തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിത സംരംഭകത്വ പുരസ്‌കാരം മൂന്ന് പേര്‍ക്ക്.ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 7 ന് രാജ്യാന്തര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാന്‍ഡ് ആയ താമര ലെഷര്‍ എക്‌സ്പീരിയന്‍സിന്റെ സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമാണു ശ്രുതി.
വസ്ത്ര ഫാഷന്‍ രംഗത്തുള്ള പ്രാണ എന്ന സ്ഥാപനത്തിന്റെ ഉടമയായ പൂര്‍ണിമ, പ്രളയസമയത്തു നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദ് ലൂം’ എന്ന കൂട്ടായ്മയും രൂപീകരിച്ചു. 1986 ല്‍ ഒരു തയ്യല്‍ മെഷീനും തയ്യല്‍ക്കാരനുമായി ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ രംഗത്തെത്തിയ ഷീല ‘സെറീന ഡിസൈനര്‍ വെയര്‍’ എന്ന സ്ഥാപനത്തിലേക്കു വളര്‍ന്നു. പ്രളയസമയത്ത് ഇവര്‍ നെയ്ത്തുകാരെ സഹായിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു.