെ നാവു മുറിച്ചു നാട്ടിൽ നിന്നു കളവൂ. എന്നിയെ ബൌദ്ധന്മാർ തോറ്റുവെന്നു വരികിൽ, അവരുടെ നാവു മുറിച്ചു അവരെ നാട്ടുന്നു ആട്ടിക്കളവൂ ” എന്നു കേട്ടാറെ ” അങ്ങിനെ തന്നെ ” എന്നു പെരുമാൾ സമ്മതിച്ചു .ശാസ്ത്രികളും ബൌദ്ധന്മാരുമായി വാദം ചെയ്തു, ബൌദ്ധന്മാരുടെ ഉക്തി വീണു, അവർ തോല്ക്കുകയും ചെയ്തു. പെരുമാൾ അവരുടെ നാവു മുറിച്ചു ശേഷമുള്ളവരെ നാട്ടിൽനിന്നു കളവൂതും ചെയ്തു“ഇനി മേലിൽ ബൌദ്ധന്മാർ വന്നു വിവാദിക്കുമ്പോൾ, വാദിച്ചുകൊണ്ടാലും എന്നെ രാജാവു പറയാവു, പിന്നെ വേദാന്തിയോട് അവരെ ശിക്ഷിച്ചു കളയാവു എന്നെ”പിന്നെ വാണ പെരുമാളെക്കൊണ്ടു സമയം ചെയ്യിപ്പിച്ചു, മാർഗ്ഗം പുക്ക പെരുമാൾക്ക് വസ്തുവും തിരിച്ചു കൊടുത്തു, വേറേ ആക്കുകയും ചെയ്തു. “ബൌദ്ധശാസ്ത്രം ഞാൻ അനുസരിക്കകൊണ്ടു എനിക്ക് മറ്റൊന്നിങ്കലും നിവൃത്തി ഇല്ല എന്നു കല്പിച്ചു, അപ്പെരുമാൾ ആസ്ഥാനത്തെ മറ്റൊരുത്തരെ വാഴിച്ചു, ഇങ്ങനെ നാലു സംവത്സരം നാടു പരിപാലിച്ചു, മക്കത്തിന്നു തന്നെ പോകയും ചെയ്തു. ബൌദ്ധന്മാർ ചേരമാൻ പെരുമാള മക്കത്തിന്നത്രെ പോയി, സ്വർഗ്ഗത്തിന്നല്ല എന്നു പറയുന്നു. അതു ചേരമാൻ പെരുമാളല്ല; പള്ളിബാണപെരുമാളത്രെ; കേരളരാജാവു ചേരമാൻ പെരുമാൾ സ്വർഗ്ഗത്തിന്നത്രെ പോയതു. ശേഷം നാലു പെരുമാക്കൾ വാഴ്ച കഴിഞ്ഞ് അഞ്ചാമത് വാണ പെരുമാൾ ചേരമാൻ പെരുമാൾ.