കേരളോല്പത്തി
കൊമ്പൻ പെരുമാളെ കൂട്ടി കൊണ്ടു പോന്നു വാഴ്ച കഴിച്ചു, ആ പെരുമാൾ നെയൂര എന്ന പുഴയുടെ കരക്കൽ ൩ സംവത്സരവും ൬ മാസവും കൂടാരം കെട്ടി വാണു പിന്നെ വിജയൻ പെരുമാൾ വിജയൻ കൊല്ലത്തു കോട്ടയെ തീർത്തു, പാണ്ഡവന്മാരിൽ അർജ്ജുനൻ വളരെ കാലം ആ പ്രദേശത്തു ഇരുന്നിരിക്ക കൊണ്ടു അതു സത്യഭൂമി എന്നു കല്പിച്ചു. ൧൨ സംവത്സരം വാണ ശേഷം മറ്റൊരുത്തരെ വാഴിപ്പാൻ കല്പിച്ചു, വിജയൻ പരദേശത്തെഴുന്നെള്ളുകയും ചെയ്തു.
ബ്രാഹ്മണർ പരദേശത്ത് ചെന്നു വളഭൻ പെരുമാളെ കേരളാധിപതിയാക്കി വാഴ്ച കഴിച്ചു. ആ പെരുമാൾ നെയൂര എന്ന പുഴയുടെ കരമേൽ ശിവശൃംഗൻ എന്ന പേരുടയ മഹർഷി പ്രതിഷ്ഠിച്ച ശിവപ്രതിഷ്ഠയും കണ്ടു, മറ്റും പല കണ്ടു, ക്ഷേത്രവും പണി തീർത്തു, മറ്റും ചില പരദേവതമാരെയും സങ്കല്പിച്ചു, അവിടെ ഒരു കോട്ടപ്പടിയും തീർത്തു സിംഹമുഖം എന്ന പേരുമിട്ട്, ക്ഷേത്രത്തിന്നു ശിവേശ്വരം എന്ന പേരുമിട്ട്. വളഭൻ പെരുമാൾ കല്പിച്ചു തീർത്ത കോട്ട വളഭട്ടത്തുകോട്ട എന്ന പേരുണ്ടായി. ഇനിമേൽ കേരളത്തിങ്കൽ വാഴുന്നവർക്ക് കുലരാജധാനി ഇതെന്നു കല്പിച്ചു. അവിടെ പല അടുക്കും ആചാരവും കല്പിക്കേണം എന്ന് നിശ്ചയിച്ചു. ൧൧ സംവത്സരം വാണ ശേഷം ആ പെരുമാളുടെ സ്വർഗ്ഗാരോഹണം.
അതിന്റെ ശേഷം കൊണ്ടു വന്ന ഹരിശ്ചന്ദ്രൻ പെരുമാൾ പുരളിമലയുടെ മുകളിൽ ഹരിശ്ചന്ദ്ര കോട്ടയെ തീർത്തപ്പോൾ വനദേവതമാരുടെ സഞ്ചാരം ആ കോട്ടയ്കകത്തു വളര കാൺകകൊണ്ടു ശേഷം മനുഷ്യർക്ക് ആ കോട്ടയിൽ ചെന്നു പെരുമാളെ കണ്ടു ഗുണദോഷം വിചാരിച്ചു പോരുവാനും വശമല്ലാതെ, ആയതിന്റെ ശേഷം ഇതിൽ മനുഷ്യ സഞ്ചാരമില്ല എന്നു കണ്ടു, ഒക്കയും ഈശ്വരമയം എന്നു തിരുമനസ്സിൽ നിശ്ചയിച്ചു കുറയ കാലം വാണതിന്റെ ശേഷം പെരുമാളെ ആരും കണ്ടതുമില്ല. കാണാഞ്ഞതിന്റെ ശേഷം ബ്രാഹ്മണർ മല്ലൻ പെരുമാളെ കൂട്ടികൊണ്ടു പോന്നപ്പോൾ, ആ പെരുമാൾ മൂഷികരാജ്യത്തിങ്കൽ മല്ലൂരുമല്ലൻ കോട്ട എന്ന കോട്ടപ്പടി തീർത്തു, ൧൨ ആണ്ടു വാണു പരദേശത്തെഴുന്നെള്ളുകയും ചെയ്തു.
Leave a Reply