ഉണ്ണിയുഷസ്സൊളിചിന്നിയുയര്‍ന്നുച്ചയായി;
പിന്നെയങ്ങു നിറം മങ്ങിയന്തിയുമായി.

ഇക്ഷണത്തില്‍ക്കാലമാകും വന്‍കടലിന്‍ മാറില്‍നിന്നി
ക്കൊച്ചുപകല്‍നീര്‍ക്കുമിള കാണാതെയാമോ?
ആകിലെന്തു? മറയട്ടെ വാസരവുമതിന്‍ദുഷ്ടു
മാഗമിച്ചീടട്ടെ രാത്രി കല്യാണദാത്രി
ഉദിക്കുന്നു; തടിക്കുന്നു; ചടയ്ക്കുന്നു, നശിക്കുന്നു;
പതിവിതിന്നെങ്ങു മാറ്റം പ്രപഞ്ചത്തിങ്കല്‍?
വാടിയ പൂ ചൂടുന്നീല വാര്‍കുഴലില്‍ പ്രകൃത്യംബ,
ചൂടുനീങ്ങി സ്വാദുകെട്ട ചോറശിപ്പീല
പ്രതിക്ഷണമസ്സവിത്രി തനയര്‍ക്കായ്ത്തന്‍ കനിവാം
പുതുവെള്ളമൊഴുക്കുന്നു പുഴകള്‍ തോറും
ചേലിലുമ്പര്‍ മഴവില്ലിന്‍ ചാറെടുത്തു വാനിടമാം
മാളികയ്ക്കു ചായമിടും കാലമിതല്ലോ!
അതു കാണ്മി,നനുഷ്ഠിപ്പിനവസരോചിതമെന്നു
കഥിക്കുന്നു നമ്മെ നോക്കിക്കിളിക്കിടാങ്ങള്‍.

2

വാനിലേവം പല വര്‍ണ്ണമൊന്നിനോടൊന്നുരുമ്മവേ,
ദീനതാപമിളംതെന്നല്‍ തീര്‍ത്തു ലാത്തവേ;
ആഢ്യരത്‌നാകരോര്‍മ്മിക്കു വിഷ്ണുപദമണിതന്നെ
മാര്‍ത്തടത്തില്‍ പതക്കമായ് ലാലസിക്കവേ;
വ്യോമവീഥി താരഹാരമണിയവേ; പുരിമങ്ക
ഹേമകാന്തിയെഴും ദീപദാമം ചാര്‍ത്തവേ;
വാടി നറുമലര്‍മാല ചൂടീടവേ; കുയിലിനം
പാടിടവേ; വരിവണ്ടു മുരണ്ടീടവേ
കുളിര്‍മതിയമൃതൊളിക്കതിര്‍നിര ചൊരിയവേ;
മലയജരസം മാറില്‍ മഹി പൂശവേ;
വാനും മന്നുമൊന്നിനൊന്നു മത്സരിച്ചു ചമയവേ
മാനുഷര്‍ക്കു മറ്റെന്തുള്ളു മാമാങ്കോത്സവം?

3

ഭാമയെന്ന പേരിലൊരു പാര്‍വണേന്ദുമുഖിയുണ്ടു
ഭാമിനിമാര്‍ തൊടും ചെറുഫാലാലങ്കാരം
പതിനെട്ടോടടുത്തിടും വയസ്സവള്‍;ക്കന്നുതന്നെ
പതിവ്രതമാര്‍ക്കത്തന്വി പരമാദര്‍ശം
ചിരകാലമകലത്തു വസിച്ച തന്‍ ദയിതന്റെ
വരവന്നു കാത്തിരിപ്പൂ വരവര്‍ണ്ണിനി
കുളിരിളന്തളിരൊളിതിരളും തന്‍ കളേബരം
കിളിമൊഴിമുടിമണി കഴുകി വേഗാല്‍,
ആട,യണി,യലര്‍മാല,യങ്ഗരാഗമിവകൊണ്ടു

മോടിയതിന്നൊന്നിനൊന്നു മുറ്റും വളര്‍ത്തി,
വാരുലാവും തന്നുടയ മാളികയില്‍ മരുവുന്നു,
മേരുവിങ്കലിളങ്കല്പവല്ലരിപോലെ.
ഏതു ശബ്ദമെങ്ങുനിന്നു പൊങ്ങുകിലുമതുതന്റെ
നാഥനുടെ വരവൊന്നാനാരിപ്പൂണ്‍പോര്‍പ്പൂ;
ചിന്മയമായ്ജഗത്തെല്ലാം ബ്രഹ്മനിഷ്ഠര്‍ കാണുംപോലെ
തന്മയമായ്ത്തന്നേ കാണ്മൂ സര്‍വവും സാധ്വി

