മണിമഞ്ജുഷ (കാവ്യസമാഹാരം)
ദിവ്യദർശനം
ആഴിത്തിമിങ്ഗലത്തീൻ പഴമായ് വീഴ്ത്തി-
 യാദിത്യബിംബത്തെയന്നും ദൈവം.
 തൻതല പൊന്തിച്ചു നില്പായി കൂരിരു-
 ട്ടന്തകനേറിന പോത്തുപോലെ.
 മങ്ങിന വെണ്മതിക്കീറിനാൽ പാഴ്നിലാ-
 വങ്ങിങ്ങൊരല്പാല്പമല്ലുതിർത്തു,
 രോഷത്തിൻ മൂർച്ഛയിൽ ദംഷ്ട്രയാൽ താൻതൂകും
 ഹാസത്തിന്നങ്കുരമെന്നപോലെ.
 മിന്നാമിനുങ്ങുകൾ മുറ്റത്തിൽച്ചാഞ്ചാടി
 മിന്നിയും മങ്ങിയും മാറി മാറി,
 ജന്മവും മൃത്യുവുമെന്തെന്നു ലോകത്തെ-
 ത്തന്മയരീതിയിൽക്കാട്ടിക്കാട്ടി.
 വ്യാത്തമാം സുപ്തിതൻവക്ത്രത്തിന്നേതുമി-
 ല്ലാൾത്തരമബ്ഭൂതം സർവഭക്ഷം;
 പാരിടം നിർജ്ജീവപ്രായമായ് തീർന്നുപോയ്
 മാരിയാമായതിൽ ഛായതട്ടി.
അത്തരമുള്ളോരു രാത്രിയിൽ ഞാനുമെൻ
 മെത്തയെ പ്രാപിച്ചേൻ വീതോന്മേഷം;
ജാലകമാർഗ്ഗമായ് നോക്കിനേൻ ചുറ്റിലു–
 മാലേഖ്യരൂപത്തിൽ വാച്ച ലോകം
 കണ്മിഴി ചിമ്മിപ്പോയ് കാറ്റിന്നും; മൂളില
 മർമ്മരമുമ്മരനന്മരങ്ങൾ.
 ചീവീടും ശബ്ദിച്ചീ,ലോർപ്പോളം ഭീമമി —
 ദ്ദൈവികസ്തംഭനസമ്പ്രദായം.
 ഇക്കയമാളുവതേതൊരു കാളിയ – –
 നിശ്ശാന്തമേതൊരു രൌദ്രദൂതൻ ?
 പ്രാകൃതമാകുമീ മൌനവ്രതത്തിന്നു
 പാരണയാവതുമേതു ശാപം?
III
 ആക്കേൾക്കും ശബ്ദമെന്താസന്നമൃത്യുവി – –
 ന്നാക്രന്ദനംപോലെ ദീനദീനം?
 ആ മട്ടിൽ താഡിപ്പൂ സാഗരം ഘോരയാം
 താമസീദേവിതൻ ജൈത്രഭേരി !
 രഞ്ജിപ്പൂ ശബ്ദമൊന്നെന്നരികത്തുമെൻ
 നെഞ്ഞിടി മാറ്റൊലിക്കൊണ്ടപോലെ ;
 മൽഘടികാരത്തിൻ ഗൌളിച്ചൊല്ലാണതു ;
 ടിക് ടിക്കോ , ധിക്ധിക്കോ തിട്ടമില്ല..
ഉറ്റു ഞാൻ വീണ്ടുമതെന്തെന്നു നോക്കവേ
 മുറ്റുമെൻ മുന്നിലൊരുത്തമയാൾ
 എന്നുൾത്തടംവിട്ടു നില്ക്കയായ്; ഹാ ഹന്ത! ഞാ –
 നന്നിൽപ്പു കണ്ടൊ-ന്നു ഞെട്ടിപ്പോയി !
 വക്ത്രാബ്ജം താഴ്ത്തിയും ബാഷ്പനീർ വീഴ്ത്തിയും
 തപ്തമായ് ദീർഘമായ് നിശ്വസിച്ചും
 തൻവലം കൈകൊണ്ടു പൂങ്കവിൾതാങ്ങിയും ,
 താമ്രാധരത്തിങ്കൽ പല്ലണച്ചും ,
 കൺമുനനഞ്ഞണിക്കൂരമ്പിടയ്ക്കിട –
 യ്ക്കെൻ മർമ്മമോരോന്നു നോക്കിയെയ്തും,
 ഏതവൾ നഷ്ടയാം വാസരലക്ഷ്മിതൻ
 പ്രേതത്തിൻ മട്ടിൽ വന്നങ്ങു നില്പോൾ?

Leave a Reply