രക്ഷാകര ചരിത്രം

ആണ്ടുവട്ടത്തിലെ ഞായറാഴ്ചകളില്‍ ഉപയോഗിക്കുന്നത്

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ക്രിസ്തുവാം നാഥന്റെ പുണ്യജനനത്താല്‍
മര്‍ത്ത്യര്‍ക്കു നവ്യമാം ജീവനേകി

പീഡ സഹിച്ചു ദയാമയന്‍ ഞങ്ങള്‍ തന്‍
പാപങ്ങളെല്ലാം പരിഹരിച്ചു

ഉത്ഥാനത്താലങ്ങു നിത്യമാമായുസ്‌സില്‍
എത്തുവാനുള്ള വഴി തെളിച്ചു

സ്വര്‍ഗ്ഗത്തിലേറിയവിടുന്നു ഞങ്ങള്‍ക്കു
സ്വര്‍ഗ്ഗകവാടം തുറന്നു തന്നു.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)