4

മണിയറയ്ക്കരികിലായ് മങ്കയൊരു ശബ്ദംകേട്ടാള്‍;
മണവാളന്‍ വന്നുവെന്നായ് മത്താടിക്കൊണ്ടാള്‍.
ഭാവം മാറി ഹാവമായി; ഹാവം മാറി ഹേലയായി;
പൂവല്‍മേനി പുളകത്താല്‍ ഭൂഷിതമായി;
ആരതെന്നു താര്‍മിഴിയാല്‍ നോക്കീടവേ കാണുംമാറായ്
ഹീരദത്തന്‍ നിജതാതന്‍ നില്പതു മുന്നില്‍.
ഒന്നു ഞെട്ടിപ്പിന്‍വലിഞ്ഞു സങ്കുചിതശരീരയായ്
സുന്ദരാംഗി ജനകന്‍തന്‍ പാദം ഗ്രഹിച്ചാള്‍
‘കൈതൊഴുന്നേന്‍ പിതാവേ! ഞാന്‍, കനിഞ്ഞാലു’മെന്നു ചൊന്നാള്‍
ഭീതിയോടും ലജ്ജയോടും സംഭ്രമത്തോടും.
‘മതി ഭാമേ! മതി പോകൂ മണിയറയ്ക്കുള്ളില്‍! നിന്റെ
പതിയുണ്ടോ വന്നുവെന്നു പരിശോധിച്ചേന്‍;
വേറെയൊന്നുമില്ല ചൊല്‍വാന്‍’ എന്നുരച്ചാന്‍ ദത്തന്‍ നാവാല്‍;
വേറിട്ടൊരു മനോഗതമാനനത്താലും
കോപമുണ്ടു, താപമുണ്ടു, നിന്ദയുണ്ടു, തന്മുഖത്തില്‍;
ഹാ! പിഴച്ചതെന്തു താനെന്നറിഞ്ഞുമില്ല.
ഏകപുത്രി ഹീരന്നവള്‍, ഏതുനാളും ജനകനില്‍
കൈകടന്ന കനിവൊന്നേ കാണുമാറുള്ളോള്‍;
ഏന്തൊരാപത്തെന്നോര്‍ത്തു ബന്ധുരാങ്ഗി നടുങ്ങവേ
പിന്തിരിഞ്ഞു നടകൊണ്ടാന്‍ ഭീതിദന്‍ താതന്‍.

5

വലിശതനതോന്നതം വക്ത്രമേറ്റം വിറയ്ക്കവേ;
കലിതുള്ളിക്കരള്‍ക്കളമഴിഞ്ഞീടവേ;
ഇറങ്ങുന്നു കോണിവഴി ഹീരദത്തന്‍; ചിലതെല്ലാം
പറയുന്നു തന്നോടായിപ്പലിതാപീഡന്‍
‘പരിഷ്‌കാരം പോലുമിതു! ഭഗവാനേ! മുടിഞ്ഞോരി
പ്പരിഷ്‌കാരത്തിന്‍ തലയിലിടി വീഴണേ!
പാതകപ്പാഴ്ച്ചരക്കേറ്റും പടിഞ്ഞാറന്‍ പടവിതു

