മണിമഞ്ജുഷ (കാവ്യസമാഹാരം)
4
മണിയറയ്ക്കരികിലായ് മങ്കയൊരു ശബ്ദംകേട്ടാൾ;
മണവാളൻ വന്നുവെന്നായ് മത്താടിക്കൊണ്ടാൾ.
ഭാവം മാറി ഹാവമായി; ഹാവം മാറി ഹേലയായി;
പൂവൽമേനി പുളകത്താൽ ഭൂഷിതമായി;
ആരതെന്നു താർമിഴിയാൽ നോക്കീടവേ കാണുംമാറായ്
ഹീരദത്തൻ നിജതാതൻ നില്പതു മുന്നിൽ.
ഒന്നു ഞെട്ടിപ്പിൻവലിഞ്ഞു സങ്കുചിതശരീരയായ്
സുന്ദരാംഗി ജനകൻതൻ പാദം ഗ്രഹിച്ചാൾ
“കൈതൊഴുന്നേൻ പിതാവേ! ഞാൻ, കനിഞ്ഞാലു”മെന്നു ചൊന്നാൾ
ഭീതിയോടും ലജ്ജയോടും സംഭ്രമത്തോടും.
“മതി ഭാമേ! മതി പോകൂ മണിയറയ്ക്കുള്ളിൽ! നിന്റെ
പതിയുണ്ടോ വന്നുവെന്നു പരിശോധിച്ചേൻ;
വേറെയൊന്നുമില്ല ചൊൽവാൻ” എന്നുരച്ചാൻ ദത്തൻ നാവാൽ;
വേറിട്ടൊരു മനോഗതമാനനത്താലും
കോപമുണ്ടു, താപമുണ്ടു, നിന്ദയുണ്ടു, തന്മുഖത്തിൽ;
ഹാ! പിഴച്ചതെന്തു താനെന്നറിഞ്ഞുമില്ല.
ഏകപുത്രി ഹീരന്നവൾ, ഏതുനാളും ജനകനിൽ
കൈകടന്ന കനിവൊന്നേ കാണുമാറുള്ളോൾ;
ഏന്തൊരാപത്തെന്നോർത്തു ബന്ധുരാങ്ഗി നടുങ്ങവേ
പിന്തിരിഞ്ഞു നടകൊണ്ടാൻ ഭീതിദൻ താതൻ.
5
വലിശതനതോന്നതം വക്ത്രമേറ്റം വിറയ്ക്കവേ;
കലിതുള്ളിക്കരൾക്കളമഴിഞ്ഞീടവേ;
ഇറങ്ങുന്നു കോണിവഴി ഹീരദത്തൻ; ചിലതെല്ലാം
പറയുന്നു തന്നോടായിപ്പലിതാപീഡൻ
“പരിഷ്കാരം പോലുമിതു! ഭഗവാനേ! മുടിഞ്ഞോരി-
പ്പരിഷ്കാരത്തിൻ തലയിലി-ടി വീ-ഴണേ!
പാതകപ്പാഴ്ച്ചരക്കേറ്റും പടിഞ്ഞാറൻ പടവിതു
പാതാളത്തിന്നടിയിൽപ്പോയ്പ്പതിക്കണമേ!
എത്തിയല്ലോ കലിമുറ്റിയിന്നിലയിൽ-; മനുവിന്റെ
“ന സ്ത്രീ സ്വാതന്ത്ര്യമർഹതി” നാടുവിട്ടല്ലോ!
ഏവളിവൾ? എന്റെ മകൾ ഭാമയല്ല-മൂവന്തിയിൽ
തേവിടിശ്ശി ചമയുന്ന ധിക്കാരക്കാരി.
ശീലമെന്യേ ശീലയുണ്ടോ, നാണമെന്യേ കാണമുണ്ടോ
ബാലികയാൾക്കൊരു കുലപാലികയാകുവാൻ?
ഓമനപ്പൂന്തിങ്കളെന്നു ഞാൻ നിനച്ചോരിജ്ജ്യോതിസ്സു
ധൂമകേതുവായോ തീർന്നു? ധൂതമെൻ ഭാഗ്യം!
നടക്കട്ടെ പുതുമോടി; നശിക്കട്ടെ പൂർവാചാരം;
ഒടുക്കത്തെപ്പെരുവെള്ളമുടൻവരട്ടെ”
എന്നു ചൊല്ലിപ്പിതൃപാദനിറങ്ങുന്നു; സന്നതാങ്ഗി
തന്നുടയ വിധിയോർത്തു തപിച്ചിടുന്നു
“ഇതുമങ്ങേ ലിഖിതമോ വിധാതാവേ? ജനകന്നു
പതിദേവതയാം ഞാനോ പദവിവിട്ടോൾ?
എൻപ്രിയനെബ്ഭജിക്കുവാൻ ഞാൻ തുടരും സതീവ്രത-
മെൻപിതാവിന്നിത്രമാത്രം ഹിതമല്ലെന്നോ?
കന്യയല്ല, രണ്ഡയല്ല, പരിവ്രാജകയുമല്ല;
തന്വിയാം ഞാൻ ചരിക്കുന്നു തൻ വധൂ ധർമ്മം
സാദരമെൻമേനിയാമിപ്പൊന്മലരാൽ പ്രിയൻ നിൽക്കെ-
യേതു ദേവദേവനെനിക്കാരാദ്ധ്യനാവൂ?
ഹന്ത ഞാനെൻപിതാവിന്നുമപലപനീയയായാ–
ലെന്തുതന്നെയെന്നെ നോക്കിയന്യരോതില്ല?”
എന്നു ചൊല്ലിക്കരയുന്നു കിളിമൊഴി; കുളുർമുല–
ക്കുന്നു രണ്ടും കഴുകുന്നു ചുടുകണ്ണീരിൽ.
Leave a Reply