സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
അങ്ങയിലാണല്ലോ ഞങ്ങള്‍തന്‍ ജീവിതം
ആദിയും അന്ത്യവും അങ്ങില്‍ തന്നെ
ഈ ലോക യാത്ര നടത്തുമീ ഞങ്ങളെ
നിത്യവും കാക്കുന്നതങ്ങുതന്നെ
നിത്യസൗഭാഗ്യ വാഗ്ദാനമീ ഞങ്ങള്‍ക്കു
ധൈര്യം പകര്‍ന്നുതരുന്നുവല്ലോ
ക്രിസ്തുവാം നാഥനെ മൃത്യുവരിച്ചോരില്‍
നിന്നുമുയര്‍പ്പിച്ച ജ്ഞാനരൂപം
ഞങ്ങള്‍ക്കു പെസഹാ കൊണ്ടാടുവാനുള്ള
ഭാഗ്യം ലഭിക്കുമെന്നാശിക്കുന്നു
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