പാതാളത്തിന്നടിയില്‍പ്പോയ്പ്പതിക്കണമേ!
എത്തിയല്ലോ കലിമുറ്റിയിന്നിലയില്‍; മനുവിന്റെ
‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ നാടുവിട്ടല്ലോ!
ഏവളിവള്‍? എന്റെ മകള്‍ ഭാമയല്ലമൂവന്തിയില്‍
തേവിടിശ്ശി ചമയുന്ന ധിക്കാരക്കാരി.
ശീലമെന്യേ ശീലയുണ്ടോ, നാണമെന്യേ കാണമുണ്ടോ
ബാലികയാള്‍ക്കൊരു കുലപാലികയാകുവാന്‍?
ഓമനപ്പൂന്തിങ്കളെന്നു ഞാന്‍ നിനച്ചോരിജ്ജ്യോതിസ്സു
ധൂമകേതുവായോ തീര്‍ന്നു? ധൂതമെന്‍ ഭാഗ്യം!
നടക്കട്ടെ പുതുമോടി; നശിക്കട്ടെ പൂര്‍വാചാരം;
ഒടുക്കത്തെപ്പെരുവെള്ളമുടന്‍വരട്ടെ’
എന്നു ചൊല്ലിപ്പിതൃപാദനിറങ്ങുന്നു; സന്നതാങ്ഗി
തന്നുടയ വിധിയോര്‍ത്തു തപിച്ചിടുന്നു
‘ഇതുമങ്ങേ ലിഖിതമോ വിധാതാവേ? ജനകന്നു
പതിദേവതയാം ഞാനോ പദവിവിട്ടോള്‍?
എന്‍പ്രിയനെബ്ഭജിക്കുവാന്‍ ഞാന്‍ തുടരും സതീവ്രത
മെന്‍പിതാവിന്നിത്രമാത്രം ഹിതമല്ലെന്നോ?
കന്യയല്ല, രണ്ഡയല്ല, പരിവ്രാജകയുമല്ല;
തന്വിയാം ഞാന്‍ ചരിക്കുന്നു തന്‍ വധൂ ധര്‍മ്മം
സാദരമെന്‍മേനിയാമിപ്പൊന്മലരാല്‍ പ്രിയന്‍ നില്‍ക്കെ
യേതു ദേവദേവനെനിക്കാരാദ്ധ്യനാവൂ?
ഹന്ത ഞാനെന്‍പിതാവിന്നുമപലപനീയയായാ
ലെന്തുതന്നെയെന്നെ നോക്കിയന്യരോതില്ല?’
എന്നു ചൊല്ലിക്കരയുന്നു കിളിമൊഴി; കുളുര്‍മുല
ക്കുന്നു രണ്ടും കഴുകുന്നു ചുടുകണ്ണീരില്‍.

6

മണവാളന്‍ ഹൈമന്‍ വന്നാന്‍ മണിയറയ്ക്കുള്ളില്‍; കണ്ടാന്‍
പ്രണയിനി കിടപ്പതു പരവശയായ്.
ദീനയവളാത്മതാപം തന്‍വപുസ്സാല്‍ നിവേദിപ്പൂ
മീനവേനല്‍വരട്ടിന പൂമ്പൊഴില്‍പോലെ
എഴുന്നേറ്റാള്‍; സമീപിച്ചാള്‍, സല്‍ക്കരിച്ചാള്‍; സല്ലപിച്ചാള്‍
മുഴുമതിമുഖിയെന്നും മുന്നിലെപ്പോലെ
അതിലൊരു കുറവൊന്നുമനുഭൂതമല്ലെന്നാലും
സതിയവള്‍ തന്‍സഹജം വെടിഞ്ഞോളെന്നും
പരിതാപമേതിനോടോ പടപൊരുതത്രേ ചെയ്‌വൂ
പരിചര്യ തനിക്കെന്നും, പതിക്കു കാണാം.
‘അരുതരുതഴലേതുമരുവയര്‍മണിമുത്തേ!
തിരുവുരുമലരെങ്ങോ? ചിന്താഗ്‌നിയെങ്ങോ?
ഏതുപിഴയറിയാതെ ചെയ്തുപോയ് ഞാന്‍? അതിന്നെത്ര

പാദപാദശതം വേണം പ്രായശ്ചിത്തമായ്?
പ്രാണനാഥേ! തുറന്നോതൂ പരമാര്‍ത്ഥം! ശകാരിക്കൂ!
വേണമെങ്കില്‍ പ്രഹരിക്കൂ പൊന്‍തളക്കാലാല്‍!’
എന്നുരച്ചു തന്‍വദനമുറ്റുനോക്കും പ്രിയനോടു
തന്വി ചൊന്നാള്‍:’ഒന്നുമില്ലിതൊന്നുമേയില്ല!
അബലമാര്‍ക്കനിയതം ഹസിതവും രുദിതവും
അബദ്ധത്തില്‍ കരഞ്ഞുപൊയ് ചിരിക്കേണ്ടോള്‍ ഞാന്‍.
എന്നുചൊല്ലിക്കുളിരിളംപുഞ്ചിരിപൂണ്ടനുകനെ
സ്സുന്ദരിയാള്‍ സുഖിപ്പിച്ചാള്‍ സുഖകരമായി
ആ രജനിയത്തരത്തിലങ്ഗനതന്നകപ്പൂമാ
ലാരുമാരുമറിയാതെ കഴിഞ്ഞുകൂടി.

