കേരളോല്പത്തി
കോഴിക്കോട്ട് നഗരം കെട്ടിയതു:
അതിന്റെ ശേഷം കോഴിക്കോട്ട് വേളാപുറത്തു കോട്ടയും പണിതീർത്തു, അറയും തുറയും അടക്കി, ആലവട്ടവും വെഞ്ചാമരവും വീശിപ്പൂതും ചെയ്തു. കിഴക്കെ സമുദ്രതീരത്തിങ്കൽ ഇരുന്നൊരു ചെട്ടി, കപ്പൽ കയറി മക്കത്തേക്ക് ഓടി, കച്ചവടം ചെയ്തു, വളരെ പൊന്നുകൊണ്ട്, കപ്പൽ പിടിപ്പതല്ലാതെ കയറ്റുക കൊണ്ടുകപ്പൽ മുങ്ങുമാറായി, കോഴിക്കോട് തുറക്ക് നേരെ വന്നതിന്റെ ശേഷം കരെക്കണച്ചു, ഒരു പെട്ടിയിൽ പൊന്നെടുത്തു കൊണ്ടു താമൂരി തിരുമുമ്പിൽ തിരുമുല്ക്കാഴ്ച വെച്ചു. വൃത്താന്തം ഉണർത്തിപ്പുതുഞ്ചെയ്തു. അതു കേട്ട രാജാവ് നീ തന്നെ പൊന്നു ഇവിടെ സൂക്ഷിച്ചു കൊൾവൂ എന്നരുളിച്ചെയ്തുവാറെ, ആ ചെട്ടി താമൂതിരി കോയിലകത്തു ഒരു കരിങ്കല്ല് പണിചെയ്തുവാറെ, സമ്മാനങ്ങൾ വളരെ കൊടുത്തു, അറയും കൈയേറ്റു, കപ്പൽ പിടിപ്പതുകണ്ടു നിർത്തി. ശേഷം പൊന്നുകൾ ഒക്കയും കൊണ്ടുവന്നു തിരുമുമ്പിൽ വെച്ചു സംഖ്യയും ബോധിപ്പിച്ച് നല്ലൊരു പൊഴുതിൽ ആ ധനം കല്ലറയിൽ വെച്ചടച്ചു യാത്ര ഉണർത്തിച്ചു. കപ്പൽ കയറി പോകയും ചെയ്തു. അങ്ങിനെ കാലം സ്വല്പം ചെന്നവാറെ, അവൻ സൂക്ഷിച്ച ദ്രവ്യം കൊണ്ടുപോവന്തക്കവണ്ണം വന്നു തിരുമുല്ക്കാഴ്ച വെച്ച് അവസ്ഥ ഉണർത്തിച്ചശേഷം, കല്ലറ തുറന്നു വെച്ച ദ്രവ്യം എടുത്തു തിരുമുമ്പിൽ കാണ്കെ സംഖ്യ ബോധിപ്പിച്ചു രണ്ടാക്കി പകുത്തു ഒരേടം രാജാവിന്നും ഒരേടം തനിക്കും എന്നു പറഞ്ഞപ്പോൾ, “നിന്റെ ദ്രവ്യം നീ തന്നെ കൊണ്ടുപോയി കൊൾക” എന്നരുളിച്ചെയ്തതു കേട്ടാറെ, “ഇത്ര നേരുള്ള രാജാവും സ്വരൂപവും ഉണ്ടായീല” എന്നവന്നു ബോധിച്ചു, “ഈ തുറയിൽനിന്നു കച്ചോടം ചെയ്വാന്തക്കവണ്ണം എനിക്ക് ഏകി തരികയും വെണം എന്നു മങ്ങാട്ടച്ചനോട് കേൾപ്പിച്ചപ്പോൾ അപ്രകാരം ഉണർത്തിച്ചു തിരുമനസ്സിൽ ബോധിച്ച്, അങ്ങിനെ തന്നെ എന്നു രാജാവും അരുളിച്ചെയ്തു. പിന്നെ തക്ഷന്മാരെ വരുത്തി, കടപ്പുറത്തു നഗരം കെട്ടുവാൻ കോവിലകത്തു നിന്നു മറി തീർത്തു, നൂൽ പിടിച്ചു അളന്നു സ്ഥാനം നോക്കി കുറ്റി തറച്ചു, നല്ലൊരു പൊഴുതിൽ കല്ലിട്ട് കെട്ടി, തൂൺനാട്ടി തെരു കെട്ടുകയും ചെയ്തു. ചെട്ടി അവിടെ ഇരുന്നു ദാനധർമ്മങ്ങളെ ചെയ്തു, ഓട്ടവൊഴുക്കവും കച്ചോടങ്ങളും തുടങ്ങി, അംബരേശൻ എന്നവന്നു പേർ. അവൻ കൊയിലകത്തു പണിചെയ്തതു അംബരേശൻ കെട്ട് എന്ന് ഇന്നും പറയുന്നു. നഗരം കെട്ടി തുടങ്ങിയ ഇടം ചെട്ടിത്തെരു. പലരും തെരുകെട്ടി വാണിഭം തുടങ്ങി, തുറമറക്കാരും മക്കത്തു കപ്പൽ വെപ്പിക്കയും ഓട്ടവൊഴുക്കവും കണക്കെഴുത്തും വരവും ശിലവും വഴിയും പിഴയും കച്ചോടലാഭങ്ങളും ഇതു പോലെ മറ്റൊരു നാടും നഗരവും കോയ്മയും ലോകത്തില്ല എന്നു പലരും പറയുന്നു. നഗരപ്പണിക്ക് ഊരാളികൾ പ്രധാനം. മുമ്പെ തൃച്ചമ്മരത്തു ഭഗവാനു കാലി കെട്ടിക്കറന്നു പാലും നെയ്യും കൊടുത്തു, ഗോപാലന്മാർ എന്ന ഞായം. കോലത്തിരി രാജാവ് അവരെ ദ്വേഷിക്കകൊണ്ട് അവിടെ ഇരിക്കരുതാഞ്ഞു, നാട്ടിൽനിന്നു വാങ്ങിപ്പോന്നു, പറപ്പു കോയിൽ അകത്തു വന്നു രാജാവെ കണ്ടിരുന്നു ദിവസവൃത്തികഴിപ്പാൻ ഓരൊ പ്രവൃത്തികൾ തുടങ്ങി ഇരിക്കും കാലത്തു, കോഴിക്കോട്ടു നഗരപ്പണി തുടങ്ങി; അന്നു കടപ്പുറത്തു ചുള്ളിക്കാടു വെട്ടി കോരുവാൻ ഇവരെ വരുത്തി, ഇങ്ങനെ നീളെ നടന്നു പണി എടുക്കും കാലത്തു കുന്നലകോനാതിരിയുടെ നിയോഗത്താൽ മങ്ങാട്ടച്ചൻ അവരെക്കൊണ്ടു, തളിയിൽ ഊരാളരായിരുന്ന ൬0 നമ്പിമാരെ വെട്ടിക്കൊല്ലിച്ചു വലിച്ചു നീക്കിക്കളയിച്ചു. അതിന്നു അവരുടെ ജന്മവും തറവാടും തളിയിൽ ഊരായ്മയും അവർക്കു കൊടുക്കയും ചെയ്തു. രാജാവ് പതിനായിരത്തിൽ കൂലിച്ചെകവും നടത്തി ഇരിക്കുന്നു.
Leave a Reply