സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍ പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍ പിതാവേ
താതനാം ദൈവമേ നിന്തിരു സൂനുവും
പാവനാത്മാവുമായൊന്നു ചേര്‍ന്ന്
ഏകനാമങ്ങളില്‍ ഏറ്റമുറപ്പോടെ
വിശ്വസിച്ചീടുന്നു ഭക്തിപൂര്‍വ്വം
അങ്ങനെ സത്യവും നിത്യദൈവത്വവും
ആളത്തമാര്‍ന്ന വ്യത്യസ്തതയും
സത്തയില്‍ ഏകത ശക്തിയാല്‍ തുല്യത
എന്നിവയെ ഞങ്ങള്‍ വാഴ്ത്തീടുന്നു
താതനാം ദൈവമേ നിന്തിരു സൂനുവും
പാവനാത്മാവോടും കൂടവെ താന്‍
അങ്ങേക ദൈവവും ഏകനാം നാഥനും
സൃഷ്ടികള്‍ക്കേവമാം കാരണവും
താവക ഏകത്വം ആളത്തത്തിലല്ല
ത്രിതൈ്വക ഭാവത്തിലുള്ളതത്രെ
നിന്‍ വെളിപാടിനാല്‍ ഞങ്ങളറിഞ്ഞതാം
അന്തമില്ലാത്തതാം നിന്‍ മഹിമ
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