7

അടുത്തനാളന്തിനേരമരികില്‍ വന്നച്ഛന്‍ കണ്ടാന്‍
മടുത്തൂകും മൊഴിയാളെ മറ്റൊരുമട്ടില്‍.
കോതിവകഞ്ഞൊതുക്കാത്ത കൂന്തലിങ്കലലരില്ല;
പാതിമതിനുതലിങ്കല്‍ ചാന്തുപൊട്ടില്ല;
കാതില്‍ വൈരക്കമ്മലില്ല; കൈയില്‍ മണിവളയില്ല;
കാലിലിളങ്കുയിലൊലിപ്പൊന്‍ ചിലമ്പില്ല;
ഹാരമില്ല കഴുത്തിങ്കല്‍; കാഞ്ചിയില്ല കുടിയിങ്കല്‍;
ഹീരരത്‌നഭൂഷയില്ല നാസികയിങ്കല്‍;
ഒട്ടുമൊരു പൊന്‍നുറുക്കിന്‍ തൊട്ടുതെറിപ്പേറ്റിടാതെ
കെട്ടുമിന്നും കഴുത്തുമായ്‌ക്കേവലമയ്യോ!
അരിയ തന്‍ മലര്‍മെയ്യിലതിന്നേതുമിണങ്ങാത്ത
വെറുമലവലപ്പഴമ്പുടവ ചുറ്റി
പാട്ടില്‍ ചിന്താനിമഗ്‌നയായ്ഭാമ വാഴ്‌വൂ മുഖംതാഴ്ത്തി
യേട്ടകേറി ഗ്രസിക്കുന്നോരിന്ദിരപോലെ.
ചാരിതാര്‍ത്ഥനായി ദത്തന്‍; തനതോമല്‍ത്തനയയില്‍
പരിപൂര്‍ണ്ണപ്രത്യയത്താല്‍ പ്രസന്നനായി;
‘കണ്‍കുളിപ്പിച്ചിയലുമിക്കാഴ്ചയാല്‍ ഞാന്‍ ജയിക്കുന്നേന്‍
എന്‍കുലത്തില്‍ മുതുനന്മയ്ക്കിടിവില്ലിന്നും.
ഭാമയെന്റെ പൈതലല്ലേ? ഭാഗധേയത്തിടമ്പല്ലേ?
പാമരന്‍ ഞാനവളിലോ പാതകമോതി?
ഭാമേ! നിന്നെബ്ഭജിക്കട്ടെ ഭാവുകങ്ങള്‍’ എന്നു ചൊന്നാന്‍;
ഭാമയതു പാതികേട്ടു; പാതികേട്ടീല
ജനകനും നടകൊണ്ടാന്‍ ചിബുകത്തിന്‍ വെളുപ്പിന്നു
പുനരുക്തിയരുളുന്ന പുഞ്ചിരിതൂകി.

വരനുടന്‍ വന്നുചേര്‍ന്നാന്‍; വനിതമാര്‍മുടിപ്പൂണ്‍പിന്‍
പരവശനില കണ്ടാന്‍; പരിതപിച്ചാന്‍
‘കരഞ്ഞാളിന്നലെ രാവില്‍ കരള്‍നൊന്തെന്‍ കളവാണി;
പരമാര്‍ത്ഥമെന്നില്‍ നിന്നു മറച്ചുവച്ചാള്‍
നളിനാക്ഷി പൂണ്ടിരുന്നാല്‍ നവവധൂചിതവേഷം;
കുളിരെനിക്കരുളിനാളകതളിരില്‍.
പേര്‍ത്തുമിന്നാമട്ടുവിട്ടെന്‍ പ്രേമധാമമമരുന്നു
ബൗധസംഘാരാമത്തിലെബ്ഭിക്ഷുണിപോലെ
മതിര്‍ഭ്രമമുദിക്കയോ? മറുത താന്‍ ഗ്രഹിക്കയോ?
പതിയുടെ ചിത്തവൃത്തി പരീക്ഷിക്കയോ?
എന്നു ചിന്തിച്ചമ്പരക്കും തന്‍ പ്രിയനോടോതി ഭാമ;
‘സുന്ദരമോ ദയിതന്നിശ്ശുദ്ധമാം വേഷം?’
‘എന്തുചോദ്യമിതു ഭാമേ? നിന്‍ പ്രിയന്‍തന്‍ വധു നീയോ?
നിന്‍ തുകിലോ? നിന്നണിയോ? നിന്‍ തിലകമോ?
ശങ്കയെന്തിന്നിത്തരത്തില്‍? തത്വമോര്‍ക്കൂ! ഭവതിക്കു
തങ്കമേ! ഞാനെന്നുമെന്നും ദാസാതിദാസന്‍.
തന്വി! നിന്‍ നിരാഭരണസുന്ദരമാം തനുവിതു
മുന്നിലേറ്റം ദയിതന്നു മോഹനമല്ലീ?’
എന്നുരച്ചൊരുമ്മവച്ചാന്‍ പങ്കിലമാം തന്മുഖത്തില്‍;
തന്നുടയ ചൊടി കൈയാല്‍ തുടച്ചാല്‍ പിന്നെ
അതിനൊന്നും മറുപടിയളിവേണിയരുളാതെ
മൃദുമന്ദസ്മിതസിത വിതറി നിന്നാള്‍
ആയിരവുമപ്പുറവും ചിന്തയവര്‍ക്കുള്ളിലേറ്റി
യായിരവും ചെന്നുപറ്റിയഹര്‍മ്മുഖത്തില്‍

