കേരളോല്പത്തി
ബ്രാഹ്മിണിക്ക് വെളിച്ചടങ്ങു പാടുക തന്നെ ജീവിതം. പിഷാരോടിക്ക് സന്യാസിയുടെ ആചാരവും ക്ഷേത്രത്തിങ്കൾ അടിച്ചു തളിയും മാലകെട്ടും കല്പിച്ചു, കൈലാസവാസിയെ ക്ഷേത്രപ്രവൃത്തിക്കു കല്പിച്ചു, അവന്റെ പക്കലാക്കിയ സ്ത്രീക്കു അടിച്ചു തളി പ്രധാനമാക്കി വാരിയത്തി എന്നു പേരും വാരിജാതിക്ക ക്ഷത്രിയരുടെ പുലയും പുണ്യാഹവും പുഷ്പകന്റെ പ്രവൃത്തിയും കല്പിച്ചു. ഇതിൽ പെറ്റും പിറന്നും ഉണ്ടായവർ ഒക്കയും ആഴുവാഞ്ചേരിതമ്പ്രാക്കളുടെത് എന്നു പറയുന്നു.ശ്ലാഘ്യാരിൽ പുരുഷന്നു ചാക്യാർ എന്നും സ്ത്രീക്കു നങ്ങ്യാർ എന്നും പേർ. ഈശ്വരകഥകളെ പ്രകടിച്ചു പറക, വ്യാകരണം നാടകപുരാണങ്ങളും വായിക്ക, കൂത്താടുക കൂത്തു പറയിക്ക, അവർക്ക് പല കർമ്മങ്ങൾക്കായിട്ടും ചാർന്നവർ എന്ന ഒരു കൂട്ടത്തെ കല്പിച്ചു; അവർ നമ്പിയാർ, അതിൽ ഇളയതു ശ്രദ്രർക്കു ശ്രാദ്ധത്തിന്നു ചോറുവെപ്പിച്ചു വാങ്ങുക. മൂസ്സതു ഊരിലെ പരിഷ തങ്ങന്മാർ പരശുരാമദോഷം ഏല്ക്കുകകൊണ്ടു ബ്രാഹ്മണകർമ്മം ഒന്നും ഇല്ല. ഇവരോടു കൂടുന്ന ചെലമ്പാണ്ടികൾ തിരുവന്തപുരത്ത് ഭഗവാന്റെ അടിയാർ, ശാസ്താവിങ്കൽ കൂത്താടുവാൻ തീയാടിനമ്പി എന്നൊരു പരിഷയും കല്പിച്ചു, തൈയമ്പാടി എന്നൊരു ചാർന്ന പരിഷയും ഉണ്ടു. അവർ കളം എഴുതി ദൈവം പാടുന്നവർ; ഭദ്രക്കാളി അടിയാന്മാരുടെ പൂജ ഉള്ളേടത്ത് കഴകപ്പൊഴുതിക്കായിട്ട് ചാർന്നവർ എന്ന മാനാരി പുത്തില്ലം അങ്ങിനെ രണ്ടു കൂട്ടത്തെ കല്പിച്ചു. ഇവരും ഉണിത്തിരിമാരും അമ്പലവാസികളിൽ കൂടിയവർ, മാരയാർ അമ്പലവാസികളിൽ കൂടുക ഇല്ല; അവർ വാദ്യ പ്രയോഗക്കാർ കൊട്ടുമാരയാർ അസ്ഥികുറച്ചി, അസ്ഥിവാരി, ശവസംസ്കാരത്തിൽ പരിചാരം ചെയ്തുകൊണ്ടു പരിയരത്തവരിൽ ആകുന്നു. ഇവർ ഒക്ക നാലു വർണ്ണത്തിൻ ഇടയിൽ പെട്ട അന്തരജാതികൾ.
ക്ഷത്രിയരിൽ സൂര്യവംശവും സോമവശംവും രണ്ടു വകയിൽ മൂഷികക്ഷത്രിയനും മുടിക്ഷത്രിയനും സാമന്തരും ഉണ്ടു. ഏറാടിയും നെടുങ്ങാടിയും വെള്ളൊടിയും അവരിൽ താണ പരിഷ എന്നും അടിയോടികൾ എന്നും പറയുന്നു. മയൂരവർമ്മൻ മലയാളം തൗളവം വാണതിൽ പിന്നെ ഉണ്ടായ രാജാക്കന്മാരുടെ നാമധേയാന്ത്യത്തിങ്കൽ ഒക്കയും വർമ്മൻ ശർമ്മൻ എന്നുള്ള പേർ കൂടുന്നു.
വൈശ്യന്മാർ മലയാളത്തിലുണ്ടു എന്നും ഇല്ല എന്നും പറയുന്നു; വയനാട്ടിലുണ്ടു.
Leave a Reply