മണിമഞ്ജുഷ (കാവ്യസമാഹാരം)
കീശസന്ദേശം
അടുത്തു പാതിരാ,വടച്ചു വാതിൽ ഞാൻ
 കെടുത്തു റാന്തൽ പോയ്ക്കിടന്നു മെത്തയിൽ:
 പുകച്ചിൽ വീണ്ടുമെൻ തലയ്ക്കു വായ്ക്കുന്നു:
 പകച്ചു നിൽക്കുന്നു ഭഗവതി സുപ്തി.
 “വരുവൊരുവഴി മറന്നവൾപോലെ–
 യിരുളിലെങ്ങെങ്ങു പരിഭ്രമിപ്പു നീ?
 തിരുവുരു തായയ്ക്കുരുകരുണതാൻ;
 വരൂ വരൂ! ദേവീ! തരൂ തരൂ സുഖം.”
 ഇവണ്ണം നിദ്രയോടിരന്നൊരെൻ മുറി
 സുവർണ്ണ വർണ്ണമായ്ച്ചമഞ്ഞു തൽക്ഷണം.
 കരിയിരുൾമഴമുകലിൻ മെയ് മിന്നി–
 യരിയതുമിന്നൽപ്പിണറണി ചാർത്തി.
 ഉറക്കമാർന്നൊരെൻ വിളക്കു തന്നെത്താ–
 നുണർന്നുവോ പെട്ടെ, ന്നിതെന്തൊരത്ഭു-തം?
 അതല്ല വാനിൽനിന്നണഞ്ഞു തേജസ്സൊ–
 ന്നധന്യനാമെന്നെയനുഗ്രഹിക്കയോ?
 അതികുതുകി ഞാൻ മിഴിരണ്ടും തുട–
 ച്ചതിഥിയാരതെന്നടുത്തു നോക്കിനേൻ.
 അലിവിലെൻ മുന്നിൽ വിലസുവതൊരു
 വലീമുഖവംശമകുടഹീരകം.
 കദളികാടവീനിഖാസി, രാഘവ–
 പദസരസിജമധുവ്രതവ്രതി,
 അനൂനവൈഭവനണഞ്ഞിതോ മുന്നിൽ
 ഹനൂമദാഘ്യനാമശേഷസൽഗുരു?
 കുടുകുടെക്കണ്ണീർ പതിപ്പു പൂങ്കവിൾ–
 ത്തുടുത്തുടെപ്പൊന്നായ്ക്കഴുകും മാരിയായ്;
 അകത്തുകത്തുവോരഴൽക്കൊടും തീ തൻ-
 പുക വെളിക്കൊൾവൂ ചുടുനെടുവീർപ്പായ്.
 അരുതരുതെന്നു വിലക്കുവാൻ ഞാനെ–
 ന്നിരുകരവുമൊന്നിളക്കീടും മുന്നേ
 അഹോ!ദയാർദ്രമീ വചനമെന്നൊട–
 മ്മഹോപദേശകൻ കപീന്ദ്രനോതിനാൻ:
ശുഭം ഭവിക്കട്ടേജഗത്തി, നേവർക്കു–
 മഭംഗുരോദയമവാപ്തമാകട്ടെ.
ധരിച്ചുവോ നീ നിന്നതിഥിയാരെന്നു?
 ധരിച്ചില്ലെങ്കിൽ ഞാൻ ധരിപ്പിക്കാമിപ്പോൾ
 കരുതുക വത്സ! കപിയാമെന്നെ നിൻ
 പുരുഷവർഗ്ഗത്തിൻ പിതൃഭൂതനെന്നായ്
 പിതാമഹൻ പണ്ടിപ്പൃഥിവി നിർമ്മിച്ചാ–
 നതാന്തമാകും തൻ തപോബലത്തിനാൽ,
 സമസ്തസമ്പത്തിൻ വിലാസരംഗമായ്,
 സമഗ്രഭങ്ഗിതൻ വിലാസരംഗമായ്
 അലകടൽപ്പൂമ്പട്ടരയ്ക്കണിയുവോ–
 ളചലവക്ഷോജഭരം വഹിപ്പവൾ,
 തരംഗിണീഹാ-രലതകൾ ചാർത്തുമ്പോൾ,
 തരുവല്ലീപത്രാവലി ധരിപ്പവൾ,
 ധ്രുവാദിനക്ഷത്രസുമങ്ങൾ ചൂടുവോൾ,
 ദിവാകരേന്ദുക്കൾ വിളക്കെടുപ്പവൾ,
 അധോഭുവനത്താൽ മെതിയടിയാർന്നോൾ
 ത്രിദിവത്താൽ ദിവ്യകിരീടം പൂണ്ടവൾ;
 ധരണിയാമസ്മജ്ജനനി മിന്നുന്നു;
 ശരണമാർക്കും തച്ചരണപങ്കജം.

Leave a Reply