8

അത്തരുണിയെത്രമാത്രമാതിഥേയിയെന്നുകാണ്മാ
നസ്തമനസന്ധ്യയൊന്നു വീണ്ടുമങ്ങെത്തി
ജായയുംതാന്‍; പുത്രിയും താന്‍! വേണ്ടതെന്തെന്നങ്ങുമിങ്ങു
മൂയലാടിക്കളിക്കയാണോമലാള്‍ക്കുള്ളം.
പതിയുടന്‍ വന്നുചേര്‍ന്നാന്‍; പടുവൃദ്ധന്‍ ജനകനും,
പ്രതിപത്തിവിമൂഢന്‍, തല്‍പരിസരത്തില്‍.
ഭൃശമവര്‍ മൂന്നുപേരും വിശദമായ് കേള്‍ക്കുംവണ്ണ
മശരീരിവാക്കൊന്നപ്പോളവതരിച്ചു
‘ഹീരദത്ത! ഹീരദത്ത! ഹീനമീനിന്‍ വ്യവസായം;
നീരലര്‍മിഴിയിവളില്‍ നീതികേടില്ല.
നിന്റെ ലോക പരിചയം നിഷ്ഫലമായ്ത്തീര്‍ന്നുവല്ലോ,
ഹന്ത! നീ നിന്‍ പൂര്‍വ്വവൃത്തം മറന്നുവല്ലോ.

