ആ കണ്ണുനീർ

ക്കണ്ണീർ- അതേ! പണ്ടു നാരദമഹർഷിതൻ
വാഗ്ഗങ്ഗയ്‌ക്കകം മുങ്ങിശ്ശുദ്ധമാം മനസ്സൊടും
കോൾമയിർക്കൊള്ളുന്നതാം മെയ്യൊടും തപോനിധേ!
വാല്‌മീകേ! ഭവാനാറ്റിൽ മദ്ധ്യാഹ്‌നസ്‌നാനത്തിനായ്
പോകവേ; നീഡദ്രുമപ്പുന്തേനാൽ യഥാകാല–
മാഗന്തു മന്ദാനിലന്നാതിഥ്യമാമ്മട്ടേകി
വാണിടും യുവക്രൗഞ്ചയുഗ്‌മത്തിൽ ഗൃഹേശനെ-
ബ്ബാണമെയ്‌തന്യായമായ് ലുബ്‌ധകൻ വധിക്കവേ;

 

വൈധവ്യശോകാഗ്നിയാൽ തപ്‌തയാം തൻപത്‌നിതൻ
രോദനം ഭൂദേവിതൻ കർണ്ണങ്ങൾ ഭേദിക്കവേ;
കണ്ടുപോലങ്ങക്കാഴ്ച-യല്ലല്ലക്കൂരമ്പുടൻ
കൊണ്ടുപോൽ, ക്കടന്നങ്ങേക്കണ്ണിലും കാരുണ്യാബ്‌ധേ!
തീക്കനൽദ്രവം കണക്കപ്പൊഴങ്ങുതിർത്തതാ–
മാക്കണ്ണീർക്കണം രണ്ടുമാർക്കുതാൻ മറക്കാവൂ!

2

മൗലിയിൽക്കിരീടമായ് മഞ്ഞിൻകുന്നിനെച്ചൂടി
മാറിങ്കൽപ്പൂണാരമായ് വാനോരാറ്റിനെച്ചാർത്തി,
വാണിടും പുണ്യക്ഷോണി കൂടിയും സന്താപത്തിൻ
ഹാനിക്കക്കണ്ണീർക്കണം കാത്തിരിക്കതാൻ ചെയ്‌തു;
ആത്തപ, സ്സാസ്വാദ്ധ്യായ, മാപ്രജ്‌ഞ, യാവിജ്‌ഞാന,-
മാദ്ദി, ക്കാപ്പുഴക്കരപ്പൂങ്കാ, വാനട്ടുച്ചയും
മുന്നവും വായ്-പോ-രങ്ങു മൂല്യമായെന്നേകിയ-
ക്കണ്ണുനീർമു, ത്തന്നു താൻ കാവ്യകൃൽപദം നേടി.
ശ്ശാഘ്യനാം വീണാവാദച്ഛാത്രനാകിലും ഭവാ–
ന്നാക്കണ്ണീർകണ്ണാടി താൻ കാണിച്ചു രാമായണം.
അർക്കൻതൻ കരത്തിനാൽത്തങ്കമിട്ടൊരാ വൈര–
ക്കൽക്കമ്മൽ കാതിൽച്ചാർത്തിക്കാരുണ്യസ്‌മിതം തൂകി,
ഭർത്താവിൻ ശ്രുത്യുക്തിയാൽ കല്‌പിച്ച ജിഹ്വാഗ്രം വി–
ട്ടെത്തിനാൾ നൃത്തംവയ്‌പാൻ വാഗ്‌ദേവിയങ്ങേ നാവിൽ.