മണിമഞ്ജുഷ (കാവ്യസമാഹാരം)
“താഡിക്കയോ കുട്ടനെ നീ? അതിന്നു
തായാട്ടവൻ കാട്ടിയതാരൊടാവോ?
മാഴ്കുന്നുവെന്നോ മതിയെക്കൊതിച്ചു?
മറ്റെന്തിലെന്നോമന തെറ്റുകാരൻ?
അന്തിക്കണഞ്ഞമ്പിളി വിശ്വമിമ്മ-
ട്ടാകർഷണം ചെയ് വതനീതിയല്ല!
അതിന്റെ ശക്തിക്കടിമപ്പെടുന്നോ-
രാരോമലെൻ കുഞ്ഞപരാധിപോലും!
ആകാശ ഗങ്ഗയ്ക്കകമേ കരത്താ-
ലാരീ വെളുത്താമ്പൽ വിടുർത്തിടുന്നോൻ;
ആത്തിങ്കളല്ലീ പിഴയാളി-വത്സ-
നക്ഷിദ്വയം നൽകിനൊരാദിദേവൻ?
ചരിപ്പതെങ്ങമ്മതി; യങ്ങുനിന്നെൻ
തങ്കക്കുടം ധാത്രിയിൽ വന്നിരിക്കാം;
അവന്റെ കൃത്യങ്ങൾ കഴിച്ചു വീണ്ടു-
മങ്ങോട്ട് പോകുന്നതുമായിരിക്കാം..
പ്രാശിച്ചുവോ രോഹിണിതൻ മുലപ്പാൽ
പണ്ടെന്റെ കുട്ടൻ വിധുമണ്ഡലത്തിൽ?
വാരിക്കളിച്ചോ ബുധനോടുകൂടി
വാനപ്പുഴത്തൂമണൽ? ആരുകണ്ടു!
ഹാ! നാം നിനയ്ക്കും വിധമിക്കിടാവി-
ന്നജ്ഞാതനല്ലമ്പിളി,യായിടേണ്ട;
മുഴുക്കെയെൻ പൈതലിനുള്ളിൽനിന്നു
മുജ്ജന്മബന്ധസ്മൃതി മാഞ്ഞിടേണ്ട.
ആ വേഴ്ച ശീതാംശു മറന്നിരിക്കാം;
അല്ലെങ്കിലെന്തിത്ര വരാനമാന്തം?
അധഃപതിച്ചാൽ സ്വജനങ്ങളേയു-
മത്യുച്ചരാവോരറിവീലതന്നെ
അല്ലെങ്കിലും മംഗലദേവതയ്ക്കു-
കൂടപ്പിറപ്പാം കുളിർതിങ്കളിങ്കൽ
ആശാങ്കുരം വായ്പതിനാരെയാർക്കു
കുറ്റപ്പെടുത്താനധികാരമുള്ളൂ?
ആശിക്ക! സൃഷ്ടിയ്ക്കു ജഗൽ പിതാവു–
മാശിച്ചുവെന്നായ് ശ്രുതി പൊങ്ങിടുന്നു;
Leave a Reply