മണിമഞ്ജുഷ (കാവ്യസമാഹാരം)
ഐക്യഗാഥ
ഇമ്മരത്തോപ്പിലെത്തൈമണിക്കാറ്റിന്റെ
 മർമ്മരവാക്യത്തിന്നർത്ഥമെന്തോ?
 എന്നയൽക്കാരനിൽനിന്നു ഞാൻ ഭിന്നന–
 ല്ലെന്നങ്ങു നിന്നിതു വന്നുരയ്പൂ
 മാനത്തു വട്ടത്തിൽപ്പാറുമിപ്പക്ഷിതൻ
 തേനൊലിക്ഷാനത്തിൻ സാരമെന്തോ?
 എന്നയൽനാട്ടിൽനിന്നെൻനാടു വേറെയ–
 ല്ലെന്നതു രണ്ടും കണ്ടോതിടുന്നു
 തൻതിരമാല തന്നൊച്ചയാലീയാഴി
 സന്തതമെന്തോന്നു ഘോഷിക്കുന്നു?
 ഭൂഖണ്ഡമൊന്നിനൊന്നന്യമല്ലെന്നതി–
 താകവേ തൊട്ടറിഞ്ഞോതിടുന്നു.
 വ്യോമത്തിൽ നിന്നിടിദ്ദുന്ദുഭി കൊട്ടിയി-
 ക്കാർമുകിലെന്തോന്നു ഗർജിക്കുന്നു?
 രണ്ടല്ല നാകവുമൂഴിയുമെന്നതു
 രണ്ടിനും മദ്ധ്യത്തിൽ നിന്നുരയ്പൂ
 മന്ദമെൻഹൃ,ത്തതിൻ സ്പന്ദത്താൽച്ചെയ്യുമീ–
 മന്ത്രോപദേശത്തിൻ മർമ്മമെന്തോ?
 ആപ്പരബ്രഹ്മം താൻ ഞാനെന്നു കൂറുന്നു
 രാപ്പകലെന്നോടെന്നന്തര്യാമി

Leave a Reply