കേരളോല്പത്തി
കുന്നലകോനാതിരി രാജാവു, നായകിയാർക്ക് വാഴ്ചസ്ഥാനങ്ങളും “കോഴിക്കോട്ട് തലച്ചെണ്ണാർ” എന്നു പേരും കല്പിച്ചു, വാളും പുടവയും കൊടുക്കയും ചെയ്തൂ. ശേഷം വടക്കും പുറത്ത് ലോകർ ഇണക്കം ചെയ്യാതെ പോർ തിരിഞ്ഞു നിന്നു, നാട്ടിൽ നടത്തി എങ്കിൽ നമ്മുടെ പെണ്ണുംപിള്ളക്കും അടുക്കും ആചാരവും നീതിയിൻ നിലയും ഏറക്കുറവു വന്നുവോ” എന്നു ചൊല്ലിയ നേരം നാട്ടിൽ വഴിപിഴ വന്നു പോകാതെ കോയ്മ നടത്തുവാൻ തളിയിൽ ദേവൻ എന്നു കല്പിച്ചു. ദേവനെ സമക്ഷത്തിറക്കി കോവിൽ ഇരുത്തൂ ” തലച്ചെണ്ണോർ എന്ന് കല്പിച്ചു “നാട്ടിൽ വഴിപിഴെക്ക് വരും മുതൽ തളിയിൽ ദേവന്നു നെയ്യമൃതം മുട്ടാതെ കഴിച്ചു കൊള്ളു” എന്നു കല്പിച്ചു; ലോകരേയും ബോധിപ്പിച്ചു, കാരണരെ കല്പിക്കയും, ചെയ്തു. ശേഷം ൧0000വും രാജാവും തമ്മിൽ വഴക്കം ചെയ്തു. അവർക്ക് ഓരോരു സ്ഥാനവും മേനിയും അവകാശവും കല്പിച്ചു. തന്റെ ചേകവരാക്കി ചേകവും കല്പിച്ചു, അച്ചന്നും ഇളയതിന്റെയും കുടക്കീഴ് വേലയാക്കി വേരൻ പിലാക്കീഴ് യോഗം ഒരുമിച്ചു കൂട്ടം ഇരുത്തി, അച്ചനും ഇളയതും നിഴൽ തലക്കൽ ചെന്നു നിഴൽ ഭണ്ഡാരവും വെച്ചു, തിരുവളയനാട്ടു ഭഗവതിയെ നിഴൽ പരദേവതയാക്കി രാജാവിന്റെയും ലോകരുടെയും സ്ഥാനവും മേനിയും പറഞ്ഞു, കോട്ടനായന്മാരെ വരുത്തി, കൂട്ടവും കൊട്ടികുറിച്ചു പാറനമ്പിയെ കൊണ്ടു പള്ളിപ്പലക വെപ്പിച്ചു ലോകർക്കു ശിലവിന്നും നാളും കോലും കൊടുപ്പാന്തക്കവണ്ണം കല്പിച്ചു. മേല്മര്യ്യാദയും കീഴ്മര്യ്യാദയും അറിവാൻ മങ്ങാട്ടച്ചൻ പട്ടോലയാക്കി എഴുതിവെച്ചു, ലോകർക്ക് പഴയിട പറവാനും എഴുതി വെച്ചു. അങ്ങിനെ ലോകരും വാഴ്ചയും കൂടി ചേർന്നു ൧0000വും ൩000വും ൩0000വും അകത്തൂട്ട് പരിഷയും പൈയ്യനാട്ടിങ്കര ലോകരും കൂടി നാടു പരിപാലിച്ചിരിക്കും കാലം ഇടവാഴ്ചയും നാടുവാഴ്ചയും തമ്മിൽ ഇടഞ്ഞു. ഇടവാഴ്ചക്കൂറ്റിൽ പക്ഷം തിരിഞ്ഞ വടക്കം പുറത്തെ ലോകരും നാട്ടുവാഴ്ചക്കൂറ്റിലെ പക്ഷം തിരിഞ്ഞ കിഴക്ക് പുറത്തെ ലോകരും തമ്മിൽ വെട്ടിൽക്കൊല്ലിപ്പാന്തക്കവണ്ണം കച്ചിലയും കെട്ടി, ചന്ദനവും തേച്ചു, ആയുധം ധരിച്ചു, വടക്കമ്പുറത്ത് ലോകർ താമൂരി കോയിലകത്ത് കടന്നുമരിപ്പാൻ വരുമ്പോൾ, കിഴക്കമ്പുറത്ത് ലോകരും ആയുധം ധരിച്ചു, കോയിലകത്തിൻ പടിക്കലും പാർത്തു. അതുകണ്ടു മങ്ങാട്ടച്ചൻ “ഇവർ തമ്മിൽ വെട്ടിമരിച്ചു, സ്വരൂപവും മുടിക്കും” എന്നു കണ്ടു അവരുടെ മുമ്പിൽ ചെന്നു, കാര്യബോധം വരുത്തി, ഇടർച്ചയും തെളിയിച്ചു, ലോകർ തമ്മിൽ കൈ പിടിപ്പിച്ചു “തൊഴുതു വാങ്ങിപ്പോയി കൊൾവിൻ എന്നാൽ നിങ്ങൾക്ക് എന്നേക്കും കൂലിച്ചേകമര്യാദയായി നിൽക്കും” എന്നു മങ്ങാട്ടച്ചൻ പറഞ്ഞു, രാജാവിൻ തിരുമുമ്പിൽനിന്നു ലോകരെക്കൊണ്ടു അവ്വണ്ണം വേലയും ചെയ്യിപ്പിച്ചു. പിന്നെ ലോകരുമായിട്ട് പല നിലത്തും കളിയും ഒലെരി പാച്ചിൽ ഇങ്ങിനെയും നടത്തി തുടങ്ങി. ശേഷം ആയമ്പാടി കോവിലകത്ത് തമ്പുരാട്ടിയായിരിക്കുന്ന അമ്മയെ വാഴ്ച കഴിച്ചു. ൫ കൂറു വാഴ്ചയും ൫ കോയിലകവും ചമച്ചു. പരദേവതമാരെയും കുടിവെച്ചു. അവ്വണ്ണം തന്നെ ഇടവാഴ്ചക്കൂറ്റിലേക്ക് “൫ കൂറു വാഴ്ചയായി നടത്തിക്കൊള്ളു” എന്നു വാളും പുടവയും കൊടുത്തു “തണ്ടും പള്ളിച്ചാനെയും പെണ്ടികളേയും മുന്നിത്തളിയും ചിരുത വിളിയും അകമ്പടി സ്ഥാനവും ചെയ്തു കൊള്ളൂ” എന്നു കല്പിച്ചു കൊടുത്തിരിക്കുന്നു കുന്നിന്നു കോനാതിരി.
Leave a Reply