ഏവം നരപതി ചോദിച്ച നേരത്തു
ദേവിതന്നാളികളും പറഞ്ഞീടിനാര്‍:
ക്രോധാലയം പ്രവേശിച്ചിതതിന്‍ മൂല
മേതു മറിഞ്ഞീല ഞങ്ങളോ മന്നവ!
തത്ര ഗത്വാ നിന്തിരുവടി ദേവി തന്‍
ചിത്തമനുസരിച്ചീടുക വൈകാതെ
എന്നതു കേട്ടു ഭയേനമഹീപതി
ചെന്നങ്ങരികത്തിരുന്നു സസംഭ്രമം
മന്ദമന്ദംതലോടിത്തലോടി പ്രിയേ!
സുന്ദരീ! ചൊല്‌ളുചൊലെ്‌ളന്തിതു വല്‌ളഭേ?
നാഥേ!വെറും നിലത്തുള്ള പൊടിയണി
ഞ്ഞാതങ്കമോടു കിടക്കുന്നതെന്തു നീ?
ചേതോവിമോഹനരൂപേ! ഗുണശീലേ!
ഖേദമുണ്ടായതെന്തെന്നോടു ചൊല്‍കെടോ,
മല്‍ പ്രജാവൃന്ദമായുള്ളവരാരുമേ
വിപ്രിയം ചെയ്കയുമില്‌ള നിനക്കെടോ
നാരികളോ, നരന്മാരോ ഭവതിയോ
ടാരൊരു വിപ്രിയം ചെയ്തതു വല്‌ളഭേ!
ദണ്ഡ്യനെന്നാകിലും വദ്ധ്യനെന്നാകിലും
ദണ്ഡമെനിയ്ക്കതിനില്‌ള നിരൂപിച്ചാല്‍
നിര്‍ദ്ധനനെത്രയുമിഷ്ടം നിനക്കെങ്കി
ലര്‍ത്ഥപതിയാക്കി വയ്പനവനെ ഞാന്‍
അര്‍ത്ഥവാനേറ്റമനിഷ്ടന്‍ നിനക്കെങ്കില്‍
നിര്‍ദ്ധനന്നാക്കുവേനെന്നു മവനെ ഞാന്‍
വദ്ധ്യനെ നൂനമവദ്ധ്യനാക്കീടുവന്‍
വദ്ധ്യനാക്കീടാമവദ്ധ്യനെ വേണ്ടുകില്‍
നൂനം നിനക്കധീനം മമ ജീവനം
മാനിനീ! ഖേദിപ്പതിനെന്തു കാരണം?
മല്പ്രാണനേക്കാള്‍ പ്രിയതമനാകുന്നി
തിപേ്പാളെനിയ്ക്കു മല്പുത്രനാം രാഘവന്‍
അങ്ങനെയുള്ള രാമന്‍ മമ നന്ദനന്‍
മംഗലശീലനാം ശ്രീരാമനാണെ ഞാന്‍
അംഗനാരത്‌നമേ! ചെയ്‌വന്‍ തവ ഹിത
മിങ്ങനെ ഖേദിപ്പിക്കായ്ക മാം വല്‌ളഭേ!
ഇത്ഥം ദശരഥന്‍ കൈകേയി തന്നോടു
സത്യം പറഞ്ഞതു കേട്ടു തെളിഞ്ഞവള്‍
കണ്ണുനീരും തുടച്ചുത്ഥാനവും ചെയ്തു
മന്നവന്‍ തന്നോടു മന്ദമുര ചെയ്താള്‍:
സത്യപ്രതിജ്ഞനായുളള ഭവാന്‍ മമ
സത്യം പറഞ്ഞതു നേരെങ്കിലെന്നുടെ
പത്ഥ്യമായുള്ളതിനെപ്പറഞ്ഞീടുവന്‍
വ്യര്‍ത്ഥമാക്കീടായ്ക സത്യത്തെ മന്നവാ!