6

മണവാളൻ ഹൈമൻ വന്നാൻ മണിയറയ്ക്കുള്ളിൽ; കണ്ടാൻ
പ്രണയിനി കിടപ്പതു പരവശയായ്.
ദീനയവളാത്മതാപം തൻവപുസ്സാൽ നിവേദിപ്പൂ
മീനവേനൽവരട്ടിന പൂമ്പൊഴിൽപോലെ
എഴുന്നേറ്റാൾ; സമീപിച്ചാൾ, സൽക്കരിച്ചാൾ; സല്ലപിച്ചാൾ
മുഴുമതിമുഖിയെന്നും മുന്നിലെപ്പോലെ
അതിലൊരു കുറവൊന്നുമനുഭൂതമല്ലെന്നാലും
സതിയവൾ തൻസഹജം വെടിഞ്ഞോളെന്നും
പരിതാപമേതിനോടോ പടപൊരുതത്രേ ചെയ്‌വൂ
പരിചര്യ തനിക്കെന്നും, പതിക്കു കാണാം.
“അരുതരുതഴലേതുമരുവയർമണിമുത്തേ!
തിരുവുരുമലരെങ്ങോ? ചിന്താഗ്നിയെങ്ങോ?
ഏതുപിഴയറിയാതെ ചെയ്തുപോയ് ഞാൻ? അതിന്നെത്ര

പാദപാദശതം വേണം പ്രായശ്ചിത്തമായ്?
പ്രാണനാഥേ! തുറന്നോതൂ പരമാർത്ഥം! ശകാരിക്കൂ!
വേണമെങ്കിൽ പ്രഹരിക്കൂ പൊൻതളക്കാലാൽ!”
എന്നുരച്ചു തൻവദനമുറ്റുനോക്കും പ്രിയനോടു
തന്വി ചൊന്നാൾ:-“ഒന്നുമില്ലിതൊന്നുമേയില്ല!
അബലമാർക്കനിയതം ഹസിതവും രുദിതവും –
അബദ്ധത്തിൽ കരഞ്ഞുപൊയ് ചിരിക്കേണ്ടോൾ ഞാൻ.
എന്നുചൊല്ലിക്കുളിരിളംപുഞ്ചിരിപൂണ്ടനുകനെ- –
സ്സുന്ദരിയാൾ സുഖിപ്പിച്ചാൾ സുഖകരമായി
ആ രജനിയത്തരത്തിലങ്ഗനതന്നകപ്പൂമാ- –
ലാരുമാരുമറിയാതെ കഴിഞ്ഞുകൂടി.

