കേരളോല്പത്തി
ഇങ്ങിനെ ൭൨ കുലത്തിന്നും ചിലർ തമ്മിൽ തമ്മിൽ തൊട്ടുകുളി തീണ്ടിക്കുളി എന്നുള്ള ക്രമങ്ങൾ അടുക്കും, ആചാരം, നീതിയും, നിലയും, തളിയും, കുളിയും, പുലയും, പുണ്യാഹവും, ഏറ്റും, മാറ്റും, ദിനവും, മാസവും എന്നിങ്ങനെ ഉള്ളത് എല്ലാം ശങ്കരാചാര്യ്യർ ൬൪ ഗ്രാമം ബ്രാഹ്മണരെയും മറ്റു ഊരും ഗ്രാമവും സ്വരൂപവും നാനാവർണ്ണങ്ങളും നിറയപ്പെട്ടിരിപ്പൊരു സമയം കർക്കടവ്യാഴം പുക്കു വരുന്ന കുംഭമാസത്തിൽ വന്ന മഹാ മഖത്തിൽ പിറ്റെ നാൾ തിരുന്നവായെ പേരാറ്റിൽ മണപ്പുറത്തനിന്നു മഹാരാജാവായി മലയാളത്തിൽ ൧൭ നാടു മടക്കി വാഴും പെരുമാളെയും നമ്പിമാടമ്പിസ്മാർത്തൻ മറ്റും പല പ്രഭുക്കന്മാരെയും വരുത്തി ബോധിപ്പിച്ചു, സർവ്വജ്ഞരായിരിപ്പോരു ശങ്കരാചാർയ്യർ എന്നറിക. ഈശ്വരന്നു ആരിലും ഒരു കുലഭേദവിമില്ല. പരദേശികൾ ഒരു ജാതിക്കും തീണ്ടിക്കുളിയുമില്ല; ഏകവർണ്ണിച്ചിരിക്കുമത്രെ; അതു പോര ഈ കർമ്മഭൂമിയിൽ ഭൂമിക്ക് കർമ്മംകൊണ്ട ശുദ്ധി വരുത്തുകെ ഉള്ളു. ജ്ഞാനഭൂമിയാകുന്ന രാജ്യങ്ങളിൽ ഒന്നിച്ചു നടക്കാം. കർമ്മഭൂമിയിങ്കൽ കർമ്മം കൊണ്ടു ഗതി വരുത്തി കൂടും അതു കൊണ്ടീവണ്ണം കല്പിച്ചുറപ്പിച്ചിരിക്കുന്നു. അതിനു വിഘ്നം വരുത്തുന്നവർക്ക് ദാരിദ്ര്യവും മഹാവ്യാധിയും അല്ലലും മനോദു:ഖവും ഒരിക്കലും തീരുകയില്ല. അതുകൊണ്ട അതിന്നു നീക്കം വരുത്തിക്കൂടാ എന്നു ൬൪ ഗ്രാമവും ശങ്കരാചാര്യ്യരും രാജാക്കന്മാരും പല ദിവ്യജനങ്ങളും മഹാലോകരും കൂടിയ സഭയിങ്കൽനിന്നു കല്പിച്ചു.
Leave a Reply