III

പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ;
പ്രപഞ്ചമസ്മദ്വചനാമ്രേജനപണ്ഡിതമാം കീരം
പ്രപഞ്ചമസ്‌മൽഭാവവിഡംബന പാടവമാർന്ന നടൻ;
പ്രപഞ്ചഭൂമിയിൽവിതച്ചവിത്തിൻ ഫലത്തെ നാം കൊയ്‌വൂ;
പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിനുപകരം.
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം,
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം.
പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാ,-
ലീശ്വരസൃഷ്ടിയിലെങ്ങെങ്ങില്ലീയിതരേതരയോഗം?
പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം;
പ്രാണികുലത്തിൻ പ്രഥമാത്മഗുണം പരസ്പരപ്രേമം.
നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടി-ടാം;
നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ
മനവും മിഴിയും നാവും കരവും മന്നിൻ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മനുഷ്യർ ദേവന്മാർ
പാഷാണൗഷധിപക്ഷിമൃഗാദികൾ പല പല വടിവുകളിൽ
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി.
പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേക്ഷിപ്പോർക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം.
ഉലകാമുത്തമവിദ്യാലയമിതിലുപകാരോപനി,ഷ-
ത്തോതിക്കോനവനുപദേശിപ്പതുമുറക്കവേ കേൾക്കാം.
ഏകോദരസോദരർ നാമേവരു,മെല്ലാജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ
അടുത്തുനില്പോരനുജരെ നോക്കാനക്ഷികളില്ലാത്തോർ–
ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
അഹോ! ജയിപ്പൂ ജഗദാധാരമൊരത്ഭുതദിവ്യമഹ–
സ്സഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം.
ആഴ് വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യൻപുലയനിലു-
ണ്ടാദിത്യനിലുണ്ടണുകൃമിയിലുമുണ്ടതിൻ പരിസ്ഫുരണം
അരചർക്കരചനുമടിമയ്ക്കടിമയുമഭിന്നർ; ഉള്ളിലവർ–
ക്കതിൽക്കൊളുത്തിന തിരിതാ-ൻ കത്തുവതന്തഃകരണാഖ്യം