I

നമോസ്തുതേ മജ്ജീവനദായക! നടേശ! പരമാത്മൻ!
നരാഖ്യമങ്ങേ നർത്തകഗണമിതിൽ ഞാനുമൊരല്പാങ്ഗം.
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;
വിശ്വപ്രിയമായ് നടനം ചെയ് വതു വിധേയനെൻകൃത്യം.

 

അരങ്ങുലയ്ക്കാനരചൻ മതിയാമതിനു കൊഴുപ്പേകാ-
നനുചരനാവാ, മണിയാടകളല്ലഭിനയമതു സിദ്ധം.
അകമേ നിലകൊണ്ടതാതുചുവടുക,ളാമരുതെന്നുതിരി-
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യർ ധരിക്കാതെ.
അതൊന്നു കാണ്മാൻ മിഴികൾ തുറന്നാലന്നിമിഷംമുതൽ ഞാ-
നരങ്ങുമണിയറയും പുകഴും മട്ടാടാനതുചതുരൻ.
പരാപരാത്മൻ! ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം, പരദുഃഖം ദുഖം;
പരമാർത്ഥത്തില്പ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനും; അവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും; പ്രഭോ! നമസ്കാരം!