8

അടുത്തനാളന്തിനേരമരികിൽ വന്നച്ഛൻ കണ്ടാൻ
മടുത്തൂകും മൊഴിയാളെ മറ്റൊരുമട്ടിൽ.
കോതിവകഞ്ഞൊതുക്കാത്ത കൂന്തലിങ്കലലരില്ല;
പാതിമതിനുതലിങ്കൽ ചാന്തുപൊട്ടില്ല;
കാതിൽ വൈരക്കമ്മലില്ല; കൈയിൽ മണിവളയില്ല;
കാലിലിളങ്കുയിലൊലിപ്പൊൻ ചിലമ്പില്ല;
ഹാരമില്ല കഴുത്തിങ്കൽ; കാഞ്ചിയില്ല കുടിയിങ്കൽ;
ഹീരരത്നഭൂഷയില്ല നാസികയിങ്കൽ;
ഒട്ടുമൊരു പൊൻനുറുക്കിൻ തൊട്ടുതെറിപ്പേറ്റിടാതെ
കെട്ടുമിന്നും കഴുത്തുമായ്ക്കേവലമയ്യോ!
അരിയ തൻ മലർമെയ്യിലതിന്നേതുമിണങ്ങാത്ത
വെറുമലവലപ്പഴമ്പുടവ ചുറ്റി
പാട്ടിൽ ചിന്താനിമഗ്നയായ്ഭാമ വാഴ്‌വൂ മുഖംതാഴ്ത്തി- –
യേട്ടകേറി ഗ്രസിക്കുന്നോരിന്ദിരപോലെ.
ചാരിതാർത്ഥനായി ദത്തൻ; തനതോമൽത്തനയയിൽ
പരിപൂർണ്ണപ്രത്യയത്താൽ പ്രസന്നനായി;
“കൺകുളിപ്പിച്ചിയലുമിക്കാഴ്ചയാൽ ഞാൻ ജയിക്കുന്നേൻ
എൻകുലത്തിൽ മുതുനന്മയ്ക്കിടിവില്ലിന്നും.
ഭാമയെന്റെ പൈതലല്ലേ? ഭാഗധേയത്തിടമ്പല്ലേ?
പാമരൻ ഞാനവളിലോ പാതകമോതി?
ഭാമേ! നിന്നെബ്ഭജിക്കട്ടെ ഭാവുകങ്ങൾ” എന്നു ചൊന്നാൻ;
ഭാമയതു പാതികേട്ടു; പാതികേട്ടീല
ജനകനും നടകൊണ്ടാൻ ചിബുകത്തിൻ വെളുപ്പിന്നു
പുനരുക്തിയരുളുന്ന പുഞ്ചിരിതൂകി.

വരനുടൻ വന്നുചേർന്നാൻ; വനിതമാർമുടിപ്പൂൺപിൻ
പരവശനില കണ്ടാൻ; പരിതപിച്ചാൻ
“കരഞ്ഞാളിന്നലെ രാവിൽ കരൾനൊന്തെൻ കളവാണി;
പരമാർത്ഥമെന്നിൽ നിന്നു മറച്ചുവച്ചാൾ
നളിനാക്ഷി പൂണ്ടിരുന്നാൽ നവവധൂചിതവേഷം;
കുളിരെനിക്കരുളിനാളകതളിരിൽ.
പേർത്തുമിന്നാമട്ടുവിട്ടെൻ പ്രേമധാമമമരുന്നു
ബൗധസംഘാരാമത്തിലെബ്ഭിക്ഷുണിപോലെ
മതിർഭ്രമമുദിക്കയോ? മറുത താൻ ഗ്രഹിക്കയോ?
പതിയുടെ ചിത്തവൃത്തി പരീക്ഷിക്കയോ?
എന്നു ചിന്തിച്ചമ്പരക്കും തൻ പ്രിയനോടോതി ഭാമ;
“സുന്ദരമോ ദയിതന്നിശ്ശുദ്ധമാം വേഷം?”
“എന്തുചോദ്യമിതു ഭാമേ? നിൻ പ്രിയൻതൻ വധു നീയോ?
നിൻ തുകിലോ? നിന്നണിയോ? നിൻ തിലകമോ?
ശങ്കയെന്തിന്നിത്തരത്തിൽ? തത്വമോർക്കൂ! ഭവതിക്കു
തങ്കമേ! ഞാനെന്നുമെന്നും ദാസാതിദാസൻ.
തന്വി! നിൻ നിരാഭരണസുന്ദരമാം തനുവിതു
മുന്നിലേറ്റം ദയിതന്നു മോഹനമല്ലീ?”
എന്നുരച്ചൊരുമ്മവച്ചാൻ പങ്കിലമാം തന്മുഖത്തിൽ;
തന്നുടയ ചൊടി കൈയാൽ തുടച്ചാൽ പിന്നെ
അതിനൊന്നും മറുപടിയളിവേണിയരുളാതെ
മൃദുമന്ദസ്മിതസിത വിതറി നിന്നാൾ
ആയിരവുമപ്പുറവും ചിന്തയവർക്കുള്ളിലേറ്റി-
യായിരവും ചെന്നുപറ്റിയഹർമ്മുഖത്തിൽ