ഒരു മതിമുഖിയാളെസ്സധര്‍മ്മിണിയാക്കിയോന്‍ നീ;
തരുണിമക്കളിപ്പൊയ്ക തരണം ചെയ്‌തോന്‍.
ഏതുമട്ടില്‍ നിന്‍പ്രിയയെയന്നു കാണ്മാന്‍ കൊതിച്ചു നീ;
ഏതുമട്ടിലവള്‍ നിനക്കന്തിയില്‍ മേവി?
സ്മൃതിധര്‍മ്മം നരഹൃത്തു ശരിവരയ്ക്കനുഷ്ഠിച്ചാല്‍
മതി,യന്നു മഹിയിതു പകുതിനാകം?
തക്ക മാറിത്തോടയാവാം; തോട മാറിക്കമ്മലാവാം;
അക്കണക്കില്‍ വരും മാറ്റമല്പവിഷയം.
കാതണിയാല്‍ മുഖത്തിന്നു കാന്തിയേറുമെന്ന തത്വ
മാദരിപ്പൂ പണ്ടുമിന്നും ജായാപതിമാര്‍.
‘അലങ്കുര്‍വീത നിശയാം സദാ ദാരംപ്രതി’യെന്ന
പഴയ സദുപദേശമാപസ്തംബോക്തം.
അണിയണം പുമാനെന്നരുളിനാനമ്മഹര്‍ഷി;
വനിതതന്‍ കഥയുണ്ടോ വചിപ്പാന്‍ പിന്നെ?
പഴയതു പുകഴ്ത്തുന്നു; പുതിയതു പഴിക്കുന്നു;
പഴയതും പുതിയതുമറിഞ്ഞിടാത്തോര്‍,
പഴയതു മരാമര, മിടയിലേതിത്തിള്‍ക്കണ്ണി;
പഴയതു കലര്‍പ്പറ്റാല്‍ പുതിയതായി.
പരസ്വം താന്‍ കുലകന്യ; ജനിതാവിന്നധികാരം
പരിണയത്തോളവും താന്‍ നിജസുതയില്‍.
വെണ്മതിയും യാമിനിയും വേളികഴിഞ്ഞൊന്നുചേരു
മംബരത്തില്‍ വാഴ്വീലര്‍ക്കനൗചിത്യവേദി.
നൂനമവരേതുവിധം ലോകയാത്ര ചെയ്‌വതെന്നു
താനുളിഞ്ഞു നോക്കുന്നീലസ്സഹസ്രപാദന്‍.
ഇന്നലത്തേദ്ദിനം തന്റെ സന്തതിയാമിദ്ദിനത്തെ
ത്തന്നുരുവില്‍ വളര്‍ത്തുകില്‍ താഴും തദ്വംശം
ദിനന്തോറുമുദയത്തിന്‍ ദിനകരനുണരുന്ന
ജനതയില്‍ നവാദര്‍ശം ജനിപ്പിക്കുന്നു.
ജീവനറ്റ വകമാത്രം ചീഞ്ഞുമണ്ണിലടിയുന്നു;
ജീവനുള്ളതശേഷവുമുല്‍ഗമിക്കുന്നു
ഹരിദ്വാരത്തിങ്കല്‍ ഗങ്ഗയൊരുമട്ടിലൊഴുകുന്നു;
പരിചില്‍ മറ്റൊരു മട്ടില്‍ പ്രയാഗത്തിങ്കല്‍;
പല ശാഖാനദികളാം സഖികള്‍ തന്‍ സമാഗമ
മലമതിന്നകവിരിവരുളീടുന്നു.
പേര്‍ത്തും പച്ചപ്പട്ടുടുക്കും യൗവനത്തില്‍ പിലാവില
വാര്‍ദ്ധക്യത്തില്‍ മാത്രം ചാര്‍ത്തും കാഷായം മെയ്യില്‍.
‘തീര്‍ന്നിടേണമിക്ഷണത്തില്‍ നീയുമെന്നോടൊപ്പ’മെന്നു
ശീര്‍ണ്ണപര്‍ണ്ണമോതുന്നീല പല്ലവത്തോടായ്
കാലനേറും കരാളമാം കരിമ്പോത്തിന്‍ കഴുത്തിലേ
ലോലഘണ്ടാരവമല്ലീ ദത്ത! നീ കേള്‍പ്പൂ.

ഹാ! മറ്റെന്തു ചെവിക്കിമ്പം നിനക്കിപ്പോള്‍ നിന്‍കിടാവിന്‍
കോമളക്കൈത്തരിവളക്കിലുക്കമെന്യെ?
ഏതു പുരുഷാന്തരവുമായതിന്റെ യോഗക്ഷേമം
സാധിക്കുകില്‍ മതി; ഭാവി ഭാവിയെക്കാക്കും.
ബന്ധിക്കൊല്ലേ നാമിന്നത്തെക്കൈയാമത്താല്‍ നമ്മുടയ
സന്തതിയെസ്സംവര്‍ത്താദിത്യോദയത്തോളം.
നൂനമയഞ്ഞതു പൊട്ടും തുണ്ടുതുണ്ടായ്ക്കുറെനാളി
ലാനൃശംസ്യവ്രതമല്ലീ കാലം ചരിപ്പൂ?
പരിണാമകങ്ങളാകും പരിതഃസ്ഥിതികള്‍ക്കൊപ്പം
പരിപാടി ലോകമെന്നും പരിഷ്‌കരിക്കും.’
ഈ മാതിരിവചസ്സിനാല്‍ ഭാമ തന്റെ സുതയല്ല,
ജാമാതാവിന്‍ പ്രിയയെന്നു ധരിച്ചനേരം
പഴയതില്‍ ശത്രുവല്ല പുതിയതെന്നുള്ള തത്വം
കിഴവന്നു ബോദ്ധ്യമായി; സുഖവുമായി
കാലോദേശോചിതമാകും കര്‍മ്മാധ്വാവില്‍ സഞ്ചരിച്ചാര്‍
ശ്രീലരാമദ്ദമ്പതിമാര്‍ ശീലനിധിമാര്‍.

മണിമഞ്ജുഷ